Wednesday, March 11, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.43 PM

'മാലാഖ'പ്പട്ടം ചാര്‍ത്തിയാല്‍ വയറു നിറയില്ല

uploads/news/2026/03/828472/ed.jpg

രോഗീപരിചരണത്തില്‍ പുലര്‍ത്തുന്ന സേവനസന്നദ്ധതയും അര്‍പ്പണവും കണക്കിലെടുത്താണു നഴ്‌സുമാരെ ഏതു വേദിയിലും 'ഭൂമിയിലെ മാലാഖമാര്‍' എന്നു വിശേഷിപ്പിക്കുന്നത്‌. അവര്‍ ചെയ്യുന്ന ജോലിയെ പുകഴ്‌ത്തുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും നഴ്‌സുമാരുടെ ജീവിത സാഹചര്യം പരിഗണിക്കാന്‍ പലരും തയാറാകാറില്ല. അതുകൊണ്ടാണ്‌ അടിസ്‌ഥാന ശമ്പള വര്‍ധന ആവശ്യപ്പെട്ടു സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കു സമരത്തിന്‌ ഇറങ്ങേണ്ടിവന്നത്‌.
ഈയൊരു 'മാലാഖ'പ്പട്ടം ചാര്‍ത്തിക്കൊടുത്താല്‍ അവരുടെയും കുടുംബത്തിന്റെയും വയറുനിറയില്ലെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. മാലാഖയായല്ല, മനുഷ്യരായി കണ്ടുള്ള പരിഗണനയ്‌ക്കുവേണ്ടിയാണു നഴ്‌സുമാര്‍ സമരം ചെയ്യുന്നത്‌. ഏഴു വര്‍ഷമായി സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധന ഉണ്ടായിട്ടില്ല. നിലവിലെ 20,000 രൂപയെന്ന അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കണമെന്നു യുണൈറ്റഡ്‌ നഴ്‌സിങ്‌ അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ സമരരംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു. 2023 ല്‍ യു.എന്‍.എ. നടത്തിയ സമരത്തെത്തുടര്‍ന്നു ശമ്പളം വര്‍ധിപ്പിക്കുമെന്ന്‌ ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.
തുല്യ ജോലിക്കു തുല്യ ശമ്പളം എന്ന കോടതി വിധിപോലും ലംഘിച്ചുള്ള മര്യാദകേടാണ്‌ ഈ മേഖലയില്‍ നടക്കുന്നത്‌. പണിക്കു കൂലിയില്ല. എന്നാല്‍ പണിക്കു കുറവുമില്ല എന്ന തരത്തിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. രോഗികളുടെ എണ്ണത്തിന്‌ ആനുപാതികമായി നഴ്‌സുമാരെ നിയമിക്കുന്ന ആശുപത്രികള്‍ ചുരുക്കമാണ്‌. ഫലമോ, അമിത ജോലിഭാരത്താല്‍ പലരും വിഷമിക്കേണ്ടിവരുന്നു. എട്ടു മണിക്കൂറിനു പകരം പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ പണിയെടുക്കേണ്ടിവരുന്നവരുടെ അമിതഭാരം ആരോടു പറയാന്‍. ഇതുമൂലം അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്കു പുറമേയാണ്‌ ശമ്പളക്കുറവിന്റെ പേരിലുള്ള കഷ്‌ടപ്പാടുകള്‍.
കൃത്യമായ ശിക്ഷണത്തിനുശേഷമാണ്‌ ഓരോ നഴ്‌സും ജോലിക്കു കയറുന്നത്‌. തികഞ്ഞ 'പ്രഫഷണല്‍' സമീപനം അര്‍ഹിക്കുന്ന ഇവരോടു മിക്ക മാനേജ്‌മെന്റുകളും അത്തരമൊരു നിലപാട്‌ പുലര്‍ത്താറുമില്ല.
സംസ്‌ഥാനത്ത്‌, സ്വകാര്യ മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റ്‌ ആശുപത്രികള്‍ വലിയ രീതിയിലുള്ള വളര്‍ച്ച നേടുകയും ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും പ്രതിസന്ധിയിലാകുകയും ചെയ്യുന്നതിന്റെ ചിത്രമാണ്‌ മുന്നിലുള്ളത്‌. ഇരുന്നൂറിനടുത്തു സ്വകാര്യ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ സംസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ഉപഭോക്‌താക്കളായി മാറുന്നത്‌ ഇക്കൂട്ടരാണ്‌. ഇത്തരം വന്‍കിട ആശുപത്രികളില്‍പ്പോലും നഴ്‌സുമാര്‍ക്കു കിട്ടുന്ന പരിഗണനയും ശമ്പളവും ചോദ്യംചെയ്യപ്പെടേണ്ടതുതന്നെ. വിദേശനിക്ഷേപം വര്‍ധിച്ചതോടെ ആരോഗ്യരംഗം കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന ബിസിനസ്‌ എന്ന രീതിയിലേക്കു മാറിയതായും വിലയിരുത്തലുണ്ട്‌.
ആരോഗ്യ മേഖലയിലെ 'കേരള മോഡല്‍' എന്ന പ്രശംസയ്‌ക്കും കീര്‍ത്തിക്കും മുഖ്യ കാരണക്കാര്‍ നഴ്‌സിങ്‌ സമൂഹമാണ്‌. കോവിഡ്‌, നിപ കാലഘട്ടങ്ങളില്‍ നഴ്‌സുമാര്‍ കാട്ടിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ആഗോളതലത്തില്‍പോലും ശ്രദ്ധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തു. രാജ്യത്തുമാത്രമല്ല, വിദേശരാജ്യങ്ങളിലെ ആരോഗ്യ മേഖലയിലും മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തനത്തിന്‌ ഏറെ അംഗീകാരമാണുള്ളത്‌. ഏകദേശം അഞ്ചു ലക്ഷത്തിലധികം മലയാളി നഴ്‌സുമാര്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു.
വിദേശത്തു ജോലിചെയ്യുന്നവര്‍ക്കു മികച്ച ശമ്പളവും പരിഗണനയും കിട്ടുമ്പോള്‍ നേരേ മറിച്ചാണു നാട്ടിലെ കാര്യങ്ങള്‍. കുറഞ്ഞ ശമ്പളം, അമിത ജോലി ഭാരം, അംഗീകാരമില്ലായ്‌മ എന്നിങ്ങനെ അവര്‍ നേരിടുന്ന വെല്ലുവിളികളെ കൃത്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ തിരിച്ചടി നേരിടേണ്ടിവരുക കേരളത്തിന്റെ ആരോഗ്യരംഗത്തിനാകും.

Ads by Google
Wednesday 04 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW