-->
ദേശീയ തലത്തില്‍ ബ്രാഹ്‌മണ പാര്‍ട്ടിയെന്നും ബ്രാഹ്‌മണ വിഭാഗം എണ്ണത്തില്‍ കുറവായതിനാല്‍ കേരളത്തില്‍ നായര്‍ പാര്‍ട്ടിയെന്നും ബ്രാന്‍ഡ് ചെയ്‌ത് എതിരാളികള്‍ പൊതു സമൂഹത്തില്‍നിന്ന് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്താന്‍ ശ്രമിച്ച ബി.ജെ.പി, ഈ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച്, അടിസ്‌ഥാന വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിച്ചതിന്റെ പ്രതിഫലനമായി വേണം കെ.അജിത്തിന്റേയും എസ്. രാജേന്ദ്രന്റേയും ബി.ജെ.പി. പ്രവേശനത്തെ വിലയിരുത്താന്‍.
രണ്ടു പേരും കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്നാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയതെന്നതും ശ്രദ്ധേയം. ഇത് കേവലം രണ്ട് നേതാക്കളുടെ രാജിയും പാര്‍ട്ടി മാറലും എന്നതിനപ്പുറം, കമ്യൂണിസ്‌റ്റ് പാര്‍ട്ടി തങ്ങളുടെ അടിത്തറയെന്ന് ഊറ്റം കൊണ്ടിരുന്ന ദളിത് വിഭാഗത്തിന്റെ പുനര്‍നിര്‍ണയിക്കപ്പെട്ട രാഷ്‌ട്രീയ ചിന്ത എന്ന നിലയില്‍ വായിക്കുമ്പോഴാണ് സമകാലിക ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ വികാസം പ്രകടമാവുക. കേരള പുലയ മഹാസഭയുടെ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന എം.കെ. കേശവന്റെ മകനാണ് സി.പി.ഐ. നേതാവും മുന്‍ എം.എല്‍.എയുമായ കെ.അജിത്. ഇടുക്കിയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വിശ്വാസം ആര്‍ജിച്ചെടുത്ത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ എസ്. രാജേന്ദ്രന്‍ സമീപകാലം വരെ സി.പി.എമ്മിന്റെ ശക്‌തനായ നേതാവുമായിരുന്നു.
2006, 2011, 2016 വര്‍ഷങ്ങളില്‍ രാജേന്ദ്രന്‍ ഇടുക്കി ജില്ലയിലെ ദേവികുളം എന്ന സംവരണ മണ്‌ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. ഒപ്പംതന്നെ സി.പി.എം. ജില്ലാ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എം.എല്‍.എ. ആയിരുന്നു കെ. അജിത്. സി.പി.ഐ. വൈക്കം മണ്‌ഡലം കമ്മിറ്റി അസിസ്‌റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരവേയാണ് കെ. അജിത്ത് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
അല്‍പ്പം ദേശീയം
ഹിന്ദുത്വ ഏകീകരണത്തിന് സവര്‍ണ പിന്നാക്ക വിഭാഗങ്ങളെ ഒരേ പോലെ ചേര്‍ത്ത് നിര്‍ത്തണമെന്ന വലിയ പാഠത്തില്‍ നിന്നാണ് ദേശീയ തലത്തില്‍ ബി.ജെ.പിയുടെ വിജയക്കുതിപ്പിന് തുടക്കം. മണ്‌ഡല്‍ കമ്മിഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പ്രക്ഷോഭവുമൊക്കെ ഈയൊരു നീക്കത്തെ സ്വാധീനിച്ച ഘടകവുമാണ്. മണ്‌ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ സംഘ്‌പരിവാര്‍ രംഗത്ത് വരികയും പ്രക്ഷോഭം നയിക്കുകയും ചെയെ്‌തങ്കിലും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. പിന്നാക്ക സംവരണത്തെ അതുവരെ എതിര്‍ത്ത സംഘ്‌പരിവാര്‍ പിന്നീട് ഇത്തരം സംവാദങ്ങളില്‍ നിന്ന് അകലം പാലിച്ചു. മാത്രമല്ല;അംഗബലം കുറഞ്ഞ സവര്‍ണ വിഭാഗത്തിന്റെ പിന്തുണയെക്കാള്‍, രാജ്യമാകെ വ്യാപിച്ച പിന്നാക്ക വോട്ടുബാങ്കിലുള്ള വിശ്വാസവും പിന്തുണയുമാണ് ആശ്വാസ്യകരമെന്ന ചിന്തയിലേക്ക് വഴിമാറിയ സംഘ്‌പരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ അതിനൊത്ത് പദ്ധതികള്‍ തയ്യാറാക്കി.
സംഘ്‌പരിവാര്‍ സൈദ്ധാന്തികനായിരുന്ന ഗോവിന്ദാചാര്യയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ, സോഷ്യല്‍ എന്‍ജിനിയറിങ്ങില്‍ അധിഷ്‌ഠിതമായ പദ്ധതിയിലൂടെ പുതു പിന്നാക്ക നേതൃനിര ഉദയംകൊണ്ടു. ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിങ്ങും മധ്യപ്രദേശില്‍ ഉമാഭാരതിയും ശിവരാജ് സിങ് ചൗഹാനും ഉള്‍പ്പെടെയുള്ള, ബി.ജെ.പിയുടെ ശക്‌തി കേന്ദ്രങ്ങളിലെല്ലാം ഒരേ സമയം ഉദയം കൊണ്ട ശക്‌തമായ പിന്നാക്ക നേതൃത്വനിരയില്‍ ഉള്‍പ്പെട്ട നേതാവാണ് നിലവിലെ പ്രധാന മന്ത്രി കൂടിയായ നരേന്ദ്ര മോദിയും. ഇത്തരത്തില്‍ വളരെ ആസൂത്രിതമായി നടപ്പാക്കിയ സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂന്നിയ പദ്ധതിയിലൂടെ രാജ്യത്തെ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കിടയിലേക്ക് ബി.ജെ.പി പ്രത്യക്ഷ്യമായും മറ്റ് സംഘ്‌പരിവാര്‍ സംഘടനകള്‍ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തിയും ആഴത്തില്‍ വേരുപടര്‍ത്തി. ഛത്തിസ്‌ഗഡും ഝാര്‍ഖണ്‌ഡും ഉള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമേറെയുളള സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി.; ഇവരുടെ പിന്തുണ ആര്‍ജിച്ചു തന്നെ വളര്‍ന്ന് പന്തലിച്ചു. രാജ്യത്തെ ഭൂരിപക്ഷ സംവരണ മണ്‌ഡലങ്ങളിലും വിജയം കൊയ്യുന്ന പാര്‍ട്ടിയായി ബി.ജെ.പി. മാറി.
ഇത്തരമൊരു സംവരണ മണ്‌ഡലത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്ന് തവണ എം.എല്‍.എയായ എസ്. രാജേന്ദ്രന്‍ പാര്‍ട്ടിക്ക് അനഭിമതനായതോടെ, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച പാര്‍ട്ടിയായി ബി.ജെ.പിയെ തന്നെ തെരഞ്ഞെടുത്തുവെന്നതും ശ്രദ്ധേയം. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഒഴുകുമെന്നും അയിത്ത കാലം കഴിഞ്ഞുവെന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും ഇതുവഴി സംഘ് പരിവാറിന് സാധിച്ചു.
ആര്‍.എസ്.എസ്. പദ്ധതി
പറഞ്ഞു വന്നത് ദളിത് സമൂഹങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ബി.ജെ.പി. സ്വാധീനത്തെ കുറിച്ചാണ്. എന്നാല്‍, കാലങ്ങള്‍ക്ക് മുമ്പേ തന്നെ ഈ മേഖലയില്‍ ആര്‍.എസ്.എസ്. നേടിയെടുത്ത വിശ്വാസത്തിന്റേയും സ്വാധീനത്തിന്റേയും രാഷ്‌ട്രീയ പ്രതിഫനമാണ് ബി.ജെ.പിയിലൂടെ പ്രകടമാകുന്നതെന്നതാണ് വിലയിരുത്തപ്പെടേണ്ടത്. മതപരിവര്‍ത്തനം ഏറ്റവും കൂടുതലായി നടക്കുന്ന ദളിത് വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തിയില്ലെങ്കില്‍ ഹിന്ദുത്വ മുന്നേറ്റത്തിന് വലിയ ഭീഷണിയാകുമെന്ന തിരിച്ചറിവും ഇതുമൂലം സംഭവിക്കാവുന്ന രാഷ്‌ട്രീയവും സാംസ്‌കാരിക പരവുമായ പരാജയത്തിന്‍മേലുള്ള ആശങ്കയും ആര്‍.എസ്.എസിനെ ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നതിന് പ്രേരിപ്പിച്ച ഘടകമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ ആര്‍.എസ്.എസില്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കള്‍ രൂപം കൊണ്ടെങ്കിലും ബി.ജെ.പിയുടെ നേതൃനിരയില്‍ സമകാലികതയിലാണ് വലിയ തോതില്‍ പ്രകടമാകുന്നതെന്ന് മാത്രം.
ആദിവാസി ഗോത്രവിഭാഗം നേതാവായ സി.കെ. ജാനു ഇപ്പോള്‍ യു.ഡി.എഫ്. പക്ഷത്തേക്ക് മാറിയെങ്കിലും ഇതുവരെ എന്‍.ഡി.എയുടെ ഭാഗമായിരുന്നുവെന്നതും കേരള പിന്നാക്ക രാഷ്‌ട്രീയത്തിന്റെ ഈയൊരു ദിശാമാറ്റം കൃത്യതയാര്‍ന്ന അവധാനതയോടെ രൂപപ്പെടുത്തിയതാണെന്നും വ്യക്‌തമാകും. മറ്റ് സംസ്‌ഥാനങ്ങളിലേതെന്നപോലെ ഇന്ന് കേരള ബി.ജെ.പിയിലും ശക്‌തരായ ദളിത് നതാക്കളുണ്ട്. ദളിത്-പിന്നാക്ക-മുസ്ലിംവോട്ട് ബാങ്ക്‌് ക്രോഡീകരിച്ച് രാഷ്‌ട്രീയ ലക്ഷ്യം കൈവരിക്കാമെന്ന ജമാ അത്തെ ഇസ്‌ലാമി എസ്.ഡി.പി.ഐ. വിഭാഗങ്ങളുടെ പ്രവര്‍ത്തന പദ്ധതിയിലുളള ആശങ്കയും സംഘ് പരിവാര്‍ നീക്കങ്ങള്‍ക്ക് വേഗത നല്‍കിയ ഘടകമാണ്.
എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളിയും ഗൗരിയമ്മയും മുസ്ലിം ലീഗ് നേതൃത്വവും ചേര്‍ന്ന് മുമ്പ് സംവരണ സമുദായങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കി പ്രക്ഷോഭരംഗത്തിറങ്ങാന്‍ തീരുമാനിച്ചപ്പോഴും ആശങ്കപ്പെട്ട സംഘ് പരിവാര്‍ നേതൃത്വം പിന്നാക്ക സമുദായ നേതാക്കളുമായി ബന്ധപ്പെട്ട്, ഈയൊരു രൂപഘടന പൊളിക്കാന്‍ കരുനീക്കം നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഈഴവ സമുദായത്തില്‍ നിന്നൊരുരാഷ്‌ട്രീയ പാര്‍ട്ടി തന്നെ രൂപപ്പെടുത്തുകയും (ബി.ഡി.ജെ.എസ്.) എന്‍.ഡി.എയുടെ സഖ്യകക്ഷിയായി ഇപ്പോഴും തുടരുകയും ചെയ്യുന്നത്. ദളിത് ഒ.ബി.സി. വിഭാഗങ്ങള്‍ക്കിടയില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തുകയും, ചേര്‍ത്ത് നിര്‍ത്താന്‍ അതിനൊത്ത് പദ്ധതികള്‍ രൂപപ്പെടുത്തി പ്രവര്‍ത്തന നിരതമാവുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ സോഷ്യല്‍ എന്‍ജിനീയറിങ് മികവാണ്, അജിത്തും രാജേന്ദ്രനുമുള്‍പ്പെടെയുള്ളവരുടെ സുരക്ഷിത ലാവണമായി ബി.ജെ.പി. പാകപ്പെട്ടുവെന്ന സാക്ഷ്യപത്രം.
ജിനേഷ് പൂനത്ത്