-->
ഭാഗ്യദേവത എന്ന സിനിമയിലെ സഹോദരി വേഷത്തിലൂടെ സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് നിഖില വിമല്‍. മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താന്‍ നിഖിലയ്ക്ക് കഴിഞ്ഞു. ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കി. തന്റെ നിലപാടുകൾ എപ്പോഴും തുറന്നുപറയുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് നിഖില. അതുകൊണ്ട് തന്നെ താരത്തിന്റെ വാക്കുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളിലും വിവാദങ്ങളിലും പെടാറുണ്ട്.
ഇപ്പോഴിതാ സിനിമയിൽ അവകാശങ്ങൾ ചോദിച്ചുവാങ്ങേണ്ടതാണെന്ന് പറയുകയാണ് നിഖില വിമല്‍. സെറ്റില്‍ ഒരു നല്ല ബാത്ത്റൂം സൗകര്യം വരെ ചോദിക്കാന്‍ പേടിയുള്ള ആളുകള്‍ ഇപ്പോഴുമുണ്ടെന്നും തന്റെ കാരവൻ കൂടെയുളള ആർക്കെങ്കിലും ആവശ്യമാണെങ്കിൽ താൻ കൊടുക്കാറുണ്ടെന്നും തനിക്ക് അതിനെപ്പറ്റി ബോധ്യമുണ്ടെന്നും പറയുകയാണ് താരം. ആറ്റിറ്റ്യൂഡുകള്‍ പിന്തുടരുന്നത് കൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലേ എന്ന ചോദ്യത്തിനാണ് നിഖില മറുപടി പറഞ്ഞത്.
എല്ലാവരും ഇന്‍ഡസ്ട്രിയില്‍ വരുമ്പോള്‍ പലരും ഉപദേശിക്കും. അതുകൊണ്ട് നമ്മള്‍ യഥാര്‍ത്ഥ സ്വഭാവം മറച്ചു വയ്ക്കേണ്ടി വരും. ഒരാളോട് ദേഷ്യമുണ്ടെങ്കിലോ എന്തെങ്കിലും പറയണമെങ്കിലോ അത് പ്രകടിപ്പിക്കാതിരിക്കും. അവസരങ്ങള്‍ ഇല്ലാതായി പോകുമോ അടുത്ത സിനിമയില്‍ കാസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന പേടി കൊണ്ടാണിത് പലരും ചെയ്യുന്നത്. അപ്പോള്‍ എന്തു സംഭവിക്കും. നമ്മുടെ ആവശ്യങ്ങളോ അവകാശങ്ങളോ എന്താണെന്ന് നിങ്ങള്‍ തിരിച്ചറിയില്ല. നമുക്ക് കിട്ടേണ്ടതായ ചില കാര്യങ്ങളുണ്ട്.
ഒരു ഉദാഹരണം പറഞ്ഞാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ സെറ്റിലെത്തിയാല്‍ ക്യാരവാന്‍ കൊടുക്കേണ്ടതാണ്. അതു വേണ്ടതാണെന്നും നിങ്ങള്‍ക്കറിയാം. എന്നെ സംബന്ധിച്ച് എനിക്ക് ക്യാരവാന്‍ ആവശ്യമാണ്. മൊബൈല്‍ ക്യാമറകള്‍ ചുറ്റുപാടും ഉള്ളതു കൊണ്ട് പൊതുവില്‍ ഡ്രസ് ചെയ്ഞ്ച് ചെയ്യുന്നതും മറ്റും അത്ര സുരക്ഷിതമല്ല. പഴയ കാലഘട്ടത്തില്‍ ഇത് അത്ര കണ്ട് പേടിക്കേണ്ടിയിരുന്നതില്ല. ആ അവസ്ഥ മാറിയതു കൊണ്ട് ഡെഫനിറ്റായും നമുക്ക് ഒരു ക്യാരവാന്‍ വേണ്ടി വരും. പക്ഷേ ചിലര്‍ ചോദിച്ചാലത് കൊടുക്കില്ല. എന്റെ കാരവൻ കൂടെയുളള ആർക്കെങ്കിലും ആവശ്യമാണെങ്കിൽ ഞാന്‍ കൊടുക്കാറുണ്ട്. എനിക്ക് അതിനെപ്പറ്റി ബോധ്യമുണ്ട്.
ക്യാരവാനല്ല ഒരു സെറ്റില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് ബാത്ത്റൂം ഫെസിലിറ്റി. അത് എല്ലാ സെറ്റിലും ഉണ്ടാവണമെന്നില്ല. സെറ്റിലുള്ള സ്ത്രീകള്‍ക്ക് നല്‍കേണ്ട ഒരു കാര്യമാണത്. എന്നാല്‍ വൃത്തിയുള്ള ബാത്ത്റൂം ചോദിക്കാമെന്നുള്ളത് അറിയാത്ത ഒരുപാട് ആളുകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. സെറ്റിൽ ഒരു നല്ല ബാത്ത്റൂം സൗകര്യം വരെ ചോദിക്കാൻ പേടിയുളള ആളുകൾ ഇപ്പോഴും ഉണ്ട്. ഇതൊക്കെ നമ്മുടെ അവകാശങ്ങളാണെന്ന് തിരിച്ചറിയില്ല പലര്‍ക്കും. അതിന്റെ കാരണം സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ച് നമുക്ക് കിട്ടുന്ന മുന്‍ധാരണകളാണ്. ബേസിക്ക് ആവശ്യങ്ങള്‍ ചോദിച്ചാല്‍ പോലും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പേടിച്ച് സര്‍വൈവ് ചെയ്യുന്ന ഒരുപാട് പേര്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴുമുണ്ട്.
ഞാന്‍ ഗവണ്‍മെന്റിന്റെ ഫിലിം പോളിസി കമ്മറ്റിയില്‍ മെമ്പറാണ്. നമുക്ക് മുന്നേയുളളവർ ചോദിച്ചത് കൊണ്ടാണ് ഇന്ന് ഈ കാണുന്നത് ഒക്കെ നമ്മൾക്ക് കിട്ടിയത്. എനിക്ക് മുന്നേയുള്ള ജെനറേഷനിലെ ആര്‍ട്ടിസ്റ്റുകള്‍ കുറെ കാര്യങ്ങള്‍ ചോദിച്ചതു കൊണ്ടാണ് കുറച്ചു കൂടി ഫ്ലെക്സിബിളായി വര്‍ക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് പറ്റിയത്. ഇന്ന് നമ്മൾ ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് ഭാവിയിൽ മറ്റുളളവർക്ക് കിട്ടും. എനിക്കു ശേഷമെത്തുന്ന അടുത്ത ജെനറേഷനിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കിട്ടണമെന്നുണ്ടെങ്കില്‍ എന്നെപ്പോലെയുള്ള ആളുകള്‍ സംസാരിക്കേണ്ടേ ? എന്നെപ്പോലെയുള്ള ആളുകള്‍ ചോദിച്ചു കഴിഞ്ഞാലേ ചിലര്‍ക്കത് അറിയാന്‍ കഴിയൂ.
പലപ്പോഴും ചോദിക്കാത്തതു കൊണ്ടാണ് സൗകര്യങ്ങള്‍ കിട്ടാത്തത്. അത് ചോദിക്കണമെങ്കില്‍ എന്താണ് വേണ്ടതെന്ന് അറിയണം. കൊടുക്കാന്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് അത്തരം സൗകര്യങ്ങള്‍ കിട്ടാറുണ്ട്. അതിനു പക്ഷേ അവബോധം വളരെ അത്യാവശ്യമാണ്...’’ നിഖില പറയുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് നിഖില സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ച് സംസാരിച്ചത്.