Wednesday, March 11, 2026 Last Updated 34 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.42 PM

ആരെ തള്ളും കൊള്ളും

ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലില്‍ റണ്‍ വിട്ടുകൊടുത്തു ധാരാളിയായ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്‌ ഇന്ത്യയുടെ ചിന്താ വിഷയം.
സൂപ്പര്‍ എട്ട്‌ മുതല്‍ മികച്ച ബൗളിങ്‌ പുറത്തെടുത്ത വരുണിന്‌ ഇംഗ്ലണ്ടിനെതിരേയാണു പിഴച്ചത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌, പേസര്‍ മുഹമ്മദ്‌ സിറാജ്‌ എന്നിവരെയാണു കോച്ച്‌ ഗൗതം ഗംഭീര്‍ പകരം കളിപ്പിക്കാന്‍ ആലോചിക്കുന്നത്‌. ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും ഗംഭീര്‍ പരിഗണിച്ചേക്കാം. ടീം ഘടനയാണു ന്യൂസിലന്‍ഡിനെ അലട്ടുന്നത്‌.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രമാണ്‌ അവര്‍ കളിപ്പിച്ചത്‌. മൂന്ന്‌ ഓവറില്‍ 42 റണ്‍ വഴങ്ങിയ ജിമ്മി നീഷാം ഇന്നു കളിക്കുമെന്ന്‌ ഉറപ്പില്ല. നാല്‌ ഓവറില്‍ 29 റണ്ണിന്‌ രണ്ട്‌ വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ റാചിന്‍ രവീന്ദ്രയാണ്‌ ന്യൂസിലന്‍ഡിനെ രക്ഷപ്പെടുത്തിയത്‌.
ഫൈനലില്‍ ഭാഗ്യ പരീക്ഷണത്തിന്‌ അവര്‍ താല്‍പര്യപ്പെടാനിടയില്ല. മീഡിയം പേസര്‍മാര്‍ക്കു മുന്‍തൂക്കം ലഭിക്കുന്ന പിച്ചില്‍ ലെഗ്‌ സ്‌പിന്നര്‍ ഇഷ്‌ സോധിയെക്കാള്‍ ജേക്കബ്‌ ഡഫിയെയാണ്‌ ന്യൂസിലന്‍ഡ്‌ കളിപ്പിക്കാന്‍ താല്‍പര്യപ്പെടുക.
സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത്‌ ബുംറയാണ്‌ ന്യൂസിലന്‍ഡിന്റെ പേടി സ്വപ്‌നം. ഇംഗ്ലണ്ടിനെതിരേ നടന്ന സെമിയില്‍ ബുംറയെറിഞ്ഞ 18-ാം ഓവറാണു ഫലം നിര്‍ണയിച്ചത്‌. ബുംറയുടെ യോര്‍ക്കറുകള്‍ റണ്ണൊഴുക്കു നിയന്ത്രിച്ചതോടെയാണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌. 254 റണ്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട്‌ അവസാന അഞ്ച്‌ ഓവറില്‍ ലക്ഷ്യം 69 ആക്കിയിരുന്നു. ബുംറയുടെ രണ്ട്‌ ഓവറില്‍ 14 റണ്‍ മാത്രമാണു പിറന്നത്‌. ബുംറ മികവ്‌ തുടര്‍ന്നാല്‍ ന്യൂസിലന്‍ഡ്‌ വിയര്‍ക്കും. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിന്‌ ഈ ലോകകപ്പ്‌ അത്ര മെച്ചമല്ല. ശ്രീലങ്കയില്‍ നടന്ന ഗ്രൂപ്പ്‌ മത്സരങ്ങളില്‍ മിച്ചലിന്‌ ബാറ്റ്‌ ചെയ്യേണ്ടി വന്നില്ല. സൂപ്പര്‍ എട്ട്‌ മത്സരങ്ങളില്‍ തിളങ്ങാനുമായില്ല. ജനുവരിയില്‍ ഇന്ത്യക്കെതിരേ ഏകദിന പരമ്പര നേടാന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചത്‌ മിച്ചലിന്റെ പ്രകടനമാണ്‌. ബുംറയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള ബാറ്ററുമാണ്‌ മിച്ചല്‍.
ട്വന്റി20 യില്‍ ഇന്ത്യയുടെ കുതിപ്പ്‌ ഗംഭീരമാണ്‌. 2023 ഓഗസ്‌റ്റിലാണ്‌ അവര്‍ അവസാനം ട്വന്റി20 പരമ്പര കൈവിടുന്നത്‌. കഴിഞ്ഞ ലോകകപ്പ്‌ കിരീടം നേടിയ ശേഷം ഇന്ത്യ അപൂര്‍വമായാണു തോറ്റത്‌. അഭിഷേക്‌ ശര്‍മ, തിലക്‌ വര്‍മ, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങള്‍ 2024 ലെ ലോകകപ്പിനു ശേഷമാണു ടീമിലെത്തിയത്‌. ശുഭ്‌മന്‍ ഗില്‍, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ക്കു ട്വന്റി20 ടീമിലിടമില്ലാതായി. ഇഷാന്‍ കിഷന്റെയും മലയാളി താരം സഞ്‌ജു സാംസണിന്റെയും മിന്നും ഫോം തുടര്‍ച്ചയുമായി. ഇംഗ്ലണ്ടിനെതിരേ സെമിയിലും വെസ്‌റ്റിന്‍ഡീസിനെതിരേ സൂപ്പര്‍ എട്ടിലും അര്‍ധ സെഞ്ചുറികളുമായി ടീമിനെ രക്ഷിക്കാന്‍ സഞ്‌ജുവിനായി.
കഴിഞ്ഞ ലോകകപ്പില്‍ അവസരം ലഭിക്കാതെ ഗാലറിയിലിരുന്ന്‌ കളികണ്ട അതേ സഞ്‌ജുവാണ്‌ ഇന്ത്യയെ സെമിയിലേക്കും ഫൈനലിലേക്കും വഴി തെളിച്ചത്‌. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലും സെമിയിലും സഞ്‌ജുവിന്റെ കരിയറിലെത്തന്നെ മികച്ച ഇന്നിങ്‌സുകളാണു പിറന്നത്‌. ഒരു ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച താരവും സഞ്‌ജു തന്നെ. ഈ ലോകകപ്പില്‍ 16 സിക്‌സുകളാണ്‌ സഞ്‌ജുവിന്റെ പേരിലുള്ളത്‌. 2024 ലോകകപ്പില്‍ 15 സിക്‌സറുകള്‍ കുറിച്ച മുന്‍ നായകന്‍ രോഹിത്‌ ശര്‍മ രണ്ടാമതും 15 സിക്‌സറുകളുമായി ശിവം ദുബെയും തൊട്ടടുത്ത സ്‌ഥാനങ്ങളിലുണ്ട്‌. ഇഷാന്‍ കിഷനും ഹാര്‍ദിക്‌ പാണ്ഡ്യയും 14 വീതം സിക്‌സറുകളടിച്ചു. സഞ്‌ജു എല്ലാ മത്സരങ്ങളിലും ഇറങ്ങാതെയാണ്‌ ഈ നേട്ടം കൊയ്‌തത്‌.

Ads by Google
Saturday 07 Mar 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW