-->
ശബരിമല: നാല്‍പ്പത്തിയൊന്നു നാള്‍ നീണ്ട മണ്ഡലകാലത്തിനു സമാപനം കുറിച്ച് 27 ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കും. രാവിലെ 10.10 നും 11.30 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മണ്ഡല പൂജ. നാളെ രാവിലെ 11 ന് നിലയ്ക്കല്‍ ക്ഷേത്രത്തിലെത്തുന്ന തങ്കയങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 1 ന് ചാലക്കയത്തും 1.30 ന് പമ്പയിലുമെത്തും.
പമ്പയില്‍ എത്തുന്ന ഘോഷയാത്രയെ പമ്പ ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ സുജാത ഉദയന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. ജയകുമാര്‍, ദേവസ്വം മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് പമ്പാഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കും. വൈകിട്ട് മൂന്നു വരെ ഗണപതിക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാന്‍ സൗകര്യമുണ്ടാകും.
പമ്പയില്‍നിന്ന് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ഘോഷയാത്ര ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീനിവാസ്, അസി. എക്‌സി. ഓഫീസര്‍ ആര്‍.ജെ. ഹേമന്ത്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. 6.15 ന്പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, അംഗങ്ങളായ പി.ഡി സന്തോഷ് കുമാര്‍, കെ. രാജു, സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ,ശബരിമല പോലീസ് ചീഫ് കോഡിനേറ്റര്‍ എ.ഡി.ജി.പി: എസ്.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. പൂമുഖം കടന്നെത്തുന്ന തങ്കയങ്കി സോപാനത്തുവച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പനു ചാര്‍ത്തി 6.30 ന് ദീപാരാധനനടത്തും. 27 ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിനു സമാപനമാകും.
മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും.