Wednesday, March 11, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.42 PM

കുതിപ്പു തുടരാന്‍ ഐക്യമുന്നണി; ഇടത്തോട്ടു പിടിക്കാന്‍ എല്‍.ഡി.എഫ്‌.

പതിനാല്‌ നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന എറണാകുളം ജില്ല ഐക്യമുന്നണിയുടെ ഉറച്ച കോട്ടയെന്നാണ്‌ വിലയിരുത്തല്‍. 2016ലും 2021ലും നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ്‌ എല്‍.ഡി.എഫിനും ഒന്‍പതു സീറ്റ്‌ യു.ഡി.എഫിനും ലഭിച്ചു. ആ രണ്ടുവട്ടവും എല്‍.ഡി.എഫ്‌. കേരളം ഭരിച്ചു. അതായത്‌ ഇടതു മുന്നേറ്റത്തിലും എറണാകുളം കോട്ട യു.ഡി.എഫ്‌. കൈവിടാതെ കാത്തുവെന്ന്‌ സാരം. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ മത്സരിക്കുന്ന പറവൂര്‍, മന്ത്രി പി. രാജീവിന്റെ സാന്നിധ്യംകൊണ്ട്‌ കളമശേരി, ട്വന്റി 20യുടെ ശക്‌തികേന്ദ്രമായ കുന്നത്തുനാട്‌, ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്ന തൃപ്പൂണിത്തു എന്നീ മണ്ഡലങ്ങളിലേക്കാണ്‌ കേരളം ഉറ്റുനോക്കുന്നത്‌.
2024 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ല ഉള്‍പ്പെടുന്ന ഇടുക്കി, ചാലക്കുടി, എറണാകുളം, കോട്ടയം ലോക്‌സഭാ മണ്ഡലങ്ങള്‍ യു.ഡി.എഫ്‌. വിജയിച്ചു. പിന്നാലെ വന്ന തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫ്‌. വമ്പന്‍ ജയം നേടി എറണാകുളത്തെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചു. 14ല്‍ വൈപ്പിനും കുന്നത്തുനാടും ഒഴികെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ്‌ വോട്ടു കൂടുതല്‍. കുന്നത്തുനാട്ടില്‍ ട്വന്റി 20യും.
മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്‌ എറണാകുളം ജില്ല. യു.ഡി.എഫ്‌. മധ്യകേരളത്തില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ 25 സീറ്റുകള്‍ ജയിക്കുക എന്നതാണ്‌. അതിലേക്ക്‌ ഗണ്യമായ സംഭവാന എറണാകുളം ജില്ലയില്‍നിന്നുണ്ടാകുമെന്നാണ്‌ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
സംസ്‌ഥാനത്ത്‌ ഇടതു തരംഗമുണ്ടായ സമയങ്ങളിലും യു.ഡി.എഫിനൊപ്പമായിരുന്നു ജില്ല. അപ്പോള്‍ വലതു തരംഗമുണ്ടായാല്‍ സീറ്റുകള്‍ തൂത്തുവാരാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ്‌ ക്യാമ്പില്‍ ഏറിയിട്ടുണ്ട്‌. എന്നാല്‍, നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും ഒന്നോ രണ്ടോ സീറ്റുകള്‍ അധികമായി പിടിക്കാനുമുള്ള തന്ത്രങ്ങള്‍ ആയിരിക്കും എല്‍.ഡി.എഫ്‌. പയറ്റുക.
അതേ സമയം, കഴിഞ്ഞുപോയ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഇടതുമുന്നണിക്ക്‌ ഒരു ദുസ്വപ്‌നമായിരുന്നു. കൈയിലിരുന്ന കോര്‍പറേഷനും ബഹുഭൂരിപക്ഷം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും നഗരസഭകളും ബേ്ലാക്ക്‌ പഞ്ചായത്തുകളിലും നഷ്‌ടമായി. കുഴപ്പങ്ങളൊന്നും കൂടാതെ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവച്ചിട്ടും കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫ്‌. തറപറ്റി. തദ്ദേശ സുനാമി ഏല്‍പ്പിച്ച ഞെട്ടല്‍ ഇടതു മുന്നണിയില്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കും ചെറുതല്ലാത്ത നേട്ടമുണ്ടാക്കാനുമായി. അവര്‍ തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയുടെ ഭരണം പിടിച്ച്‌ ഇടതു, വലതു ക്യാമ്പുകളെ അമ്പരപ്പിച്ചു. 21 സീറ്റുകളാണ്‌ അവര്‍ മുനിസിപ്പാലിറ്റിയില്‍ നേടിയത്‌. ഏറ്റവും പുതിയ നീക്കമായി എറണാകുളം ജില്ലയില്‍ നിര്‍ണായക സ്വാധീനമുള്ള ട്വന്റി 20 യെ ഘടകകക്ഷിയായി ചേര്‍ത്ത്‌ ഒരു പടികൂടി മുന്നോട്ടുവന്നിരിക്കുകയാണ്‌ എന്‍.ഡി.എ. കുന്നത്തുനാട്‌ നിയോജക മണ്ഡലത്തില്‍ ഒരു എന്‍.ഡി.എ. വിജയമാണ്‌ അവര്‍ സ്വപ്‌നം കാണുന്നത്‌്. അങ്ങനെ സംഭവിച്ചാല്‍ അത്‌ കേരള ചരിത്രത്തില്‍ത്തന്നെ വലിയ രാഷ്‌ട്രീയ സംഭവമാകും. തദ്ദേശ വോട്ടുകണക്കില്‍ എന്‍.ഡി.എ. മുന്നണിക്കാണു കുന്നത്തുനാട്‌ മണ്ഡലത്തില്‍ മുന്‍തൂക്കം. എന്‍.ഡി.എയ്‌ക്ക്‌ എറണാകുളം ജില്ലയില്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത്‌ കുന്നത്തുനാട്ടില്‍ മാത്രമാകാനാണ്‌ സാധ്യത. ട്വന്റി 20 ജില്ലയില്‍ ഏഴു സീറ്റിലെങ്കിലും എന്‍.ഡി.എ.ബാനറില്‍ മത്സരിക്കുമെന്നാണ്‌ സൂചന.
യു.ഡി.എഫ്‌. മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിനു കോതമംഗലം, ജേക്കബ്‌ വിഭാഗത്തിന്‌ പിറവം, മുസ്ലിം ലീഗിന്‌ കളമശേരി എന്നീ സീറ്റുകളാണ്‌ ഘടകകക്ഷികള്‍ക്കായി നല്‍കിയിട്ടുള്ളത്‌.
എല്‍.ഡി.എഫില്‍ സി.പി.ഐയ്‌ക്ക്‌ പറവൂരും മൂവാറ്റുപുഴയും, കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ പെരുമ്പാവൂരും പിറവവും ആണ്‌ കഴിഞ്ഞ തവണ നല്‍കിയത്‌. പെരുമ്പാവൂര്‍ സീറ്റ്‌ മാണി വിഭാഗത്തിന്‌ നല്‍കിയിട്ട്‌ കാര്യമില്ലെന്ന തിരിച്ചറിവ്‌ സി.പി.എമ്മിനുണ്ട്‌. മുമ്പ്‌ സി.പി.എം. മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു അത്‌. 2021ലാണ്‌ മാണി ഗ്രൂപ്പിന്‌ നല്‍കിയത്‌. പക്ഷേ, തോല്‍വിയായിരുന്നു ഫലം. പെരുമ്പാവൂര്‍ സീറ്റ്‌ മാണി ഗ്രൂപ്പില്‍നിന്ന്‌ എടുത്ത്‌ പകരം മറ്റൊരു സീറ്റ്‌ നല്‍കണമെന്ന നിലപാടും സി.പി.എമ്മിനുണ്ട്‌. അതുപോലെ പറവൂര്‍ സീറ്റ്‌ സി.പി.ഐയില്‍നിന്ന്‌ ഏറ്റെടുക്കണമെന്ന ശക്‌തമായ ആവശ്യം സി.പി.എം. ജില്ലാ നേതൃത്വം ഉയര്‍ത്തുന്നുണ്ട്‌.
സിറ്റിങ്‌ സീറ്റുകളില്‍ അതേ സ്‌ഥാനാര്‍ഥികളെയാകും യു.ഡി.എഫും എല്‍.ഡി.എഫും മത്സരിപ്പിക്കുക. തൃപ്പൂണിത്തുറ മണ്ഡലത്തിലെ സിറ്റിങ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ: കെ. ബാബു മത്സരിക്കാനില്ലെന്ന പ്രഖ്യാപിച്ചതോടെ ഈ സീറ്റിലേക്ക്‌ പുതിയ സ്‌ഥാനാര്‍ഥി രംഗത്തുവരുന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളില്‍ മാറ്റമുണ്ടാകാനിടയില്ല. മറ്റൊരു മാറ്റമുണ്ടാകുകയാണെങ്കില്‍ അത്‌ ലൈംഗിക ആരോപണ കേസുകളുള്ള പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ്‌ കുന്നപ്പിള്ളിക്കായിരിക്കും.
ജാതി മത സമവാക്യങ്ങള്‍ക്കൊപ്പം ചേര്‍ന്നുള്ള സഞ്ചാരമാകും എറണാകുളത്തും മുഖ്യപാര്‍ട്ടികളും നടത്തുക. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇതും പ്രധാന ഘടകമാകും. പൊതുവേ ക്രിസ്‌ത്യന്‍ സമൂഹത്തിന്‌ മേല്‍ക്കൈയുള്ള ജില്ലയാണ്‌ എറണാകുളം. ആലുവ മുസ്ലിം ഭൂരിപക്ഷ മേഖലയും പറവൂര്‍, വൈപ്പിന്‍, തൃപ്പൂണിത്തുറ മണ്ഡലങ്ങള്‍ ഹിന്ദു വോട്ടുകള്‍ കൂടുതലുള്ള മേഖലയുമാണ്‌. ജില്ലയിലെ മറ്റുമണ്ഡലങ്ങള്‍ വിവിധ ൈക്രസ്‌തവ വിഭാഗങ്ങളാണ്‌ ശക്‌തമായ വോട്ടുബാങ്ക്‌.

ബൈജു ഭാസി

Ads by Google
Wednesday 04 Mar 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW