Wednesday, March 11, 2026 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.34 PM

മലകയറുന്ന രാഷ്‌ട്രീയച്ചൂട്‌

വേനല്‍ ചൂടിനേക്കാള്‍ ചുട്ടുപൊള്ളുകയാണ്‌ ഇടുക്കിയിലെ രാഷ്‌ട്രീയം. ഇടുക്കിയിലെ കാറ്റ്‌ ഇടത്തേക്കോ വലത്തേക്കോ എന്നു പ്രവചിക്കാന്‍ കഴിയാത്ത അവസ്‌ഥ. ഇടതു കരുത്തു കാട്ടിയിരുന്ന തോട്ടം മേഖലയില്‍ എന്‍.ഡി.എയിലേക്ക്‌ എസ്‌. രാജേന്ദ്രന്‍ അടക്കമുള്ളവരുടെ കടന്നു വരവും രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുകയാണ്‌. കോണ്‍ഗ്രസിന്‌ ഇടുക്കിയില്‍ നിന്ന്‌ ഒരു പ്രതിനിധിയെ നിയമസഭയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ട്‌ രണ്ടു പതിറ്റാണ്ടായി. അഞ്ചു നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ നിലവില്‍ കേരളാ കോണ്‍ഗ്രസിനു മാത്രമേ യു.ഡി.എഫില്‍ നിന്ന്‌ പ്രതിനിധിയുള്ളൂ- തൊടുപുഴയില്‍ പി.ജെ. ജോസഫ്‌. പാര്‍ലമെന്റ്‌-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയം കോണ്‍ഗ്രസിന്‌ പ്രതീക്ഷ നല്‍കുന്നതാണ്‌. ജില്ലാ പഞ്ചായത്തും രണ്ടു നഗരസഭയും എട്ടില്‍ ഏഴ്‌ ബ്ലോക്കു പഞ്ചായത്തും 37 ഗ്രാമ പഞ്ചായത്തുകളും യു.ഡി.എഫിന്‌ ഒപ്പമാണ്‌. എന്നാല്‍, മുന്‍കാല നിയമസഭാ തെരഞ്ഞെടുപ്പ്‌ ചരിത്രം ചൂണ്ടിക്കാട്ടി ഇടതുമുന്നണി ഈ കണക്കുകളെ തള്ളുകയാണ്‌.
ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ളവയാണ്‌ യു.ഡി.എഫിന്റെ പ്രചാരണായുധം. എന്നാല്‍, അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതിയിലുമാണ്‌ എല്‍.ഡി.എഫിന്റെ പ്രതീക്ഷ.
തൊടുപുഴ, ഇടുക്കി, പീരുമേട്‌, ഉടുമ്പഞ്ചോല, ദേവികുളം എന്നിവയാണ്‌ ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. കഴിഞ്ഞ നിയമസഭ ാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ്‌-3, കേരളാ കോണ്‍ഗ്രസ്‌-2, എല്‍.ഡി.എഫില്‍ സി.പി.എം-2, കേരളാ കോണ്‍ഗ്രസ്‌ എം-2, സി.പി.ഐ-1 എന്നിങ്ങനെയാണ്‌ മല്‍സരിച്ചത്‌.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൊടുപുഴ മണ്ഡലത്തില്‍നിന്ന്‌ കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിനായിരുന്നു കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ വിജയം. പി.ജെ. ജോസഫ്‌ വീണ്ടും മത്സരിച്ചാല്‍ തൊടുപുഴയില്‍ നിന്ന്‌ പന്ത്രണ്ടാം തവണയാകും അദ്ദേഹം ജനവിധി തേടുക. എന്നാല്‍, മകന്‍ അപു ജോണ്‍ ജോസഫിന്‌ സീറ്റു നല്‍കുമെന്ന തരത്തിലും പ്രചരണമുണ്ട്‌. ഇക്കാര്യത്തില്‍ പി.ജെ. ജോസഫ്‌ ഇതുവരെ മനസു തുറന്നിട്ടില്ല. ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസി(എം) നാണ്‌ സീറ്റ്‌. നിയോജമണ്ഡലം പ്രസിഡന്റും മുന്‍ കരിങ്കുന്നം പഞ്ചായത്തു പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറ, കര്‍ഷക യൂണിയന്‍(എം) സംസ്‌ഥാന പ്രസിഡന്റും മണക്കാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ റെജി കുന്നംകോട്ട്‌ എന്നിവരുടെ പേരുകളാണ്‌ പരിഗണനയില്‍. സീറ്റ്‌ സി.പി.എം. ഏറ്റെടുത്ത്‌ യുവാക്കളെ കളത്തിലിറക്കണമെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. എന്‍.ഡി.എയില്‍ ബി.ജെ.പിക്കാണ്‌ സീറ്റ്‌. സ്‌ഥാനാര്‍ഥിയാരെന്ന്‌ വ്യക്‌തമല്ല. നോര്‍ത്ത്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ്‌ അടക്കമുള്ളവരുടെ പേരുകള്‍ പരിഗണയിലുണ്ട്‌. എന്‍.ഡി.എയില്‍ പുതുതായി എത്തിയ ട്വന്റി ട്വന്റിയും സീറ്റിനായി രംഗത്തുണ്ടെന്നാണ്‌ സൂചന.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയും മണ്ഡല പരിധിയിലുള്ള രണ്ടു ബ്ലോക്ക്‌ പഞ്ചായത്തുകളും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യു.ഡി.എഫിനായിരുന്നു വിജയം.
അഞ്ചു തവണയായി വലത്തും ഇടത്തും നിന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ പ്രതിനിധീകരിക്കുന്ന ഇടുക്കി മണ്ഡലമാണ്‌ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ആറാം തവണയും അങ്കത്തിനിറങ്ങുന്ന റോഷിയെ വീഴ്‌ത്താന്‍ ഇത്തവണ സീറ്റ്‌ ഏറ്റെടുക്കണമെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്‌ ചൂടേറിയ ചര്‍ച്ചയ്‌ക്കാണ്‌ വഴിവച്ചത്‌. ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലേയും ഗ്രാമ പഞ്ചായത്തുകളിലേയും ഫലം ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കൈപ്പത്തി ചിഹ്‌നത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി വന്നാല്‍ മാത്രമേ വിജയ സാധ്യതയുള്ളൂയെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. സീറ്റു കിട്ടിയാല്‍ കോണ്‍ഗ്രസ്‌ നേതാക്കളായ ജോയി വെട്ടിക്കുഴി, ബിജോ മാണി തുടങ്ങിയവരുടെ പേരുകളും പരിഗണനാ ലിസ്‌റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. എന്നാല്‍, അതേ നാണയത്തില്‍ തിരിച്ചടിച്ചാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഇതിനെ നേരിടുന്നത്‌. ജില്ലാ പ്രസിഡന്റ്‌ എം.ജെ. ജേക്കബിനാണ്‌ ഇവിടെ പ്രഥമ പരിഗണന. പി.ജെ. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ്‌ മലകയറി എത്തുമോയെന്നു സംശയിക്കുന്നവരുണ്ട്‌. സീറ്റ്‌ വിട്ടുനല്‍കുന്ന കാര്യം കോണ്‍ഗ്രസ്‌ ഒരു ഘട്ടത്തില്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ചെയര്‍മാന്‍ പി.ജെ. ജോസഫും പലവട്ടം വ്യക്‌തമാക്കിയിരുന്നു. എങ്കിലും സീറ്റുമാറ്റ ചര്‍ച്ച ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്‌. എന്നാല്‍, ആരു വന്നാലും ഇടുക്കിക്കാര്‍ റോഷിയെ കൈവിടില്ലെന്നാണ്‌ കേരള കോണ്‍ഗ്രസ്‌(എം) നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ്‌ സീറ്റ്‌.
ഉടുമ്പഞ്ചോലയില്‍ മുന്‍ മന്ത്രിയും സിറ്റിങ്ങ്‌ എം.എല്‍.എയായ എം.എം. മണിയുടെ പേര്‌ മാത്രമാണ്‌ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി നല്‍കിയിരുന്നതെങ്കിലും സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ ഇതു തിരുത്തിയെന്നാണ്‌ പുറത്തു വരുന്ന വിവരം. മുന്‍ എം.എല്‍.എ: കെ.കെ. ജയചന്ദ്രന്റെ പേരാണ്‌ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. ഉടുമ്പഞ്ചോലയില്‍ മൂന്നു തവണ എം.എല്‍.എ. ആയിരുന്നു ജയചന്ദ്രന്‍. നിലവില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌. കഴിഞ്ഞ തവണ മുപ്പത്തിയെണ്ണായിരത്തിലേറെ വോട്ടുകള്‍ക്കാണ്‌ എം.എം. മണി വിജിയിച്ചത്‌. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എം.എം. മണിയെ സി.പി.എം. പരിഗണിക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, വിജയസാധ്യത കണക്കിലെടുത്താണ്‌ എം.എം. മണിയുടെ പേര്‌ ജില്ല സെക്രട്ടേറിയറ്റ്‌ നിര്‍ദേശിച്ചത്‌. ഇതിലാണ്‌ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്‌. എന്നാല്‍, തനിക്ക്‌ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നു പറഞ്ഞ എം.എം. മണി പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്‌തനാണെന്നാണ്‌ സൂചന. കോണ്‍ഗ്രസില്‍ ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്‌.
സേനാപതി വേണു, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ ബിജോ മാണി, അരുണ്‍ കെ.എസ്‌. എന്നിവരുടെ പേരുകളാണ്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌. 25 വര്‍ഷമായി സി.പി.എമ്മിന്റെ കൈയിലിരിക്കുന്ന സീറ്റ്‌ സംബന്ധിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിലാണ്‌ യു.ഡി.എഫിന്റെ പ്രതീക്ഷ.
സംവരണ മണ്ഡലമായ ദേവികുളത്ത്‌ ഇടതുമുന്നണിയില്‍ സിറ്റിങ്‌ എം.എല്‍.എയായ സി.പി.എമ്മിലെ എ. രാജ തന്നെ മത്സരിക്കും. കോണ്‍ഗ്രസില്‍ മുന്‍ എം.എല്‍.എ: എ.കെ. മണി അടക്കം സീറ്റിനായി രംഗത്തുണ്ട്‌. എം. മുത്തുരാജ്‌, എസ്‌. രാജ, കെ. കൃഷ്‌ണമൂര്‍ത്തി, ആര്‍. മുരുകേശന്‍, ബാലസുബ്രഹ്‌മണ്യന്‍ എന്നിവരും സീറ്റിനായി ഇടിക്കുന്നുണ്ട്‌. ബാലസുബ്രഹ്‌മണ്യന്‍ മുന്‍ എം.എല്‍.എ. കിട്ടപ്പ നാരായണസ്വാമയുടെ മകനാണ്‌. മുമ്പ്‌ എല്‍.ഡി.എഫില്‍ നിന്ന്‌ എ.കെ. മണിക്ക്‌ എതിരേ മത്സരിക്കുകയും ചെയ്‌തിരുന്നു. കിട്ടപ്പ നാരായണസ്വാമിയുടെ സഹോദരപുത്രനാണ്‌ എസ്‌. രാജ. തോട്ടം മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്ന വ്യക്‌തി എന്ന നിലയില്‍ എം. മുത്തുരാജിനും സാധ്യത കല്‍പിക്കുന്നുണ്ട്‌. എന്‍.ഡി.എയില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മുന്‍ എം.എല്‍.എ: എസ്‌. രാജേന്ദ്രന്‍ എത്തുന്നതോടെ മത്സരം കടുക്കുമെന്ന്‌ ഉറപ്പായി. മണ്ഡലത്തില്‍ രണ്ടു ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ ഇത്തവണ യു.ഡി.എഫാണ്‌ വിജയിച്ചത്‌. ഒരു ഡിവിഷന്‍ എല്‍.ഡി.എഫിനും ഒപ്പമാണ്‌.
പീരുമേട്ടില്‍ സി.പി.ഐയും കോണ്‍ഗ്രസുമാണ്‌ നേര്‍ക്കുനേര്‍ മത്സരിക്കുക. ജനകീയനായ വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ വേര്‍പാടിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്‌ കൂടിയാണിത്‌. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ റോയ്‌ കെ. പൗലോസ്‌, രണ്ടു തവണ നിസാര വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട കോണ്‍ഗ്രസിലെ സിറിയക്‌ തോമസ്‌, ഷാജി പൈനാടത്ത്‌, നിഷാ സോമന്‍, അലോഷ്യസ്‌ സേവ്യര്‍, ജോസഫ്‌ വാഴയ്‌ക്കന്‍ തുടങ്ങി നിരവധി പേരുകളാണ്‌ യു.ഡി.എഫ്‌. പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌.

വിനോദ്‌ കണ്ണോളി

Ads by Google
Tuesday 03 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW