Wednesday, March 11, 2026 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Saturday 07 Mar 2026 11.37 PM

കഴക്കൂട്ടം ത്രികോണത്തിലേക്ക്‌: കടകംപള്ളിയും മുരളീധരനും ഉറപ്പിച്ചു, ശക്‌തനായ സ്‌ഥാനാര്‍ഥിയേ തേടി കോണ്‍ഗ്രസ്‌, വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ ശ്രമം

നിലവിലെ എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും നേര്‍ക്കുനേര്‍ എത്തുന്ന മണ്ഡലത്തില്‍ വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം ശക്‌തമാകുന്നു.
uploads/news/2026/03/829008/V.-Muralidfharan-Kadakampal.jpg

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ രാഷ്‌ട്രീയപോരാട്ടം കൂടുതല്‍ കടുക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ ശക്‌തനായ സ്‌ഥാനാര്‍ഥിയെ ഇറക്കാനുള്ള നീക്കത്തിലാണ്‌. സി.പി.എം. നേതാവും മുന്‍മന്ത്രിയും നിലവിലെ എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും നേര്‍ക്കുനേര്‍ എത്തുന്ന മണ്ഡലത്തില്‍ മുന്‍ മന്ത്രിയും നിയമസഭാ സ്‌പീക്കറുമായ വി.എം. സുധീരനെ മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം ശക്‌തമാകുന്നു.

നിലവില്‍ സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രന്‍ 2007 മുതല്‍ 2016 വരെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാര്‍ട്ടിയിലും സംസ്‌ഥാന രാഷ്‌ട്രീയത്തിലും ദീര്‍ഘകാല സംഘടനാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ നേതാവാണ്‌ അദ്ദേഹം.

മറുവശത്ത്‌, ബി.ജെ.പി നേതാവായ വി. മുരളീധരന്‍ കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ എട്ടാമത്തെ സംസ്‌ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭാംഗമായിരുന്ന അദ്ദേഹം 2019 മേയ്‌ 30ന്‌ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ദേശീയരാഷ്‌ട്രീയത്തിലും സജീവ സാന്നിധ്യമായി.

മുന്‍ തെരഞ്ഞെടുപ്പില്‍ ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്‌ധന്‍ ഡോ. എസ്‌.എസ്‌. ലാലിനെയാണ്‌ കോണ്‍ഗ്രസ്‌ മത്സരിപ്പിച്ചത്‌. എന്നാല്‍ അദ്ദേഹം മൂന്നാം സ്‌ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതും യു.ഡി.എഫിന്‌ തിരിച്ചടിയാണ്‌. ഇതോടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്‌തമായ സ്‌ഥാനാര്‍ഥി വേണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ഉയരുകയാണ്‌.

ഇതിനിടെയാണ്‌ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയും മുന്‍ നിയമസഭാ സ്‌പീക്കറുമായ വി.എം. സുധീരനെ കഴക്കൂട്ടത്ത്‌ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശക്‌തമാകുന്നത്‌. ആദര്‍ശ രാഷ്‌ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായും ദീര്‍ഘകാലം നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കഴക്കൂട്ടത്തു മത്സരിക്കണമെന്ന ആവശ്യവുമായി മുസ്ലം ലീഗ്‌ നേതാക്കള്‍ സുധീരനെ സമീപിച്ചതായാണ്‌ വിവരം. ലീഗ്‌ നേതൃത്വവുമായി ആത്മബന്ധം പുലര്‍ത്തുന്ന നേതാവാണ്‌ സുധീരന്‍. യു.ഡി.എഫ്‌ അധികാരത്തിലെത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുധീരന്‍ മത്സരരംഗത്ത്‌ എത്തണമെന്ന്‌ മറ്റ്‌ ഘടകകക്ഷികളും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.

സുനില്‍ ജെ. സണ്ണി

Ads by Google
Ads by Google
LATEST NEWS
TRENDING NOW