-->
തിരുവനന്തപുരം: മലയാള ഭാഷാ ബില്ലില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പുവെച്ചു. ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്. കേരളത്തിന്റെ സാംസ്‌കാരിക വ്യക്‌തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും ഉയര്‍ത്തുന്ന ബില്ലില്‍ ഒപ്പുവയ്‌ക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഗവര്‍ണറോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. മലയാളത്തിന്റെ പ്രാധാന്യം കൂടുതല്‍ ഉയര്‍ത്താനും ഭാഷയുടെ പ്രചാരം വ്യാപിപ്പിക്കാനും ഈ ബില്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുതലമുറയ്‌ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്‌തമാക്കാനും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴപ്പെടുത്താനും ബില്‍ വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തല്‍. അതേസമയം പ്രഥമ ഭാഷ മലയാളമാക്കുമ്പോള്‍ മറ്റ് ഭാഷകളെ അവഗണിക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. ഇംഗ്‌ളീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ യുവാക്കളുടെ ഭാവി പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന സംവിധാനം ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശക്‌തമായ വിവര്‍ത്തന സംവിധാനം, ആവശ്യമായിടത്ത് ബഹുഭാഷാ പിന്തുണ, അതിര്‍ത്തി ജില്ലകള്‍ക്കായി പ്രത്യേക വ്യവസ്‌ഥകള്‍ എന്നിവ ഉറപ്പാക്കി ബില്‍ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. സര്‍ക്കാര്‍ ഉത്തരവുകള്‍, ഔദ്യോഗിക രേഖകള്‍, പൊതുസേവനങ്ങള്‍ എന്നിവ മലയാളത്തില്‍ ലഭ്യമാകുമ്പോള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ വ്യക്‌തവും സുതാര്യവും ഫലപ്രദവുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.