-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പടിഞ്ഞാറന്‍ സഹാറ മരുഭൂമിയില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ഭീതി പരത്തുന്നത്. മരുഭൂമിയിലെ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടത്തോടെ വന്ന് പൊതിയുന്ന ഭയാനക കാഴ്ചയാണിത്. ഒരു വലിയ പൊടിക്കാറ്റ് ഇരച്ചെത്തുന്നതുപോലെ പറന്നെത്തിയ വെട്ടുകിളികള്‍ വാഹനങ്ങളെ വളയുകയും ഇതോടെ കാഴ്ച മങ്ങിയ ഡ്രൈവര്‍മണാര്‍ക്ക് വാഹനങ്ങള്‍ മുന്നോട്ട് എടുക്കാന്‍ കഴിയാത്ത അവസ്ഥയായി. സിനിമകളെ വെല്ലുന്ന രീതിയില്‍ വാഹനങ്ങളുടെ ഗ്ലാസുകളിലേക്ക് വെട്ടുകിളികള്‍ ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണിത്. മഴക്കാലത്തിന് ശേഷം മണ്ണിലുണ്ടാകുന്ന ഈര്‍പ്പം വെട്ടുകിളികളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ 80 ദശലക്ഷം വെട്ടുകിളികള്‍ വരെ ഉണ്ടാകാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവ നേരിട്ട് മനുഷ്യരെ ഉപദ്രവിക്കില്ലെങ്കിലും പരിസ്ഥിതിക്കും കൃഷിക്കും വരുത്തുന്ന നാശം ഗുരുതരമാണ്. ഒരു ദിവസം ഏകദേശം 35,000 ആളുകള്‍ കഴിക്കുന്ന അത്രയും ഭക്ഷണം നശിപ്പിക്കാന്‍ ഒരു ചെറിയ വെട്ടുകിളി കൂട്ടത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
കാറ്റിനൊപ്പം 150 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവ പടിഞ്ഞാറന്‍ സഹാറയ്ക്ക് പുറമെ മൗറീഷ്യാന, മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസം വരെ ഇവയുടെ സാന്നിധ്യം തുടരുമെന്നാണ് മുന്നറിയിപ്പ്. കൃഷിയിടങ്ങളും കന്നുകാലികള്‍ക്കുള്ള പുല്ലും ഇവ വ്യാപകമായി നശിപ്പിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വെട്ടുകിളികളുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Locust swarm in the Sahara Desert🦗🦗🦗 pic.twitter.com/hiAC8apWga— UFO mania (@maniaUFO) February 27, 2026