-->
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരവുമായ അര്‍ജുന്‍ തെണ്ടുല്‍ക്കറും സാനിയ ചന്ദോക്കും വിവാഹിതരായി.
മുംബൈയിലെ സെന്റ് റെജീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും രാജ്യത്തെ ക്രിക്കറ്റ്, ബോളിവുഡ്, രാഷ്ര്‌ടീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ തിരക്കുകള്‍ മാറ്റിവച്ച് ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറും കുടുംബവും ചടങ്ങിനെത്തി. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുമ്പ് ചില താരങ്ങളും വിവാഹ ആഘോഷങ്ങള്‍ക്കെത്തി. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ അതേ ഹോട്ടലിലാണു താമസിക്കുന്നത്. അര്‍ജുന്റെ സഹോദരി സാറയുടെ അടുത്ത സുഹൃത്താണ് സാനിയ ചന്ദോക്ക്. ഗ്രാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി ഘായിയുടെ കൊച്ചു മകളാണ് സാനിയ. ഇന്ത്യയുടെ മുന്‍ നായകന്‍മാരായ എം.എസ്.ധോണി, രാഹുല്‍ ദ്രാവിഡ്, ഓഫ് സ്‌പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന എന്നിവര്‍ കുടുംബ സമേതം വിവാഹത്തിനെത്തി.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്‌ഷായും ഹോട്ടലിലെത്തി. ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന ഖാന്‍, നടന്‍ അഭിഷേക് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യാ റായി തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആഘോഷങ്ങളുടെ ഭാഗമായി.