-->
വടക്കനാട് (വയനാട്): കാട്ടാനയെ തുരത്താന്‍ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവാ(40)ണു മരിച്ചത്. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും തകര്‍ന്നതായി പോസ്‌റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ആന്തരിക രക്‌തസ്രാവവുമുണ്ടായി.
രജീവിനെ കാട്ടാന തുമ്പിക്കൈയില്‍ എടുത്തുയര്‍ത്തി നിലത്ത് അടിച്ചതാകാമെന്നാണു പ്രാഥമിക വിലയിരുത്തല്‍. രാത്രി കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞു തുരത്താന്‍ പോയതായിരുന്നു രജീവ്.
ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് നിലത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഭാഗത്ത് കാട്ടാനകളുടെ നിരന്തര ശല്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്തിറങ്ങിയ ആനയെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു. രജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ജോലിയും നല്‍കും.
ആദ്യഗഡു ധനസഹായമായി ആറു ലക്ഷവും സംസ്‌കാരച്ചടങ്ങിനായി 20,000 രൂപയും നല്‍കും. പ്രദേശത്തു കാവല്‍ ശക്‌തമാക്കാനും തീരുമാനിച്ചു. അവിവാഹിതനായ രജീവിന്റെ പിതാവ്: കുഞ്ഞന്‍ ചെട്ടി. മാതാവ്: കാര്‍ത്യായനി. സഹോദരങ്ങള്‍: സജീവ്, അജീവ്.