Wednesday, March 11, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 11.31 PM

സഞ്‌ജു എന്ന മലയാളി

uploads/news/2026/03/828073/ed.jpg

കൊല്‍ക്കത്തയിലെ ക്രിക്കറ്റ്‌ പറുദീസയില്‍ സഞ്‌ജു വിശ്വനാഥ്‌ സാംസണു വേണ്ടി ഉയര്‍ന്ന ആരവങ്ങളില്‍ മനസു നിറഞ്ഞതു കേരളത്തിന്റെ കൂടിയാണ്‌. വെസ്‌റ്റിന്‍ഡീസിനെതിരേ നിര്‍ണായക മത്‌സരത്തില്‍ സഞ്‌ജുവിന്റെ മികവിലാണ്‌ ജയിച്ചു മുന്നേറി ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയിലേക്കെത്തിയത്‌. ഒരു കലാശക്കളിയിലെ കിരീടം ഉറപ്പിക്കുന്ന പ്രകടനം ആയിരുന്നില്ലെങ്കിലും സഞ്‌ജുവും മലയാളികളും കാത്തിരുന്ന നിമിഷത്തിന്റെ പിറവിയാണുണ്ടായത്‌.
പത്തു വര്‍ഷത്തിലധികമായി ഇന്ത്യന്‍ ടീമിന്‌ അകത്തും പുറത്തുമായി സഞ്‌ജു ഉണ്ട്‌. മിന്നിയും മങ്ങിയും തുടരുന്ന കരിയറില്‍ ഒരുപാട്‌ നേട്ടങ്ങളും ആരാധകരെയും സ്വന്തമാക്കാന്‍ കഴിഞ്ഞു. പക്ഷേ, പല കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിലെ സ്‌ഥാനംമാത്രം സുരക്ഷിതമായിരുന്നില്ല. മലയാളി താരത്തിന്റെ പ്രതിഭയെ വാനോളം വാഴ്‌ത്താന്‍ മടിക്കാത്തവര്‍പോലും ഒരു വീഴ്‌ചയുണ്ടായാല്‍ സംശയാലുക്കളായി. സഞ്‌ജുവിനെ സംശയിച്ചവര്‍ക്ക്‌, അവഗണിച്ചവര്‍ക്ക്‌, ബാറ്റ്‌കൊണ്ടു പറഞ്ഞ മറുപടിക്കൊടുവില്‍ മൈതാനത്തിരുന്ന്‌ കുരിശുവരച്ച്‌ സഞ്‌ജു ദൈവത്തിനു നന്ദി പറഞ്ഞു. ആ നിമിഷം എങ്ങനെ മറക്കാനാണ്‌ മലയാളികള്‍.
സഞ്‌ജു എന്ന പേരിനൊപ്പം 'കേരളത്തില്‍നിന്നുള്ള താരം' എന്നുകൂടി എത്രയോ വട്ടം ആവര്‍ത്തിക്കപ്പെട്ടു. ഓരോ സന്ദര്‍ഭവവും മലയാളിക്ക്‌ അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും സമാനതകളില്ലാത്ത കായിക നിമിഷമേകി. ക്രിക്കറ്റ്‌ ലോകം സഞ്‌ജുവിനെക്കുറിച്ച്‌ ഇത്രയേറെ സംസാരിക്കുന്നതും ആരാധകര്‍ ആ പേരു കേള്‍ക്കുമ്പോഴെല്ലാം ആരവമുയര്‍ത്തുന്നതും പല പ്രമുഖ താരങ്ങളെയടക്കം അമ്പരപ്പിച്ചിരുന്നു. ആ സ്‌നേഹവും കാണികള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും താന്‍ അര്‍ഹിച്ചിരുന്നുവെന്ന്‌ ഈഡന്‍ ഗാര്‍ഡനിലെ ഒന്നാന്തരം ബാറ്റിങ്ങിലൂടെ ബോധ്യപ്പെടുത്തുകയാണു സഞ്‌ജു ചെയ്‌തത്‌.
ലോകകപ്പിനുള്ള ടീമില്‍ ഇടംനേടിയശേഷം സഞ്‌ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അമ്പേ പരാജയപ്പെട്ടു. തുടര്‍ന്ന്‌, ലോകകപ്പിനോടനുബന്ധിച്ചു നടന്ന പത്രസമ്മളനത്തില്‍ സഞ്‌ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ നല്‍കിയ മറുപടി ആരാധകര്‍ക്കു നിരാശയുമായി. 