-->
കേരളാ കോണ്‍ഗ്രസി(എം)ന്റെ ബലത്തില്‍ കഴിഞ്ഞ നിയമസഭ പോരാട്ടത്തില്‍ യു.ഡി.എഫ്. കോട്ടകള്‍ ഇളക്കിയ ഇടതുപക്ഷവും തദ്ദേശത്തിലെ ഫലത്തിന്റെ കരുത്തില്‍ ഇടതുപക്ഷത്തെ അപ്പാടെ തകര്‍ത്ത യു.ഡി.എഫും വോട്ട് വിഹിതത്തില്‍ ഉണ്ടായ വര്‍ധന നേട്ടമാക്കി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും.ഇറങ്ങുമ്പോള്‍ 2021ലേത് പോലെ ഒരു ഫലം കോട്ടയത്ത് ഇക്കുറി ആരും പ്രതീക്ഷിക്കുന്നില്ല.അഞ്ചു പതിറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു ഫലം കൂടിയാണു കോട്ടയത്തെ കാത്തിരിക്കുന്നത്‌്.
ജില്ലാ പഞ്ചായത്തടക്കം ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും കൈവിട്ടതൊക്കെ തദ്ദേശത്തില്‍ തിരിച്ചു പിടിക്കാനായത് തന്നെയാണ് യു.ഡി.എഫിന് കരുത്താകുന്നത്. കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനായി നിലവിലെ എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് എല്‍.ഡി.എഫിന്റെ തിരുമാനം. ഇതിനിടെയാണ് എ. ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലും പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ എ. ക്ലാസ് ആയി മാറാന്‍ സാധ്യതയുള്ള പാലായിലും പൂഞ്ഞാറിലുമൊക്കെ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാമെന്ന ആത്മവിശ്വസവുമായി ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അണിയറിയില്‍ ആരംഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യു.ഡി.എഫില്‍ കോണ്‍ഗ്രസ് അഞ്ച്, കേരളാ കോണ്‍ഗ്രസ് മൂന്ന്, മാണി സി. കാപ്പന്‍ വിഭാഗം ഒന്ന് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ സീറ്റ് വിഭജനം. എന്നാല്‍, ഇത്തവണ കേരളാ കോണ്‍ഗ്രസ് (എം) വിജയിച്ച ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ചങ്ങനാശേരി തരാന്‍ നിര്‍വാഹമില്ലെന്നു കേരളാ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സീറ്റ് നല്‍കണമെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റായ പൂഞ്ഞാര്‍ തങ്ങള്‍ക്കു നല്‍കണമെന്നാണു കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ തീരുമാനം ആയിട്ടില്ല. അവസാനം ഏറ്റുമാനൂര്‍ സീറ്റ് വിട്ടു നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വം തയാറാകുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. യു.ഡി.എഫില്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും പാലായില്‍ മാണി സി. കാപ്പനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.
എല്‍.ഡി.എഫില്‍ സി.പി.എം. മൂന്ന്, സി.പി.ഐ ഒന്ന്, കേരളാ കോണ്‍ഗ്രസ് (എം) അഞ്ച് എന്നിങ്ങനെയാണു കഴിഞ്ഞ തവണ മത്സരിച്ചത്‌്. ഇത്തവണയും ഇങ്ങനെ തന്നെയായിരിക്കും മത്സരിക്കുക. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് (എം) കഴിഞ്ഞ തവണ മത്സരിച്ചത്. കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളില്‍ സി.പി.എമ്മും വൈക്കത്ത് സി.പി.ഐയും മത്സരിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പതില്‍ അഞ്ചും നേടിയായിരുന്നു ഇടതുപക്ഷത്തിന്റെ ആധികാരിക ജയം. പാലായില്‍ ജോസ് കെ. മാണി തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, വൈക്കം സീറ്റുകളില്‍ ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ന്റെ സീറ്റുകളില്‍ നിലവിലെ എം.എല്‍.എമാര്‍ തന്നെ മത്സരിച്ചേക്കും. മന്ത്രി വി.എന്‍. വാസവന്‍ തന്നെയാകും ഏറ്റുമാനൂരില്‍ സ്‌ഥാനാര്‍ഥി. വാസവന്‍ തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍നിന്നു രണ്ടു തവണ എം.എല്‍.എ. ആയിട്ടില്ലാത്തതിനാല്‍ സി.പി.എമ്മിലെ ടേം നിബന്ധന ബാധകമാകില്ല. സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് വാസവന്‍. പാലായില്‍ ജോസ് കെ. മാണിയും മത്സരിക്കുമെന്ന് ഉറപ്പാണ്. കേരളാ കോണ്‍ഗ്രസിന്റെ മറ്റ് എം.എല്‍.എമാരായ ഡോ. എന്‍. ജയരാജും, ജോബ് മൈക്കിളും സെബാസറ്റ്യന്‍ കുളത്തുങ്കലും അവരുടെ സിറ്റിങ് മണ്ഡലങ്ങളില്‍ മത്സരിക്കും.
കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌്. ശക്‌തമായ തിരിച്ചുവരവ് നടത്തിയതോടെ കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരികെ പോകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരമൊരു നീക്കം നടന്നിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം വ്യക്‌തമാക്കിയെങ്കിലും കേരളാ കോണ്‍ഗ്രസ് (എം) അണികളോ സി.പി.എം. അണികളോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മുന്നണി മാറ്റ ചര്‍ച്ചകളും കോട്ടയത്തെ വിധി നിര്‍ണയത്തില്‍ നിര്‍ണായകമാണ്.
ജില്ലയില്‍ ബി.ജെ.പിക്ക് ഏക എ ക്ലാസ് മണ്ഡലം മാത്രമാണ് ഉള്ളത്. 30,000 വോട്ടിനു മുകളില്‍ ലഭിക്കുന്ന മണ്ഡലങ്ങളെയാണ് ബി.ജെ.പി. എ ക്ലാസ് മണ്ഡലം എന്ന പരിഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നത്. ഈ പട്ടികയില്‍ കാഞ്ഞിരപ്പള്ളി മാത്രമായിരുന്നു ജില്ലയില്‍നിന്ന് ഇടം നേടിയത്. 2016ല്‍ 31,411 വോട്ടുകള്‍ നേടിയതോടെ ബി.ജെ.പിയുടെ റഡാറില്‍ കാഞ്ഞിരപ്പള്ളി പതിഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച കെ. സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് 36,628 വോട്ടു നേടാനുമായി.
എന്നാല്‍, ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ഈ നേട്ടം വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് പാര്‍ട്ടിയിലേക്ക് എത്തിയതോടെയാണ് പുതുതായി രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി. കൂടുതല്‍ ശ്രദ്ധിച്ചത്. പൂഞ്ഞാറിലും സമീപ മണ്ഡലമായ പാലായിലുമാണ് ബി.ജെ.പി. പ്രതീക്ഷ വയ്‌ക്കുന്നത്. പാലായില്‍ ഷോണ്‍ ജോര്‍ജ് സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ബി.ജെ.പി. സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനു പുറമേയാണ് വൈക്കം മുന്‍ എം.എല്‍.എ: കെ.അജിത്ത് കൂടി ബി.ജെ.പിയില്‍ എത്തുന്നത്.
സി.പി.ഐയുടെ ആദ്യകാല നേതാവും നാലു തവണ വൈക്കം എം.എല്‍.എയുമായിരുന്ന എം.കെ. കേശവന്റെ മകനാണ്. ജില്ലാ എക്‌സിക്യൂട്ടീവില്‍നിന്നു ജില്ലാ കൗണ്‍സിലിലേക്ക് അജിത്തിനെ തരം താഴ്‌ത്തിയിരുന്നു. സി.പി.ഐക്ക് കോട്ടയം ജില്ലയിലെ ഏക സീറ്റാണ് വൈക്കം. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാട് കൂടിയായ വൈക്കം, സി.പി.ഐക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അടിത്തറയുള്ള മേഖലയുമാണ്. വൈക്കം സീറ്റില്‍ കെ. അജിത്ത് മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു. നിലവില്‍ എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ് വൈക്കം സീറ്റ്. എന്നാല്‍, സംസ്‌ഥാന തലത്തില്‍ ഇടപെടലുണ്ടായാല്‍ സീറ്റ് വച്ചുമാറുന്നതില്‍ ബി.ഡി.ജെ.എസ്. വിമുഖത കാട്ടില്ലെന്നാണു സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ജില്ലയില്‍ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കം അതേപോലെ തുടരാനാണ് രാഷ്‌ട്രീയ കക്ഷികള്‍ താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയത്. പാര്‍ട്ടികള്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലേക്കു പൂര്‍ണമായും കടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണ്
ഷാലു മാത്യു.