-->
കൊച്ചി: സഭാതര്‍ക്ക സമവായ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍വച്ച് സഭാ തലവന്‍മാരെ കാണാന്‍ കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 നു കേരളത്തില്‍ വരുമ്പോള്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണു വിവരം.
മലങ്കര സഭാ തര്‍ക്കത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഇടപെടാന്‍ തയാറാണെന്നു പ്രധാനമന്ത്രി ഡല്‍ഹിയില്‍ പാത്രിയര്‍ക്കീസ് ബാവയുമായുള്ള കൂടിക്കാഴ്‌ചയില്‍ വ്യക്‌തമാക്കിയിരുന്നു. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്‌ചയില്‍ ഒപ്പമുണ്ടായിരുന്നു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായാണു കേരളത്തില്‍ വച്ചുതന്നെ ഇരു സഭാതലവന്മാരുമായുള്ള കൂടിക്കാഴ്‌ച.
ഇതര സഭകളുടെ തലവന്മാരുമായും കൂടിക്കാഴ്‌ച ബി.ജെ.പി. നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് മുന്‍കൈയെടുത്താണു ഇരുസഭകളുമായി ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചത്. മലങ്കരസഭ ഒന്നാണെന്നും 1934 ലെ സഭാ ഭരണഘടനയും കോടതി വിധികളും പ്രകാരം യാക്കോബായ സഭയിലുള്ളവരെ സ്വീകരിക്കാന്‍ തയാറാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബി.ജെ.പി. നേതൃത്വത്തേയും സാബു എം. ജേക്കബിനെയും നിലപാട് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ഇരുപക്ഷത്തിന്റെയും അന്തസ് മാനിച്ചുള്ള സമവായത്തിനു തയാറാണെന്നാണു യാക്കോബായ സഭാ നേതൃത്വത്തിന്റെ നിലപാട്. സഭകള്‍ തമ്മിലുള്ള ഐക്യം എന്നു പ്രധാനമന്ത്രി പറഞ്ഞതു ലയനമല്ല, ഐക്യത്തോടെ ഇരുസഭകളായി നിലനില്‍ക്കുക എന്നതാണെന്നും അവര്‍ പറയുന്നു. നൂറ്റാണ്ടു പിന്നിട്ട തര്‍ക്കം കോടതിക്കു പുറത്തുവച്ചു പരിഹരിക്കണമെന്നാണു പ്രധാനമന്ത്രിയുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഇരുസഭകളുടെ അധ്യക്ഷരെ ഒരുമേശയ്‌ക്കുചുറ്റും ഇരുത്തിയുള്ള ചര്‍ച്ചയ്‌ക്കു ബി.ജെ.പി. ശ്രമിക്കുന്നത്.
സഭാ തര്‍ക്കം ഇടതു - വലതു മുന്നണികള്‍ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും എന്നാല്‍, ഈ വിഷയം പരിഹരിക്കുന്നതില്‍ ബി.ജെ.പിക്കു രാഷ്‌ട്രീയ ലക്ഷ്യമൊന്നുമില്ലെന്നാണു സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്‌തമാക്കുന്നത്. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഇത്തരം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നതു മാത്രമാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജെബി പോള്‍