'സഞ്‌ജുവിനെ കളിപ്പിക്കാന്‍ ഞാന്‍ അഭിഷേക്‌ ശര്‍മ്മയെയോ തിലക്‌ വര്‍മ്മയെയോ മാറ്റണോ' എന്നു ചിരിച്ചുകൊണ്ടാണ്‌ ഇന്ത്യന്‍ നായകന്‍ ചോദിച്ചത്‌. സൂര്യയുടെ പ്രതികരണം പരിഹാസമായി വ്യാഖ്യാനിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്‌തു. വിന്‍ഡീസിനെതിരേ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ്‌ നേടിയശേഷം വികാരങ്ങളടക്കാനാകാതെ നിന്ന സഞ്‌ജുവിനെയാണ്‌ മൈതാനത്തു കണ്ടത്‌. അഭിനന്ദിക്കാനായി മൈതാനത്തിറങ്ങിയ സൂര്യ, സഞ്‌ജുവിനെ വണങ്ങിയും കെട്ടിപ്പിടിച്ചുമാണ്‌ സന്തോഷം പ്രകടിപ്പിച്ചത്‌. നല്ല ആളുകള്‍ക്ക്‌ നല്ലതു സംഭവിക്കുമെന്ന്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിക്കുകയും ചെയ്‌തു. മത്സരശേഷം സഞ്‌ജു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമാണ്‌: 'കരിയറില്‍ വിജയങ്ങള്‍ അനുഭവിച്ചപ്പോള്‍, സമ്മര്‍ദ്ദം അലട്ടിയപ്പോള്‍, ഞാന്‍ എന്നെതന്നെ സംശയിച്ചിരുന്നു. എന്നെക്കൊണ്ട്‌ ഇനി എന്തെങ്കിലും സാധിക്കുമോ എന്നു വിഷമിച്ച പ്രതിസന്ധി ഘട്ടങ്ങളും കരിയറിലുണ്ടായി. പക്ഷേ, അപ്പോഴെല്ലാം ഞാന്‍ ദൈവത്തില്‍ വിശ്വസിച്ച്‌ എന്നെത്തന്നെ തട്ടിയുണര്‍ത്തി. എന്റെ ശ്രമം ഗുണം ചെയ്‌തു. പക്ഷേ, അപ്പോഴും എന്നില്‍നിന്ന്‌ ഇങ്ങനെയൊരു സ്‌പെഷല്‍ ഇന്നിങ്‌സ്‌ ഉണ്ടാകുമെന്നു ഞാന്‍ കരുതിയില്ല. ആജീവനാന്തം ഓര്‍ത്തുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ചില നിമിഷങ്ങളാണിത്‌'.
കേരളത്തിന്റെ കായികവിലാസത്തിനാണ്‌ സഞ്‌ജു സൂര്യശോഭയേകിയത്‌. ദേശീയ ടീമിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലടക്കം സഞ്ചരിക്കുമ്പോഴും ഒരു മലയാളിയുടെ സാന്നിധ്യം അറിയിക്കാന്‍ സഞ്‌ജുവിനു കഴിഞ്ഞിട്ടുണ്ട്‌. മലയാള ഭാഷയിലുള്ള സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും സഹകളിക്കാര്‍ക്കൊപ്പം മലയാളത്തിലുള്ള റീലുകളും വൈറലാകുകയുണ്ടായി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്‌' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന മലയാളം റാപ്പ്‌ വരികളാണ്‌ അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്‌. തന്റെ ബാറ്റിങ്‌ ശൈലിയെ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ അഭിനയശൈലിയോട്‌ ഉപമിച്ചു സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു. എല്ലാ വേഷങ്ങളും ചെയ്യുന്ന ലാലിനെപ്പോലെ എത്‌ ബാറ്റിങ്‌ പൊസിഷനിലും കളിക്കാന്‍ തയാറാണെന്നു പറയുകയാണ്‌ സഞ്‌ജു ചെയ്‌തത്‌.
ലോകത്തിന്റെ ഏതു ഭാഗത്തു കളി നടന്നാലും ആരാധകര്‍ ഇന്ന്‌ 'ചേട്ടാ... ചേട്ടാ' എന്നു വിളിച്ചാണ്‌ പ്രോത്സാഹിപ്പിക്കാറുള്ളത്‌. ഒരു മലയാളി താരമായതിനാല്‍ ആരാധകര്‍ ഏറ്റെടുത്ത വാക്കില്‍ അഭിമാനവും സന്തോഷവുമാണ്‌ സഞ്‌ജു പ്രകടിപ്പിച്ചിട്ടുള്ളത്‌. ആരാധക സ്‌നേഹത്തിനൊപ്പം സഞ്‌ജു 'ചേട്ട'ന്റെ മലയാളത്തിനും മലയാളിത്തത്തിനും ക്രിക്കറ്റ്‌ മികവിനും കിട്ടുന്ന സ്വീകാര്യത കേരളത്തിനു സമ്മാനിക്കുന്നതു പുതുമയുള്ളതും അഭിമാനകരവുമായ അനുഭവങ്ങളാണ്‌.

Ads by Google
Monday 02 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW