Friday, March 13, 2026 Last Updated 49 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 09.29 PM

‘ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട് തീര്‍ച്ചയായും അത് നിഖിലയല്ല...’; ‘ആട് 3’ യിലെ നിഖിലയുടെ ഐറ്റം ഡാന്‍സിനെപ്പറ്റി മിഥുന്‍ മാനുവല്‍ തോമസ്

മലയാളികള്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ഇപ്പോഴിതാ ഈ സിനിമയില്‍ നിഖില വിമലിന്റെ ഐറ്റം ഡാന്‍സുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
Mithun Manuel Thomas, Aadu 3 movie, Nikhila Vimal
Mithun Manuel thomas about nikhila vimal's item dance (Image Source: Instagram)

ഒരു സിനിമ ബോക്സോഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം രണ്ടാം ഭാഗമിറക്കി വിജയിപ്പിച്ച സംവിധായകനെന്ന വിശേഷണം മിഥുൻ മാനുവല്‍ തോമസിന് മാത്രം സ്വന്തമായതാണ്. ഷാജി പാപ്പനെയും കൂട്ടരെയും മലയാളികള്‍ക്ക് മുന്നിലേക്ക് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ അവതരിപ്പിച്ചത്. എന്നാല്‍ തിയറ്ററുകളിൽ പരായജയപ്പെട്ടെ ഈ സിനിമ ടോറന്റിലും ടെലിവിഷനിലും പ്രേക്ഷകപ്രീതി നേടി.
അതോടെ മലയാളസിനിമയിൽ തന്നെ ആദ്യമായി പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങി.
സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാൻ തീരുമാനിക്കുകയും ‘ആട് 2’ തിയേറ്ററിലെത്തി വലിയ വിജയം ​നേടുകയും ചെയ്തു. അന്നുമുതല്‍ മലയാളികള്‍ ആകാംക്ഷയോടെ ‘ആട്-3’യ്ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും ആദ്യ രണ്ട് ഭാഗങ്ങളേക്കാളും ഒരുപടി മുകളിലായിരിക്കും മൂന്നാം ഭാഗമെന്ന സൂചനയാണ് നല്‍കുന്നത്.
ആട് 3യുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നൊരു വാര്‍ത്തയായിരുന്നു നടി നിഖില വിമലിന്റെ ഐറ്റം ഡാന്‍സ്. ചിത്രത്തില്‍ നിഖിലയുടെ ഡാന്‍സ് നമ്പറുണ്ടാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമയുടെ പ്രസ് മീറ്റ് ആകട്ടെ എന്നായിരുന്നു നിഖിലയുടെ പ്രതികരണം.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഈ വാര്‍ത്തകളോട് പ്രതികരിക്കുകയാണ്. തന്നോട് പലരും നിഖിലയുടെ ഐറ്റം ഡാന്‍സ് ഉണ്ടാകുമോ എന്ന് ചോദിച്ചുവെന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്. തങ്ങളുടെ സിനിമയിലൊരു ഡാന്‍സ് നമ്പറുണ്ടെന്നും മിഥുന്‍ പറയുന്നു. ‘നിഖിലയുടെ ഐറ്റം ഡാൻസ് ഉണ്ടോ ’ എന്ന ചോദ്യത്തിനാണ് മിഥുന്‍ മറുപടി പറഞ്ഞത്.
‘‘ഞാന്‍ ഒരു ദിവസം രാവിലെ കണ്ണ് തുറക്കുമ്പോള്‍ നിഖില ഐറ്റം ഡാന്‍സ് കളിക്കുന്നുവെന്ന് പറഞ്ഞ് വലിയ വാര്‍ത്ത. എന്നോട് സംവിധായകരായ ഒന്ന് രണ്ട് സുഹൃത്തുക്കളും ചോദിച്ചു നിഖില ഐറ്റം ഡാന്‍സ് കളിക്കുന്നുണ്ടോ എന്ന്. ഞങ്ങള്‍ ഇതൊന്നും അറിയാതെ ഒരു മൂലയ്ക്ക് ഇരിക്കുകയാണ്. നിഖിലയോട് ചോദിച്ചപ്പോള്‍ സിനിമ ഇറങ്ങട്ടെ പറയാം എന്നും പറഞ്ഞു. സത്യത്തില്‍ ഐറ്റം ഡാന്‍സ് എന്ന ആശയം തന്നെയില്ല. നമുക്ക് ഡാന്‍സുണ്ട്. ഒരാള്‍ വന്ന് ഡാന്‍സ് ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അത് നിഖിലയല്ല...’’ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്.
നിഖില വിമല്‍ ഒരു ഡാൻസ് രംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുമെന്ന പ്രചാരണങ്ങള്‍ നിർമ്മാതാവ് വിജയ് ബാബുവും കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ഇതോടെ ഈ വാര്‍ത്തകള്‍ക്ക് ഒരു ശമനം വന്നിരിക്കുകയാണ്.

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ആട് 3’ 2026 മാർച്ച്‌ 19-ന് ഈദ് റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദർശനത്തിനെത്തും. ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ‘ആട് 3’ ഒരുങ്ങുന്നത്.

Ads by Google
Tuesday 03 Mar 2026 09.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW