-->
മുസ്ലിംലീഗിന്റെ തട്ടമായ മലപ്പുറം ജില്ലയില്‍ ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിച്ച വന്‍ മുന്നേറ്റമാണ് ഇതിനു കാരണം. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെ മുഴുവന്‍ സീറ്റുകളും നേടിയാണ് യു.ഡി.എഫ്. ചരിത്രമെഴുതിയത്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വിജയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മുക്കാല്‍ ഭാഗവും യു.ഡി.എഫിന്റെ കൈകളിലാണ്. മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിച്ചതിനാല്‍തന്നെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍പോലും പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതിയല്ല, നിയമസഭാ തെരഞ്ഞെടുപ്പിലെന്ന വാദമാണ് എല്‍.ഡി.എഫ്. ഉന്നയിക്കുന്നത്‌്. സീറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണു എല്‍.ഡി.എഫ്. അതോടൊപ്പം ലീഗ് കോട്ടകളില്‍ പൊതുസ്വതന്ത്രരെ ഇറക്കി അട്ടിമറിക്കുള്ള ശ്രമങ്ങളും നടന്നുവരുന്നു.
പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഇത്തവണയും ഇടതുമുന്നണിക്ക് മേല്‍ക്കൈ നേടാനുള്ള സാഹചര്യങ്ങളൊന്നും നിലവിലില്ല. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ട് താനും. ജില്ലയില്‍ ശക്‌തമായ രാഷ്‌ട്രീയ അടിത്തറയുള്ള ലീഗിന്റെ ചിറകിലേറി വന്‍ മുന്നേറ്റം നടത്താനാണു കോണ്‍ഗസ് ലക്ഷ്യംവയ്‌ക്കുന്നത്‌്. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടി വരും. രാഷ്‌ട്രീയ വോട്ടുകളെമാത്രം ആശ്രയിച്ച് സീറ്റുകള്‍ വിജയിക്കുകയെന്നത് ഇടതുമുന്നണിക്ക് സാധ്യമുള്ള കാര്യമല്ല. പൊതുസമ്മതരായ സ്‌ഥാനാര്‍ഥികളെ കണ്ടെത്തി വിജയിപ്പിക്കുകയെന്ന കാലങ്ങളായുള്ള തന്ത്രത്തില്‍ മാത്രമാണു ഇത്തവണയും എല്‍.ഡി.എഫിന്റെ പ്രതീക്ഷ. മുസ്ലിം സമുദായ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി ചെറിയ നേട്ടം കൊയ്ാനും സി.പി.എമ്മിന് കഴിഞ്ഞേക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം വലത്തോട്ട് ചാഞ്ഞപ്പോള്‍ ഇടതിന് കാര്യമായി പരുക്കേല്‍ക്കാത്തത് പൊന്നാനിയില്‍ മാത്രമാണ്. നിയമസഭാ മണ്ഡല പരിധിയില്‍ 1,612 വോട്ടിന്റെ ഭൂരിപക്ഷമേ യു.ഡി.എഫിനുള്ളൂ. രാഷ്‌ട്രീയ അനുകൂല സാഹചര്യത്തിനൊപ്പം പൊന്നാനിയിലെ സി.പി.എമ്മിനുള്ളിലെ അസ്വാരസ്യങ്ങളും സിറ്റിങ് എം.എല്‍.എയ്‌ക്കെതിരായ വികാരവും കൂടിയാവുന്നതോടെ 5,000ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് പൊന്നാനി പിടിച്ചെടുക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പൊന്നാനിയില്‍ പ്രാദേശികമായി വേരുള്ള സ്‌ഥാനാര്‍ഥയെ മത്സിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. കെ.പി. നൗഷാദ് അലി, സിദ്ദീഖ് പന്താവൂര്‍ എന്നിവര്‍ സാധ്യതാ ലിസ്‌റ്റിലുണ്ട്.
സംസ്‌ഥാനത്ത്‌തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമാണ് പലപ്പോഴും ലീഗ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് മലപ്പുറത്തുനിന്നു ലഭിക്കാറുള്ളത്. ജില്ലയില്‍ ആകെയുള്ള 16 മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 എണ്ണത്തിലും യു.ഡിഎഫ്. വിജയിച്ചു. ഇതില്‍ 11 എണ്ണവും ലീഗിന്റെ വിജയമായിരുന്നു. കൊണ്ടോട്ടി, എറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്‌ക്കല്‍ മണ്ഡലങ്ങളില്‍ ലീഗ് സ്‌ഥാനാര്‍ഥികളാണ് വിജയിച്ചത്. വണ്ടൂരില്‍ കോണ്‍ഗ്രസ് വിജയം നേടി. ഇടതുമുന്നണിക്ക് ലഭിച്ചത് നിലമ്പൂര്‍, താനൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളാണ്. ഇതില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്‌തു. ഇതോടെ ഇടതുപക്ഷത്തിന്റെ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഈ സീറ്റുകളെല്ലാം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ്.
മലപ്പുറത്തെ യു.ഡി.എഫ്. കോട്ടകളില്‍ പൊതു സ്വതന്ത്രരെ പരീക്ഷിച്ച് വിജയിച്ച പാരമ്പര്യമുള്ള എല്‍.ഡി.എഫിന് താനൂരില്‍നിന്നു വി. അബ്‌ദുറഹിമാന്‍, തവനൂരില്‍നിന്നു കെ.ടി. ജലീല്‍, നിലമ്പൂരില്‍നിന്നു പി.വി. അന്‍വര്‍ എന്നിവര്‍ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസ് രാഷ്‌ട്രീയ പശ്‌ചാത്തലമുള്ള പി.വി. അന്‍വറിനെ കഴിഞ്ഞ തവണ നിലമ്പൂരില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്‌തികേന്ദ്രമായിരുന്ന ഇവിടെ വിള്ളലുണ്ടാക്കാന്‍ അന്‍വറിന് കഴിഞ്ഞു. എന്നാല്‍, അന്‍വര്‍ പിന്നീട് കടുത്ത സി.പി.എം. വിമര്‍ശകനായി മാറുകയും എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു. ഇതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്താണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ ആശയങ്ങളോട് പൂര്‍ണമായും യോജിക്കാത്ത സ്‌ഥാനാര്‍ഥിത്വം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കിയിട്ടുണ്ട്.
കെ.ടി. ജലീലിന്റെ തവനൂരിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഭരണവും ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ട്. മണ്ഡല രൂപീകരണ ശേഷം 2021ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ കെ.ടി. ജലീലിനെതിരേ മുന്‍ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് 6,854 വോട്ടിനാണ് പരാജയപ്പെട്ടത്. ലീഗ് അണികള്‍ക്കിടയില്‍ അടക്കം കൂടുതല്‍ സ്വീകാര്യനായിരുന്നു അന്ന് കെ.ടി. ജലീല്‍. 2016ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. ഇഫ്‌ത്തിഖാറുദ്ദീന്‍ മത്സരിച്ചപ്പോള്‍ 17,064 വോട്ടിനായിരുന്നു ജലീലിന്റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിച്ചപ്പോള്‍ 2,185 വോട്ടിന് കിതച്ചാണ് ജലീല്‍ വിജയിച്ചുകയറിയത്. വീണ്ടും ജലീലെങ്കില്‍ നാലാം മത്സരമാവും. ഇക്കാര്യത്തിലെ സി.പി.എം. അണികള്‍ക്കിടയിലെ അസംതൃപ്‌തിയും കോണ്‍ഗ്രസ് മുന്നില്‍കാണുന്നുണ്ട്. തവനൂരില്‍ സംസ്‌ഥാനതല നേതാവിനെ മത്സരിപ്പിക്കണമെന്നും നിലവിലെ അനുകൂല രാഷ്‌ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നുമുള്ള അഭിപ്രായം കോണ്‍ഗ്രസിനുള്ളില്‍ ശക്‌തമാണ്. സന്ദീപ് വാര്യരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. ഇതിന് ജില്ലയിലെ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
പൊന്നാനി മണ്ഡലംമാത്രമാണ് സി.പി.എമ്മിന്റെ കോട്ടയായി തുടരുന്നത്. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൊന്നാനി മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്താനായത് അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സമുദായ വോട്ടുകളെ ആശ്രയിക്കാതെ ഇരുമുന്നണികള്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. മുസ്ലിം ലീഗിന്റെ പിന്‍ബലം എക്കാലത്തും സുന്നി വോട്ടുകളാണ്. സുന്നി സംഘടനയില്‍ ഭിന്നിപ്പുണ്ടായതിനുശേഷം എ.പി. വിഭാഗം ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണു പരസ്യമായല്ലെങ്കിലും പൊതുവെ സ്വീകരിച്ചുവരുന്നത്. എന്നാല്‍, സ്‌ഥാനാര്‍ഥികളെ നോക്കി ചിലയിടങ്ങളില്‍ ഇത് യു.ഡി.എഫിനും ഗുണംചെയ്ാറുണ്ട്. മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയും മുസ്ലിം ലീഗിന് ലഭിക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി യു.ഡി.എഫിനൊപ്പം നിന്നു. ഈ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കണക്കുകൂട്ടല്‍.
മുസ്ലിം സമുദായത്തിനുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ള ചെയ്‌ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന എസ്.ഐ.ആര്‍. വിഷയം മുതല്‍ പൗരത്വ പ്രശ്‌നം വരെ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരും. എ.പി. വിഭാഗം സുന്നി വോട്ടുകള്‍ അനുകൂലമാക്കുന്നതിനുള്ള ശ്രമങ്ങള്‍ മേല്‍തട്ടില്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലിം വോട്ടര്‍മാര്‍ക്ക് കൂടി സമ്മതരായ പൊതുസ്‌ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇത്തവണയും ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകും. പൊതുവെ വോട്ടുകള്‍ കുറവുള്ള പി.ഡി.പിയുടെ പിന്തുണയാണു പരസ്യമായി എല്‍.ഡി.എഫിനു ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഏറെ വൈകാതെ തന്നെ സ്വന്തം സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണ് മുസ്ലിം ലീഗിന്റെ രീതി. ഇതിനായി അവര്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടിക വരാനൊന്നും കാത്തുനില്‍ക്കാറില്ല. ഇത്തവണ ആരെല്ലാം സ്‌ഥാനാര്‍ഥികളാകണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ലീഗില്‍ സജീവമാണ്. പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങളില്‍നിന്നുകൂടി അഭിപ്രായം സ്വീകരിച്ചശേഷം മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ മാറ്റി നിര്‍ത്താതെ, യുവനേതാക്കള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്ന പട്ടികയാകും ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുക. ഇത്തവണ ഒന്നിലധികം വനിതാ പ്രതിനിധ്യത്തിനും സാധ്യതയുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് ഒട്ടേറെ പുതുമുഖങ്ങളെ മുസ്ലിം ലീഗ് സ്‌ഥാനാര്‍ത്ഥികളാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായി മികവ് തെളിയിച്ചവര്‍ ഇത്തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെടും. ഇത്തവണ മുസ്ലിം ലീഗിന് ഒരു വനിതാ എം.എല്‍.എ. ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു ഉറച്ച സീറ്റില്‍ വനിതാ സ്‌ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടാണ് പരിഗണനാ ലിസ്‌റ്റീല്‍ മുന്നില്‍.
കോണ്‍ഗ്രസിന് നിലവില്‍ വിജയസാധ്യതയുള്ള സീറ്റ് നിലമ്പൂരും വണ്ടൂരുമാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതോടെ യു.ഡിഎഫിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇത്തവണ നിലമ്പൂര്‍ നഗരസഭയിലും യു.ഡി.എഫിന് വിജയിക്കാനായി. ആര്യാടന്‍ ഷൗക്കത്ത് തന്നെ വീണ്ടും സ്‌ഥാനാര്‍ഥിയാകും. വണ്ടൂരില്‍ എ.പി. അനില്‍ കുമാറാണ് നിലവില്‍ എം.എല്‍.എ. സംവരണ മണ്ഡലമായ ഇവിടെ അനില്‍കുമാര്‍തന്നെ തുടരും.
ഇടതുമുന്നണിക്ക് വേണ്ടി പൊന്നാനിയില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. കെ. സക്കീറും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എം. ഷെഫീഖ്, കലിമുദ്ദീന്‍ എന്നിവരുമാണു പരിഗണനയില്‍. സിറ്റിങ് എം.എല്‍.എ: പി. നന്ദകുമാര്‍ മല്‍സരിക്കില്ല. താനൂരില്‍ വി. അബ്‌്ദുറഹ്‌മാന്‍ തന്നെ രംഗത്തുണ്ടാകും. തവനൂരില്‍ കെ.ടി. ജലീലിനെ മാറ്റി നിര്‍ത്തി വിജയം നേടാന്‍ ഇടതുമുന്നണിക്ക് കഴിയണമെന്നില്ല. നിലമ്പൂരില്‍ ഇത്തവണ മികച്ച സ്‌ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ സി.പി.എം. ശ്രമിക്കും. പൊതുസമ്മതരായ സ്‌ഥാനാര്‍ഥികളെ സ്വതന്ത്രന്‍മാരായി മല്‍സരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇത്തവണയും ഇടതുപക്ഷം നടത്തുന്നുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ എല്‍.ഡി.എഫ്. സ്വതന്ത്രസ്‌ഥാനാര്‍ഥിയായി ലീഗ് വിമതനായ സബാഹ് കുണ്ടുപുഴക്കലിനെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരേ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ സജീവമായ സബാഹിന് ഇവിടെ ഏറെ ബന്ധങ്ങളുമുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.