-->
ലണ്ടന്‍: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ കാനഡയുടെ വിക്‌ടര്‍ ലായൊണു ലക്ഷ്യ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-16, 18-21, 21-15. കടുത്ത പോരാട്ടത്തിലായിരുന്നു ഇന്ത്യന്‍ യുവ താരത്തിന്റെ ജയം. ഒരു മണിക്കൂര്‍ 37 മിനിറ്റിലാണു മത്സരം അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണു ലോക 16-ാം നമ്പര്‍ കൂടിയായ വിക്‌ടര്‍ ലായ്. 2022 ലാണ് ലക്ഷ്യ ആദ്യമായി ഓള്‍ ഇംഗ്ലണ്ട് ബാഡ്‌മിന്റണ്‍ ഫൈനലില്‍ കളിച്ചത്. അന്നു റണ്ണര്‍ അപ്പായി. ഇന്നു നടക്കുന്ന ഫൈനലില്‍ ചൈനീസ് തായ്‌പേയുടെ ലിന്‍ ചുന്‍ യിയാണു ലക്ഷ്യയെ നേരിടുക. ലോക രണ്ടാം നമ്പര്‍ തായ്‌ലന്‍ഡിന്റെ കുന്‍ലാവത് വിറ്റിസാണിനെയാണു ലിന്‍ ചുന്‍ യി സെമിയില്‍ തോല്‍പ്പിച്ചത്. വെള്ളിയാഴ്‌ച വൈകി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സെന്‍ ചൈനയുടെ ലോക ആറാം നമ്പര്‍ ലി ഷി ഫെംഗിനെ അട്ടിമറിച്ചിരുന്നു. ലോക 12-ാം റാങ്കുകാരനായ ലക്ഷ്യ ഒന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഷി യു ക്വിയെയും അട്ടിമറിച്ചു.