-->
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ ഏറെ നിറയുന്നത് ഇസ്രയേൽ- ഇറാൻ സംഘർഷമാണ്. ഈ സംഘര്‍ഷത്തിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും ഒരു വലിയ നിര തന്നെ വന്നു. ഈ വാർത്തകൾ കൂടി പുറത്തുവന്നതോടെ ഗൾഫിലെ പ്രവാസികളുടെ സുരക്ഷയിൽ കേരളജനതയും ആശങ്കയിലാണ്. പലരും തങ്ങളുടെ ബന്ധുക്കള്‍ സുരക്ഷിതരായിരിക്കണമെന്ന പ്രാര്‍ത്ഥനയിലാണ്.
ഇപ്പോഴിതാ ഇറാൻ-ഇസ്രയേൽ സംഘർഷത്തില്‍ തന്റെ പ്രതികരണം അറിയിട്ടുകയാണ് നടൻ മമ്മൂട്ടി. ഈ യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയിക്കുമെന്നാണ് വിചാരിക്കുന്നതെന്നും മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ എന്നും മമ്മൂട്ടി പറഞ്ഞു.
കൊച്ചിയിൽ വച്ച് നടന്ന സംവിധായകൻ ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഓർമകളുണ്ടായിരിക്കണം എന്ന പരിപാടിയിൽ സംസാരിച്ചപ്പോഴാണ് മമ്മൂട്ടിയിത് പറഞ്ഞത്.
‘‘സിനിമ ചർച്ചകളിലും തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്കങ്ങനെ എല്ലാ സിനിമകളുടെയും കഥകൾ ഇഷ്‌ടപ്പെടണമെന്നില്ല. ഞങ്ങൾ തമ്മിൽ (ടി വി ചന്ദ്രൻ) പല തരത്തിലുള്ള യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഞങ്ങൾ രണ്ടു പേരും തോല്ക്കും. അല്ലെങ്കിൽ ഞങ്ങളിൽ ഒരാൾ ജയിക്കും. അങ്ങനെയാണ്. അത് എല്ലാ യുദ്ധങ്ങളിലുമുണ്ട്.
ഇപ്പോഴും പുറത്ത് ഒരു യുദ്ധം നടക്കുകയാണ്. ആര് ജയിക്കും എന്ന് അറിയില്ല. ഈ യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ജയിക്കുമെന്നാണ് വിചാരിക്കുന്നത്. മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ...’’ മമ്മൂട്ടി പറഞ്ഞു.
കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പാട്രിയറ്റ്, പദയാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ധനുഷ് നായകനായെത്തുന്ന ഡി 55 എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രകളും മുടങ്ങിയിട്ടുണ്ട്. അതോടെ ഗൾഫ് പ്രവാസികളുടെ ബന്ധുക്കളടക്കം വലിയ ആശങ്കയിലാണ്. റമസാൻ നോമ്പുകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ഇസ്രയേൽ- ഇറാൻ സംഘർഷം വലിയ തോതില്‍ കേരളത്തിന്റെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. ഗൾഫിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും വിഡിയോ കോളിലൂടെയും ബന്ധപ്പെട്ടാണ് നാട്ടിലുള്ളവർ സ്ഥിതിഗതികള്‍ അറിയാന്‍ ശ്രമിക്കുന്നത്. പ്രവാസികൾ ഉൾപ്പെട്ട ഗ്രൂപ്പുകളിൽ ടെക്സ്റ്റ് മെസേജുകളിലും നിറയുന്നത് സംഘർഷം വൻയുദ്ധത്തിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കകളാണ്.