Wednesday, March 11, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.37 PM

ഭക്‌തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല

uploads/news/2026/03/828313/rp1.jpg

തിരുവനന്തപുരം: ആദിപരാശക്‌തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയ്‌ക്ക്‌ പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന്‌ സ്‌ത്രീകള്‍ ഒത്തുചേര്‍ന്നതോടെ അനന്തപുരി യാഗശാലയായി. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേര്‍ന്ന ദിനത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മുക്കിലും മൂലയിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. 'സ്‌ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ മഹോത്സവം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌ത്രീക്കൂട്ടായ്‌മയായി വീണ്ടും ചരിത്രം കുറിച്ചു.
രാവിലെ 9.45-ന്‌ ക്ഷേത്രം തന്ത്രി കഠാരമംഗലം വാസുദേവന്‍ നമ്പൂതിരി പണ്ടാരഅടുപ്പില്‍ തീ പകര്‍ന്നതോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ ഭക്‌തര്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക്‌ അഗ്നി പകര്‍ന്നു. നഗരത്തിന്‌ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളിലും റോഡരികുകളിലും പൊതുസ്‌ഥലങ്ങളിലും വരിവരിയായി അടുപ്പുകൂട്ടി ഭക്‌തര്‍ പൊങ്കാലയര്‍പ്പിച്ചു. പായസവും മണ്ടപ്പുറ്റും തെരളിയപ്പവും അമ്മയ്‌ക്ക്‌ നിവേദ്യമായി തയാറാക്കി. ഉച്ചയ്‌ക്ക്‌ 2.15-നു ക്ഷേത്രത്തില്‍നിന്നെത്തിയ മുന്നൂറ്റമ്പതോളം ശാന്തിമാര്‍ തീര്‍ത്ഥം തളിച്ചതോടെ പൊങ്കാല നിവേദ്യം പൂര്‍ത്തിയായി.
40 ലക്ഷത്തിലധികം ഭക്‌തര്‍ ഇത്തവണ എത്തുമെന്ന്‌ കണക്കാക്കിയതിനെത്തുടര്‍ന്ന്‌ നഗരസഭയും ജില്ലാ ഭരണകൂടവും വിപുലമായ സജ്‌ജീകരണങ്ങളാണ്‌ ഒരുക്കിയിരുന്നത്‌.
52 വാര്‍ഡുകളിലായി കുടിവെള്ള ടാങ്കറുകള്‍ സ്‌ഥാപിച്ചു. കെ.എസ്‌.ആര്‍.ടി.സി. എഴുന്നൂറോളം പ്രത്യേക ബസുകള്‍ സര്‍വീസ്‌ നടത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ്‌ ഇത്തവണയും ഉത്സവം നടന്നത്‌. കനത്ത ചൂട്‌ അവഗണിച്ചും ഭക്‌തര്‍ മണിക്കൂറുകളോളം കാത്തുനിന്ന്‌ നിവേദ്യം പൂര്‍ത്തിയാക്കി. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഭക്‌തര്‍ക്ക്‌ കുടിവെള്ളവും ലഘുഭക്ഷണവും നല്‍കി സഹായിച്ചത്‌ കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമായി.

Ads by Google
Tuesday 03 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW