Thursday, March 12, 2026 Last Updated 35 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.34 PM

ഇന്ദിരയുടെ വിശ്വസ്‌തന്‍; കൃഷ്‌ണമേനോന്റെ വലംകൈ

uploads/news/2026/03/828275/lk2.jpg

ആറു തവണയായി കാല്‍നൂറ്റാണ്ടു കാലം (1971- 1996) വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവായിരുന്നു കെ.പി. ഉണ്ണിക്കൃഷ്‌ണനെന്ന ഉണ്ണ്യേട്ടന്‍. എഴുത്തുകാരന്‍, നയതന്ത്രജ്‌ഞന്‍, വാഗ്‌്മി തുടങ്ങി ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത്‌ നിറഞ്ഞുനിന്നു. 1971ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പു വേള. വടകരയില്‍ കോണ്‍ഗ്രസുകാര്‍ ലീലാ ദാമോദര മേനോന്‍ എന്ന സ്‌ഥാനാര്‍ഥിക്കായി തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചിരുന്നു. നാടെങ്ങും വ്യാപകമായി ചുമരെഴുത്തുകളും ആരംഭിച്ചപ്പോഴായിരുന്നു ട്വിസ്‌റ്റ്‌. പെട്ടെന്നാണ്‌ ഹൈക്കമാന്‍ഡ്‌ സ്‌ഥാനാര്‍ഥിയെ മാറ്റിയത്‌. ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു നേരത്തെ നിശ്‌ചയിക്കപ്പെട്ട സ്‌ഥാനാര്‍ത്ഥിയെ മാറ്റി ഉണ്ണികൃഷ്‌ണന്‍ വടകരയില്‍ നിന്ന്‌ 1971ല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചത്‌. തുടര്‍ന്ന്‌ 25 വര്‍ഷം വടകരയെ പ്രതിനിധീകരിച്ചു. ഉണ്ണികൃഷ്‌ണനും പശുവും കിടാവും ചിഹ്നവും വടകരക്കാര്‍ക്ക്‌ സുപരിചിതമായി.
ഇന്ദിരാ ഗാന്ധിയോട്‌ പിന്നീട്‌ തെറ്റിപ്പിരിഞ്ഞിരുന്നു. മൂന്ന്‌് തവണ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥിയായാണ്‌ ജയിച്ചു കയറിയത്‌. ഉണ്ണികൃഷ്‌ണനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്‌ കൊലകൊമ്പന്മാരെയൊക്കെ എതിര്‍സ്‌ഥാനാര്‍ത്ഥികളാക്കിയിരുന്നു.
1980-ല്‍ കോണ്‍ഗ്രസ്‌ (ഐ) ഗ്രൂപ്പ്‌ സ്‌ഥാനാര്‍ത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്‌ (യു) ടിക്കറ്റില്‍ ലോക്‌സഭാംഗമായി. 1978-ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ട ഉണ്ണികൃഷ്‌ണന്‍ 1995-ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ തിരിച്ചെത്തി. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ കോണ്‍ഗ്രസുമായി അകന്ന അദ്ദേഹത്തെ പി.വി. നരസിംഹറാവുവും ഡോ. മന്‍മോഹന്‍ സിങ്ങും ചേര്‍ന്നായിരുന്നു പാര്‍ട്ടിയിലേക്ക്‌ തിരികെ കൊണ്ടു വന്നത്‌.
1996-ല്‍ എഴാം തവണയും വടകരയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഒ.ഭരതനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ സജീവ രാഷ്ര്‌ടീയത്തില്‍ നിന്ന്‌ വിരമിച്ചു.
കോയമ്പത്തൂരില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായാണ്‌ ജനിച്ചത്‌. ചെന്നൈയിലെ ക്രിസ്‌ത്യന്‍ കോളജ്‌, പ്രസിഡന്‍സി കോളജ്‌, മദ്രാസ്‌ ഗവമെന്റ്‌ ലോ കോളജ്‌ എന്നിവിങ്ങളില്‍നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട്‌ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലായി. അശോക ഹോട്ടലിലെ പബ്ലിക്‌ റിലേഷന്‍സ്‌ ഉദ്യോഗസ്‌ഥയായിരുന്നു ഭാര്യ അമൃത. സുദിണ, നിരഞ്‌ജന എന്നിവര്‍ മക്കളാണ്‌.
രാഷ്‌ട്രീയത്തില്‍ എത്തുന്നതിന്‌ മുന്‍പ്‌ തന്നെ അദ്ദേഹം മാധ്യമരംഗത്ത്‌ തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ചിരുന്നു. ശങ്കേഴ്‌സ്‌ വീക്കിലി, മാതൃഭൂമി, ടൈംസ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ മാധ്യമസ്‌ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയം രാഷ്‌ട്രീയ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. സ്‌കൂള്‍ കോളേജ്‌ പഠനകാലത്ത്‌ പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അംഗമായാണ്‌ രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്‌.
കെ.പി. ഉണ്ണികൃഷ്‌ണന്റെ രാഷ്‌്രടീയ ജീവിതം സംഭവബഹുലമായിരുന്നു. 1978-ല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ്‌ (യു) വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു. തുടര്‍ന്ന്‌ 1979-80 കാലഘട്ടത്തില്‍ എ.ഐ.സി.സി. (യു) ജനറല്‍ സെക്രട്ടറിയായും, 1980-ല്‍ എ.ഐ.സി.സി. (എസ്‌) ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വി.പി. സിങ്‌ മന്ത്രിസഭയില്‍ ക്യാബിനറ്റ്‌ റാങ്കോടെ ഉപരിതല ഗതാഗതം, ടെലികോം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. രാജീവ്‌ ഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പാര്‍ലമെന്റിലും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്‌. വളം കുംഭകോണം, ബൊഫോഴ്‌സ്‌ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ഭരണകൂടത്തെ പിടിച്ചുലയ്‌ക്കുന്നതായിരുന്നു.
90കളിലെ ഗള്‍ഫ്‌ യുദ്ധകാലത്ത്‌ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതില്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ മറ്റൊരു യുദ്ധത്തിന്റെ ഇരമ്പം മുഴങ്ങുന്ന സന്ദര്‍ഭത്തിലാണ്‌ അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്‌ എന്നത്‌ മറ്റൊരു യാദൃച്‌ഛികതയാവാം. 1990 ഓഗസ്‌റ്റ്‌ രണ്ടിന്‌ സദ്ദാം ഹുസൈന്‍ കുവൈത്ത്‌ ആക്രമിച്ചതിനെ തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട ഗള്‍ഫ്‌ യുദ്ധ സമയത്ത്‌ ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ തിരികെയെത്തിച്ച, ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നിന്‌ നേതൃത്വം നല്‍കിയത്‌ അന്നത്തെ കേന്ദ്ര ടെലികോം വകുപ്പ്‌ മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്‌ണനായിരുന്നു.
1971ലെ പാക്ക്‌ യുദ്ധാനന്തരം ബംഗ്ലാദേശ്‌ രാഷ്‌ട്ര രൂപീകരണ കാര്യത്തില്‍ ലോക രാഷ്‌ട്ര തലവന്മാരെ യുദ്ധ സാഹചര്യം ബോധ്യപ്പെടുത്താന്‍, ഇന്ദിരാ ഗാന്ധി ചുമതലപ്പെടുത്തിയ രണ്ട്‌ പ്രതിഭാധനരായ നേതാക്കളില്‍ പ്രണബ്‌ മുഖര്‍ജിയോടൊപ്പം ഉണ്ടായിരുന്ന നേതാവായിരുന്നു ഉണ്ണികൃഷ്‌ണന്‍. നെഹ്‌റു മന്ത്രിസഭയിലെ പ്രധാനിയും വിശ്വ പൗരനുമായിരുന്ന വി.കെ. കൃഷ്‌ണമേനോന്റെ വലം കൈ ആയിരുന്നു ഉണ്ണികൃഷ്‌ണന്‍. രാഷ്‌ട്രമീമാംസകളിലെ ഏതേത്‌ വിഷയത്തെ കുറിച്ചും സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അറിവും കഴിവും അനുഭവ സമ്പത്തും വ്യക്‌തി ബന്ധങ്ങളും അത്ഭുതാവഹമായിരുന്നു.

ഇടതു മുന്നണി സ്‌ഥാനാര്‍ഥിയായ കെ.പി. ഉണ്ണികൃഷ്‌ണനെ പരാജയപ്പെടുത്താനായി 1991-ല്‍ വടകരയില്‍ 'കോലീബി' സഖ്യം പൊതുസ്‌ഥാനാര്‍ഥിയെ അവതരിപ്പിച്ചത്‌ കേരളരാഷ്‌ട്രീയത്തിലെ എക്കാലത്തെയും ചര്‍ച്ച വിഷയങ്ങളിലൊന്നാണ്‌. വി.പി. സിങ്‌ മന്ത്രിസഭയില്‍ ക്യാബിനറ്റ്‌ റാങ്കോടെ ഉപരിതല ഗതാഗതം, ടെലികോം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്‌തു. വി.പി. സിങ്ങിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ ദേശീയതലത്തില്‍ വിവിധ പാര്‍ട്ടികളുടെ ഏകോപനം സാധ്യമാക്കിയത്‌ ഉണ്ണിക്കൃഷ്‌ണനായിരുന്നു.

സി.ഒ.ടി. അസീസ്‌

Ads by Google
Tuesday 03 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW