-->
ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലത്തില്‍ എഐ മായാജാലങ്ങളിലൂടെ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിറയുന്ന അത്ഭുതങ്ങള്‍ക്ക് ഒരു അതിരില്ല. എഐയിലൂടെ ചില ചിത്രങ്ങളും വീഡിയോകളുമൊക്കെ ചിലര്‍ ദുരുപയോഗം ചെയ്യാറുണ്ടെങ്കിലും അതിന്റെ കൗതുകരമായ, രസകരമായ, പോസിറ്റീവായ വശങ്ങളും പങ്കുവയ്ക്കുന്നവരും കുറവല്ല. മലയാളസിനിമയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും താരങ്ങളെയും അവരുടെ എവര്‍ഗ്രീന്‍ സിനിമകളിലെ രംഗങ്ങളുമൊക്കെ പുനരാവിഷ്കരിക്കുന്ന എഐ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.
ഇപ്പോഴിതാ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സൃഷ്ടിച്ച ഒരു പുത്തന്‍ എഐ വീഡിയോയാണ് സൈബറിടത്ത് വൈറലായി മാറുന്നത്. മലയാളികളുടെ മനസ്സു കീഴടക്കിയ മണ്മറഞ്ഞ സിനിമാ താരങ്ങളെ ഒരിക്കല്‍ക്കൂടി വളരെ രസകരമായി അവതരിപ്പിക്കുകയാണ് ഈ എഐ വീഡിയോ. മലയാള സിനിമാപ്രേക്ഷകരെ വിട്ടുപിരിഞ്ഞ ചലച്ചിത്ര താരങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്ന ദൃശ്യങ്ങളാണ് എഐ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുന്നത്.
കവിയൂർ പൊന്നമ്മ, സുകുമാരി, കെപിഎസി ലളിത, കല്പന, മോനിഷ, ഫിലോമിന എന്നിവരെല്ലാം ഈ വീഡിയോയിലെത്തുന്നുണ്ട്. നിറഞ്ഞ ചിരിയോടെ ഭക്തിയോടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കുകയാണ് താരങ്ങള്‍. ‘‘ഓർമ്മകളിലെ പൊങ്കാല...’’ എന്ന ക്യാപ്ഷന്‍ നല്‍കി കനവുകഥ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. വീഡിയോയ്ക്ക് താഴെ ഹൃദയം കവരുന്ന കമന്റുകളും പലരും കുറിക്കുന്നുണ്ട്. ഹൃദയസ്പർശിയായ ധാരളം കമന്റുകളും ആരാധകർ പോസറ്റില്‍ കുറിച്ചിട്ടുണ്ട്. ‘മോനിഷയെ കണ്ടപ്പോൾ എന്തോ ഒരു വിഷമം, ഇങ്ങനെ എങ്കിലും ഇവരെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, കണ്ടപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞ റീല്‍, ഒരു തലമുറയല്ലേ മണ്മറഞ്ഞു പോയത്...’ എന്നിവയടക്കമാണ് കമന്റുകള്‍.