Wednesday, March 11, 2026 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.43 PM

ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട്‌ ഇന്ത്യയിറങ്ങുന്നു

uploads/news/2026/03/829024/sp1.jpg

അഹമ്മദാബാദ്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട്‌ ഇന്ത്യയിറങ്ങുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട്‌ ഏഴ്‌ മുതല്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ്‌ എതിരാളികള്‍.
ഇന്ത്യ ട്വന്റി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമാകാന്‍ മോഹിക്കുമ്പോള്‍ കിട്ടാക്കനിയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യ നാലുവട്ടം ട്വന്റി20 ഫൈനലില്‍ കളിച്ചു. രണ്ടാം തവണയാണു ന്യൂസിലന്‍ഡ്‌ ഫൈനലില്‍ കളിക്കുന്നത്‌. ചെമ്മണ്ണും കരിമണ്ണും കലര്‍ത്തിയുണ്ടാക്കിയ പിച്ചിലാണു മത്സരം. കഴിഞ്ഞ ഐ.പി.എല്‍. ക്രിക്കറ്റ്‌ ഫൈനലും ഇതേ പിച്ചിലായിരുന്നു. ഈ പിച്ചില്‍ കളിച്ച എട്ട്‌ മത്സരങ്ങളിലും അഞ്ചിലും പിന്തുടര്‍ന്നവരാണു ജയിച്ചത്‌. അതുകൊണ്ടു തന്നെ ടോസ്‌ നേടുന്നവര്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്‌താലും അദ്‌ഭുതപ്പെടേണ്ട.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇവിടെ നടന്ന ഐ.പി.എല്‍. ഫൈനലില്‍ 190 റണ്‍ പ്രതിരോധിച്ചാണു കിരീടം നേടിയതെന്നത്‌ അപവാദം. മറ്റൊരു മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സ് 243 എടുത്തെങ്കിലും 11 റണ്ണിനു മാത്രമാണു ജയിച്ചത്‌. ഈ ലോകകപ്പിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കാനഡയെ അനായാസം തോല്‍പ്പിച്ചിരുന്നു. അവര്‍ തന്നെ വെസ്‌റ്റിന്‍ഡീസിനെ പിന്തുടര്‍ന്നു തോല്‍പ്പിക്കുകയും ചെയ്‌തു.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഫൈനലിനു പുറത്തിറക്കിയ 1.35 ലക്ഷം ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. മൊട്ടേരയിലും അഹമ്മദാബാദിലുമുള്ള വിവിധ ആഡംബര ഹോട്ടലുകളിലായി 6000 മുറികളാണു ബുക്കായത്‌. ഫൈനല്‍ കാണാനായി അഹമ്മദാബാദിലേക്ക്‌ 80 സ്വകാര്യ ജെറ്റുകള്‍ പറന്നിറങ്ങും. പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ഫൈനല്‍ പ്രമാണിച്ച്‌ ഓടുന്നുണ്ട്‌്.
2019 മുതല്‍ നടന്ന ഐ.സി.സി. ടൂര്‍ണമെന്റ നോക്കൗട്ടുകളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും രണ്ട്‌ മത്സരങ്ങള്‍ വീതം ജയിച്ച്‌ ഒപ്പമാണ്‌. ന്യൂസിലന്‍ഡ്‌ 2019 ലെ ഏകദിന സെമി ഫൈനലും 2021 ലെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ്‌ കിരീടവും നേടി. 2023 ലെ സെമി ഫൈനലിലും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലും ഇന്ത്യയാണു ജയിച്ചത്‌. അതിനു മുമ്പ്‌ ഇന്ത്യയെ തോല്‍പ്പിച്ചാണ്‌ ന്യൂസിലന്‍ഡ്‌ 2000 ത്തിലെ ചാമ്പ്യന്‍സ്‌ ട്രോഫി ജേതാക്കളായത്‌. ന്യൂസിലന്‍ഡിന്‌ ഒരു ലോകകപ്പിലും (ഏകദിന/ട്വന്റി20) കിരീടം നേടാനായില്ല. 2019 ലെ ഏകദിന ലോകകപ്പിലും 2021 ലെ ട്വന്റി20 ഫൈനലിലും അവര്‍ റണ്ണര്‍ അപ്പായി. 2023 ഏകദിന ലോകകപ്പില്‍ കളിച്ച അതേ പിച്ചിലല്ല മത്സരമില്ലെന്നത്‌ ഇന്ത്യന്‍ ആരാധകര്‍ക്ക്‌ ആശ്വാസമാണ്‌. ഓസ്‌ട്രേലിയയോടേറ്റ തോല്‍വി അവര്‍ക്ക്‌ ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല.

Ads by Google
Saturday 07 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW