Saturday, March 14, 2026 Last Updated 21 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.43 AM

'പട്ടിയെപ്പോലെ വണ്ടിയിടിപ്പിച്ച്‌ കൊന്നു' ഒളിവിലായിരുന്ന പ്രതി പിടിയില്‍

uploads/news/2026/03/828904/1.jpg

വാഗമണ്‍/അങ്കമാലി: അങ്കമാലിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യ പ്രതി കോട്ടയം അതിരമ്പുഴ പണ്ടാരക്കുളം ഡോ. സിറിയക്‌ പി. ജോര്‍ജ്‌ (27) വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്നും പിടിയില്‍. ഫെബ്രുവരി 28ന്‌ അങ്കമാലി ടെല്‍ക്ക്‌ ജങ്‌ഷനു സമീപത്ത്‌ സിറിയക്കിന്റെ കാറിടിച്ച്‌ വൈപ്പിന്‍ എടവനക്കാട്‌ കളത്തിപ്പറമ്പില്‍ ജസ്ലിയ ജോണ്‍സണ്‍ മരണമടഞ്ഞിരുന്നു. അങ്കമാലി മോണിങ്‌ സ്‌റ്റാര്‍ ഹോം സയന്‍സ്‌ വിദ്യാര്‍ഥിനിയായിരുന്നു. പാര്‍ട്‌ ടൈം ജോലി കഴിഞ്ഞ്‌ കോളജ്‌ ഹോസ്‌റ്റിലേക്ക്‌ പോകുന്ന വഴിയില്‍ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന റിസോര്‍ട്ട്‌ ഉടമയ്‌ക്ക് സംശയം തോന്നുകയും വിവരം പോലീസിന്‌ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ ഷാഡോ പോലീസ്‌ നടത്തിയ നിരീക്ഷണത്തിലാണ്‌ പ്രതി തന്നെയെന്ന്‌ ഉറപ്പിച്ചത്‌. മീശയും താടിയും വടിച്ച്‌ വേഷം മാറിയാണ്‌ പ്രതി വാഗമണ്‍ കണ്ണംകുളം ഭാഗത്തുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നത്‌.
പോലീസ്‌ സ്‌ഥലത്തെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. കേസില്‍ സിറിയക്കിന്റെ പിതാവ്‌ അതിരമ്പുഴ സ്വദേശി ജോര്‍ജ്‌ തോമസിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതിയായ സിറിയക്കിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ്‌ ജോര്‍ജിനെ അറസ്‌റ്റ് ചെയ്‌തത്‌. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്‌ക്കാണ്‌ കേസെടുത്തിട്ടുള്ളത്‌.അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ച്‌ പോകുകയായിരുന്നു.
അപകടമുണ്ടാക്കിയ കാര്‍ ആലപ്പുഴ തുറവൂരില്‍നിന്നു കണ്ടെത്തിയിട്ടും ഇത്‌ ഓടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചാലാക്ക മെഡിക്കല്‍ കോളജില്‍നിന്ന്‌ എം.ബി.ബി.എസ്‌ പാസായ ശേഷം അവിടെ ഹൗസ്‌ സര്‍ജന്‍സി ചെയ്യുകയായിരുന്നു സിറിയക്‌. വാഗമണ്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രതിയെ അങ്കമാലി പോലീസിന്‌ കൈമാറി.
അറസ്‌റ്റ് വാര്‍ത്ത ആശ്വാസമായെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ഥനയേ ഉള്ളുവെന്നും ജസ്ലിയയുടെ മാതാപിതാക്കള്‍. 'അപകടശേഷം കടന്നുകളയാതെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ക്ക്‌ ഇത്രയും വിഷമവും രോഷവും ഉണ്ടാകുമായിരുന്നില്ല. ഇനി നിയമത്തിന്റെ പഴുതടച്ചു പ്രതിക്കു പരമാവധി ശിക്ഷ കിട്ടുന്നതിനുള്ള നടപടി പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം. മകളെ പട്ടിയെപ്പോലെ വണ്ടിയിടിച്ചു കൊല്ലുകയായിരുന്നു. മകളെ ഒന്ന്‌ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അയാളോട്‌ ക്ഷമിക്കാമായിരുന്നു. പക്ഷേ, ജീവന്‍ കൊടുക്കേണ്ടയാള്‍തന്നെ കുട്ടിയെ അവിടെ വിട്ടിട്ടുപോയി. എത്രത്തോളം വേദന അവള്‍ സഹിച്ചു. അവളുടെ തെറ്റുകൊണ്ടല്ല അപകടം ഉണ്ടായതെന്ന്‌ അപകടം നടന്ന അന്നുതന്നെ നൂറ്‌ ശതമാനം ഉറപ്പുണ്ടായിരുന്നു'- അവര്‍ പറഞ്ഞു.

Ads by Google
Saturday 07 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW