-->
നൃത്തരൂപങ്ങളിലൂടെയും ബാലെകളിലൂടെയും മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരികരംഗത്ത് സാന്നിധ്യമറിയിച്ച കലാകാരനായ അരവിന്ദാക്ഷ മേനോന്റെ പ്രതിഭാശാലിയായ പേരക്കുട്ടി എന്ന മേല്‍വിലാസത്തില്‍നിന്ന് വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു ശാലു മേനോന്‍. യുവജനോത്സവവേദികളില്‍ നിന്ന് ബിഗ്സ്‌ക്രീനിലേക്കും മിനി സ്‌ക്രീനിലേക്കും എത്തിയ ശാലു മേനോന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു. ഒരുപാട് സീരിയലുകളിലും സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ താരം നല്‍കി.
അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങി നിന്ന താരം അഭിനയത്തിനൊപ്പം നൃത്തവും നൃത്താധ്യാപനവും തുടര്‍ന്നു കൊണ്ടിരുന്നു. കലാരംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്താണ് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ 2013 ൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ശാലു മേനോന്‍ അറസ്റ്റിലായത്. എന്നാല്‍ ആ പ്രതിസന്ധികളില്‍ തളരാതെ കലയുടെ ലോകത്ത് സജീവമായി നില്‍ക്കുകയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ സോളാർ കേസില്‍ ജയിലിലായ നാളുകള്‍ ഓർത്തെടുക്കുകയാണ് ശാലു മേനോൻ. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ എന്തെങ്കിലും പറയുമോ എന്നോർത്തു പേടിച്ചിരുന്നുവെന്നും എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും ശാലു പറഞ്ഞു. ജയിലില്‍ എന്നും പ്രാർത്ഥനയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണെന്നും താരം പറഞ്ഞു.
‘‘അന്ന് അമ്മയും അമ്മൂമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ. എനിക്ക് ഏറ്റവും സപ്പോർട്ട് ചെയ്ത് നിന്നത് അമ്മയും അമ്മൂമ്മയും എന്റെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു. അത്രയും ദിവസങ്ങൾ അവർ എന്റെ വീട്ടിൽ വന്ന് അമ്മയെ കാണുമായിരുന്നു. അമ്മ എന്നെ കാണാൻ വരുമ്പോൾ ഇത് പറയുമ്പോൾ എനിക്ക് സമാധാനമായിരുന്നു. അവരെല്ലാവരോടും ഞാൻ പറഞ്ഞത് ഒരു കാരണവശാലും എന്നെ കാണാൻ വരരുതെന്നാണ്. കാരണം ഇവർ വരാനിരിക്കുകയായിരുന്നു. അതൊക്കെ നമുക്ക് ചിലപ്പോൾ താങ്ങാൻ പറ്റില്ല.
അമ്മയിൽ നിന്ന് മാറി ഞാൻ നിന്നിരുന്നില്ല. എന്താകുമെന്ന പേടി അതിനാൽ അവർക്കുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പേടിക്കേണ്ട കാര്യമില്ല. അവിടെ ചെന്നിട്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറച്ച് ദിവസം കഴിഞ്ഞ് മാറാൻ തുടങ്ങി. ബോൾഡായി. ജയിലിൽ നിന്ന് വന്ന് നേരെ ക്ലാസെടുക്കാനാണ് പോയത്. ആ സംഭവത്തിന് ശേഷമാണ് നൃത്തത്തിൽ സജീവമായത്.
എന്തെങ്കിലും ചോദിക്കുമോ ആൾക്കാർ കമന്റ് ചെയ്യുമോ എന്നെല്ലാമുള്ള പേടി ജയിലിലായപ്പോൾ ഉണ്ടായിരുന്നു. ദെെവത്തിന്റെ ശക്തിയെന്ന് പറയാം. തിരിച്ച് വന്നപ്പോൾ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്ത് കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകൾ വന്നിട്ടില്ല. അതിന് ശേഷം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. മോശം കമന്റുകളുമുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്.
ജയിലിൽ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ജയിലിൽ എന്നും പ്രാർത്ഥനയുണ്ടാകും. പള്ളിയിൽ നിന്ന് ക്രിസ്ത്യൻസ് വരും. അതിന് ഞാൻ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ. വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യൻ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാർത്ഥനകൾ പഠിച്ചു. അവിടെ ഒരു അച്ചന്‍ പ്രാര്‍ത്ഥിക്കാന്‍ വരുമായിരുന്നു, ഞാനവിടുന്ന് പോകാന്‍ നേരം അച്ചന്‍ എനിക്കൊരു ബൈബിള്‍ തന്നു, അതിന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്...’’ ശാലു മേനോന്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. 2013 ലാണ് സോളാർ കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ശാലു അറസ്റ്റിലായത്. 49 ദിവസം ശാലു മേനോന്‍ ജയിലിലായിരുന്നു. വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത സെെബർ ആക്രമണം ശാലു മേനോൻ നേരിട്ടുണ്ട്. എന്നാല്‍ നൃത്തവേദികളിലും മറ്റുമായി താരമിപ്പോള്‍ സജീവമാണ്.
എന്നാല്‍ സീരിയലുകളിലേക്ക് ഞാന്‍ തിരിച്ചെത്തിയപ്പോൾ സഹപ്രവർത്തകരിൽ പലരും തന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങനെയുള്ളവരെ ആരെങ്കിലും സീരിയലുകളിലേക്ക് എടുക്കുമോ എന്ന് കൂടെ വര്‍ക്കു ചെയ്യുന്ന പലരും ചോദിച്ചതായി അറിഞ്ഞിട്ടുണ്ടെന്നും ശാലു പറയുന്നു. എന്നിട്ട് തന്നെക്കാണുമ്പോള്‍ ചിരിച്ചും കാണിച്ചിട്ടുണ്ടെന്നും അതൊക്കെ മാനസികമായി വലിയ ബുദ്ധിമുട്ടും സങ്കടവുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നും ശാലു മേനോന്‍ പറയുന്നു.