-->
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ മെഗാ അദാലത്തും വികസന സംഗമവും നടത്തി ഇടത് കോട്ടയെ വിറപ്പിച്ച് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആയിരങ്ങള്‍ നിവേദനവുമായെത്തിയതോടെ പൊളിഞ്ഞത്, സ്‌ഥലം എം.എല്‍.എ. കൂടിയായ പിണറായി വിജയന്റെ വികസന അവകാശ വാദം. റോഡ് വികസനവും കുടിവെള്ള പ്രശ്‌നവുമടക്കം അടിസ്‌ഥാന ആവശ്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നിവേദനങ്ങള്‍ മുതല്‍ അഭ്യസ്‌തവിദ്യരായ യുവതിയുവാക്കളുടെ സംരംഭകത്വ മോഹങ്ങള്‍ വരെ പ്രതിഫലിക്കുന്നതായിരുന്നു വികസന സംഗമത്തിലെത്തിയവരുടെ പ്രതികരണം. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന ധര്‍മ്മടത്തെ പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്തും വികസന സംഗമവും പൂര്‍ത്തീകരിച്ചത്.
കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്‌ഥാന കേന്ദ്ര നേതാക്കളും അദാലത്തില്‍ പങ്കാളികളായി. സ്‌ഥലം എം.എല്‍.എയാണെങ്കിലും മുഖ്യമന്ത്രിയോട് അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ ഭയമാണെന്നും ഇത്തരമൊരു സംഗമം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദാലത്തിനെത്തിയവര്‍ പ്രതികരിച്ചു. പല കേന്ദ്രാവിഷ്‌കൃത പദ്ധതികളോടും സംസ്‌ഥാന സര്‍ക്കാര്‍ മുഖം തിരിക്കവേ അവയൊക്കെയും സാധാരണക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സാധ്യത തേടല്‍ കൂടിയായി വികസന സംഗമം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിചയപ്പെടുത്താനും യോജിച്ചവ തെരഞ്ഞെടുത്ത് പ്രയോജനപ്പെടുത്താനും മെഗാ അദാലത്തില്‍ വിപുലമായ സജീകരണങ്ങളാണ് ഏര്‍പ്പെത്തിയത്. ഇരുപത് സ്‌റ്റാളുകളായിരുന്നു വികസന സംഗമത്തില്‍ സജീകരിച്ചത്. മെഗാ അദാലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനുള്ള സജീകരണങ്ങളും സജ്‌ജമാക്കിയിരുന്നു.
റമദാന്‍ കാലമായിട്ടു പോലും കനത്ത ചൂടിനെ അവഗണിച്ച് മുസ്ലിം വനിതകള്‍ അടക്കമുള്ളവരും അദാലത്തില്‍ കൂട്ടമായെത്തി. മനസ് തുറന്ന് പരാതികളും ആവശ്യങ്ങളും പങ്കുവെയ്‌ക്കാന്‍ പറ്റുന്ന നേതാവിനെയാണ് രാജീവ് ചന്ദ്രശേഖറില്‍ കണ്ടതെന്ന് അദാലത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുഖത്ത് ഗൗരവമണിഞ്ഞ്, പണിമുടക്കിയാല്‍ മൈക്കിനോട് പോലും രൂക്ഷമായി പ്രതികരിക്കുന്ന സ്‌ഥലം എം.എല്‍.എയോട് അകലം പാലിച്ചാണ് നാട്ടുകാരുടെ നടപ്പ്.
എന്നാല്‍ രാഷ്‌ട്രീയം മാറ്റിവെച്ച് അദാലത്തിനെത്തിയവരാകട്ടെ നിമിഷങ്ങള്‍ കൊണ്ട് രാജീവ് ചന്ദ്രശേഖറുമായി സൗഹാര്‍ദത്തിലായി. ഈയൊരു സൗഹാര്‍ദ അന്തരീക്ഷമാണ് സംസ്‌ഥാനത്ത് ആഗ്രഹിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യാതൊരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്താതെ ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് യു.ഡി.എഫും എല്‍.ഡി.എഫും സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇറാന്‍, സിറിയ, ഗാസ എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്‌ടിക്കാന്‍ വിവാദമുണ്ടാക്കും.
നേമത്തേയും പറവൂരിലേയും ധര്‍മ്മടത്തേയുമടക്കം എം.എല്‍.എമാരെ വോട്ട് ചെയ്‌ത് വിജയിപ്പിച്ചത് അതത് മണ്‌ഡലങ്ങളിലെ ജനങ്ങളാണ്;അല്ലാതെ ഇറാനിലെ ആള്‍ക്കാരല്ല. ധര്‍മ്മടത്തെ എം.എല്‍.എ. മുഖ്യമന്ത്രിയായിട്ടു പോലും അവിടെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് അദാലത്തില്‍ പരാതിയും നിവേദനവുമായെത്തിയത് 5000 പേരാണ്. നേമത്താണെങ്കില്‍ എം.എല്‍.എ. ചെയ്യാത്ത കാര്യങ്ങള്‍ എഴുതിത്തരാന്‍ പറഞ്ഞപ്പോള്‍ നേമത്തുകാര്‍ എഴുതി തന്നത് പത്തു പന്ത്രണ്ട് പേജുകളിലാണ്. അതു വായിക്കാന്‍ തുടങ്ങിയാല്‍ തന്നെ ഒന്നൊര മണിക്കൂര്‍ പോകും. സംസ്‌ഥാനത്തെ എം.എല്‍.എ.മാരെല്ലാം ചേര്‍ന്ന് കേരളത്തെ കുറ്റകരമായ അനാസ്‌ഥയുടെ ഹബ്ബായി മാറ്റിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ധര്‍മ്മടത്ത് നടന്ന അദാലത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി.ജെ. ഷാജിയും സഹായം തേടിയെത്തി. ലോണെടുത്ത് ഗ്യാസ് ഏജന്‍സി തുടങ്ങാന്‍ ശ്രമിച്ചിട്ടും അധികൃത സമീപനം തടസമായതോടെ, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വപ്‌നപദ്ധതി നടക്കാതെ പോയതിന്റെ വേദന ഷാജി ചടങ്ങില്‍ വിവരിച്ചു. അദാലത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് ഉറപ്പുനല്‍കി.
ലഭിച്ച നിവേദനങ്ങള്‍ സസൂഷ്‌മം പഠിച്ചു പരാതികള്‍ ക്ഷമയോടെ കേട്ടും രാജീവ് ചന്ദ്രശേഖര്‍ ധര്‍മ്മത്തുകാരുടെ മനം കവര്‍ന്നാണ് മടങ്ങിയത്. സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരമാണ്, മുഖ്യമന്ത്രിയുടെ മണ്‌ഡലമായ ധര്‍മ്മടത്ത് നടന്ന വികസന സംഗമത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം പ്രതിപക്ഷ നേതാവിന്റെ മണ്‌ഡലത്തിലും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ മെഗാ അദാലത്തും വികസന സംഗമവും നടത്തിയിരുന്നു. 2021 ല്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്ത സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയെക്കുറിച്ചോര്‍ത്തായിരുന്നു നേമത്തുകാരുടെ പ്രധാന പരാതി. സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട ഈ ആശുപത്രിയുടെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ ഇനിയും സാധിക്കാത്തത് സ്‌ഥലം എം.എല്‍.എ.യുടെ അനാസ്‌ഥകൊണ്ടെന്ന് അദാലത്തിനെത്തിയവര്‍ ചൂണ്ടിക്കാട്ടി.
രൂക്ഷമായ കടലാക്രമണത്തില്‍ വീടുകള്‍ നശിച്ചൊടുങ്ങുന്നതിന്റെ ദുരിതം കാലങ്ങളായി പേറുന്നവരാണ് നേമത്തെ തീരവാസികളെങ്കിലും എം.എല്‍.എ. ചെറുവിരലനക്കിയില്ലെന്നാണ് പരാതി. 2018 നിര്‍മാണം തുടങ്ങിയ നേമത്തെ രജിേ്രസ്‌ടഷന്‍ കോംപ്‌ളക്‌സ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇനിയും പൂര്‍ത്തിയായില്ല. തിരുവല്ലം അമ്പലത്തിന്റെ അടിസ്‌ഥാന സൗകര്യ വികസനം കടലാസിലൊതുങ്ങി.
ആറ്റുകാല്‍ ടൗണ്‍ഷിപ്പിന്റെ കാര്യത്തില്‍ വാഗ്‌ദാനം ആവര്‍ത്തിക്കപ്പെടുന്നുവല്ലാതെ ഒന്നും നടന്നില്ല. എല്ലാം ശരിയാക്കാമെന്നും പറഞ്ഞ് എം.എല്‍.എ. ആയ നേതാവ് നേമത്ത് അടിസ്‌ഥാന സൗകര്യ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇവിടെ അദാലത്തിനെത്തിയവര്‍ പരാതിപ്പെട്ടു.