-->
കോട്ടയം: മറ്റുജില്ലകളെ അപേക്ഷിച്ച് കാര്യമായ സ്വാധീനമില്ലെന്ന് വിലയിരുത്തുന്ന കോട്ടയം ജില്ലയില്‍ നാലു സീറ്റുകള്‍ പിടിക്കാനും വോട്ടുഷെയര്‍ വര്‍ദ്ധിപ്പിക്കാനും സ്വാധീനം കൂട്ടാനും ബിജെപി. ജില്ലയില്‍ നിന്നും നാലു സീറ്റുകളെങ്കിലൂം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജും മകന്‍ ഷോണ്‍ജോര്‍ജ്ജുമെല്ലാം മത്സരിക്കാനിരിക്കെ കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, പൂഞ്ഞാര്‍ സീറ്റുകളില്‍ വോട്ടുഷെയര്‍ 30,000 ന് മുകളിലേക്ക് കൂട്ടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി ബിജെപി പിടിക്കാമെന്ന് കരുതുന്ന സീറ്റാണ്. 2016 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 30,000 വോട്ടുകള്‍ക്ക് മുകളില്‍ കെ.സുരേന്ദ്രന് ലഭിച്ചിരുന്നു. ഈ സാഹചര്യം വിലയിരുത്തി വോട്ടുഷെയര്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആദ്യം മത്സരിച്ച 2016 ല്‍ 31,411 വോട്ടുകള്‍ ലഭിച്ചിരുന്നു. 2019 ല്‍ വീണ്ടും ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചപ്പോള്‍ 36,628 വോട്ടുകളായി ഷെയര്‍ കൂട്ടാനും സുരേന്ദ്രന് കഴിഞ്ഞിരുന്നു.
വോട്ടുഷെയറിലെ 30,000 ന് മുകളില്‍ കാണിക്കുന്ന ഈ സ്ഥിരതമൂലം കാഞ്ഞിരപ്പള്ളിയെ ബിജെപി 30,000 വോട്ടുകള്‍ക്ക് മുകളില്‍ കിട്ടുന്ന 'എ ക്ലാസ്' മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇൗ മണ്ഡലം പിടിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പമാണ് പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിനെയും പാലായില്‍ ഷോണ്‍ ജോര്‍ജ്ജിനെയും നിയോഗിച്ചിരിക്കുന്നത്. കേരളാകോണ്‍ഗ്രസിന് മുകളില്‍ ഇവിടെ ഇരുവര്‍ക്കുമുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍.
ഇതിനൊപ്പം ഇപ്പോള്‍ സിപിഐയ്‌ക്കൊപ്പം നില്‍ക്കുന്ന വൈക്കം കുടി ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിലായി നിരീക്ഷിക്കുന്നുണ്ട്. പാലായിലും പൂഞ്ഞാറിലും പോലെ വൈക്കത്ത് മുന്‍ എംഎല്‍എ കെ.അജിത്തിന്റെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവാണ് ആകാംഷ ജനിപ്പിച്ചിരിക്കുന്നത്. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എ ആയ അജിത്ത് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ബിജെപിയിലേക്ക് മാറിയത്. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അജിത്തിനെ അംഗത്വം നല്‍കി സ്വീകരിച്ചത്.
വൈക്കം സീറ്റില്‍ കെ.അജിത്ത് മത്സരിക്കാനുള്ള സാധ്യതയും വര്‍ധിച്ചു. സിപിഐക്ക് കോട്ടയം ജില്ലയിലെ ഏക സീറ്റാണ് വൈക്കം. സിപിഐക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അടിത്തറയുള്ള മേഖലയുമാണ്. എന്നാല്‍ ദളിത് വിഭാഗത്തോടുള്ള പാര്‍ട്ടിയുടെ അവഗണനയെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്നാണ് അജിത് പറയുന്നത്. സമീപകാലത്ത് സിപിഐയില്‍ നിന്നും ബിജെപിയിലേക്കു വലിയൊരു കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു.
വൈക്കം സീറ്റ് ബിജെപി നേരത്തേ എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിനാണ് നല്‍കി വരുന്നത്. ഇത്തവണയും വൈക്കം, കടുത്തുരുത്തി, കോട്ടയം തുടങ്ങി 3 സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 3 ന് കൊച്ചിയില്‍ നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചയില്‍ സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടാല്‍ സീറ്റ് വച്ചുമാറുന്നതില്‍ ബിഡിജെഎസ് വിമുഖത കാട്ടില്ലെന്നാണു സൂചന.