-->
യു.എസ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരേ സൈനിക നടപടികള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഭരണഘടനാപരമായ അധികാരം ഉണ്ടോ? യു.എസിലെ നിയമവിദഗ്‌ദ്ധര്‍ക്ക് ആശയക്കുഴപ്പം. യുദ്ധം ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഴിഞ്ഞ വര്‍ഷം ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ബോംബിട്ടതും, ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതുപോലെയുള്ള ആക്രമണങ്ങള്‍ കാര്യനിര്‍വഹണ അധികാരം, പ്രസിഡന്‍ഷ്യല്‍ അധികാരങ്ങളുടെ വ്യാപ്‌തി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ച യു.എസില്‍ സജ്‌ജീവമാക്കി.
വൈറ്റ് ഹൗസ് ഇതുവരെ യാതൊരു നിയമപരമായ ന്യായീകരണവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. കൂടാതെ, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പോലും യുദ്ധത്തിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
'ഇറാനില്‍ കടന്നുകയറിയതിലൂടെ ട്രംപ് ഭരണഘടനയെ ലംഘിച്ചു, കാരണം യുദ്ധം പ്രഖ്യാപിക്കാനും അമേരിക്കന്‍ സൈനികരെ യുദ്ധത്തിലേക്ക് അയയ്‌ക്കാനും ആര്‍ക്കാണ് അധികാരം എന്ന കാര്യത്തില്‍ ഭരണഘടന വ്യക്‌തമായി പറയുന്നു. അത് കോണ്‍ഗ്രസിന് മാത്രമാണ്. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ വൈദഗ്‌ധ്യമുള്ള അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനിലെ (എ.സി.എല്‍.യു) അഭിഭാഷകനായ ക്രിസ്‌റ്റഫര്‍ ആന്‍ഡ്രേസ് പറഞ്ഞു.'പ്രസിഡന്റ് യുദ്ധത്തിനായി കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അധികാരം സ്വന്തമായി എടുക്കാന്‍ ശ്രമിച്ചിരിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം പ്രഖ്യാപിക്കാനോ അംഗീകരിക്കാനോ കോണ്‍ഗ്രസിന് മാത്രമാണ് അധികാരമെന്ന് യു.എസ്. ഭരണഘടന വ്യക്‌തമാക്കുന്നു. 'ഇത് വളരെ വ്യക്‌തമായി ഒരു യുദ്ധമാണ്'- ജോര്‍ജിയ മാന്‍സണ്‍ സര്‍വകലാശാലയിലെ നിയമ പ്രഫസര്‍ ഇലിയ സോമിന്‍ പറഞ്ഞു. 'നിങ്ങള്‍ എന്റെ വാക്ക് വിശ്വസിക്കണമെന്നില്ല;ട്രംപ് പോലും ഇത് ഒരു യുദ്ധമാണെന്ന് പറയുന്നു.'
ആക്രമണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ ട്രംപ് പറഞ്ഞത്: 'ഇറാന്‍ ഭരണകൂടം കൊലപാതകങ്ങള്‍ക്കാണു ശ്രമിക്കുന്നത്. ധീരരായ അമേരിക്കന്‍ വീരന്‍മാരുടെ ജീവന്‍ നഷ്‌ടപ്പെട്ടേക്കാം, നമുക്ക് ആളപായം സംഭവിക്കാം. അത് യുദ്ധത്തില്‍ സാധാരണയായി സംഭവിക്കുന്നതാണ്. പക്ഷേ, നമ്മള്‍ ഇത് ഭാവിക്ക് വേണ്ടിയാണു ചെയ്യുന്നത്. ഇതൊരു ശ്രേഷ്‌ഠമായ ദൗത്യമാണ്.' എന്നാണ്.
കോണ്‍ഗ്രസിന് മാത്രമാണ് യുദ്ധം പ്രഖ്യാപിക്കാനോ അംഗീകരിക്കാനോ കഴിയുമെങ്കിലും, ട്രംപും മറ്റ് പ്രസിഡന്റുമാരും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട് സ്‌ഥിരമായി ഉദ്ധരിക്കാറുണ്ട്. ഇതനുസരിച്ച്, വിദേശ രാജ്യങ്ങളില്‍ അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഇടപഴകലുകളില്‍ അമേരിക്കന്‍ സൈനികരെ നയിക്കാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന് അധികാരമുണ്ട്.
കൂടാതെ, സുപ്രീം കോടതി ട്രംപിന്റെ അധികാരപരമായ ഉപയോഗം ഉദാരമായി അംഗീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് 2024ലെ പ്രതിരോധം സംബന്ധിച്ച വിധിയില്‍. കഴിഞ്ഞ വര്‍ഷം ഇറാനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ആര്‍ട്ടിക്കിള്‍ 2 അധികാരം ഉപയോഗിക്കാനുള്ള വിശകലനത്തിന് അത് കാരണമായി എന്ന് അന്നത്തെ ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
അടുത്തിടെ നടന്ന നിക്കോളാസ് മഡൂറോയെ പിടികൂടിയ അമേരിക്കന്‍ സൈനിക നടപടിക്ക് നിയമപരമായ ന്യായീകരണമായി ആര്‍ട്ടിക്കിള്‍ 2 ഭാഗികമായി ഉപയോഗിച്ചു. വിദേശത്ത് നിയമ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ട്രംപിന് ആഭ്യന്തര നിയമങ്ങള്‍ പരിമിതികളെല്ലന്ന് നീതിന്യായ വകുപ്പ് രഹസ്യമായ ഒരു നിയമപരമായ അഭിപ്രായം പുറപ്പെടുവിച്ചു.
യുദ്ധം കൂടുതല്‍ നീണ്ടുപോയാല്‍
ദൗത്യത്തിന്റെ വ്യാപ്‌തി, തോത്, കാലദൈര്‍ഘ്യം എന്നിവ ഭരണഘടനാപരമായ അര്‍ത്ഥത്തില്‍ യുദ്ധമായി കണക്കാക്കാനാവില്ലെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും നീതിന്യായ വകുപ്പിന്റെ ലീഗല്‍ കൗണ്‍സില്‍ വാദിച്ചിരുന്നു.
വ്യാപ്‌തി, തോത്, കാലദൈര്‍ഘ്യം എന്നിവയുടെ ചോദ്യം ഇപ്പോഴത്തെ ഇറാന്‍ നടപടികളിലും ഉയര്‍ന്നുവരും. ആക്രമണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയില്‍ ട്രംപ് ഈ സൈനിക പ്രചാരണത്തെ 'വ്യാപ്‌തിയുള്ളതും തുടരുന്നതും' എന്ന് വിശേഷിപ്പിച്ചു. രണ്ട് സ്രോതസുകള്‍ അനുസരിച്ച്, അമേരിക്കന്‍ സൈന്യം നിരവധി ദിവസത്തെ ആക്രമണങ്ങള്‍ക്കായി തയാറെടുക്കുകയാണ്.
'ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാന്‍ നീതിന്യായ വകുപ്പ് തുടര്‍ച്ചയായി സംശയകരമായ വാദങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്, എന്നാല്‍ ഈ വാദങ്ങളെല്ലാം ആക്രമണങ്ങള്‍ പരിമിതമാണെന്നും വിശാലമായ യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്നും ഉള്ള പ്രസ്‌താവനകളെ ആശ്രയിച്ചിരിക്കുന്നു, - നിയമ വിദഗ്‌ധര്‍ പറഞ്ഞു.
ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ്, ബരാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരുടെ ഭരണകാലഘട്ടങ്ങളിലെ വിവിധ സൈനിക നടപടികള്‍ക്ക് ആര്‍ട്ടിക്കിള്‍ 2 അധികാരങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്.
'അമേരിക്ക ലോകത്തിന്റെ പോലീസുകാരനെല്ലങ്കിലും, അതിന്റെ ശക്‌തി വര്‍ധിച്ചപ്പോള്‍, അതിന്റെ പ്രാദേശിക താല്‍പ്പര്യങ്ങളുടെ വ്യാപ്‌തി വര്‍ധിക്കുകയും വിദേശ അസ്വസ്‌ഥതകള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഭീഷണികള്‍ വര്‍ധിക്കുകയും ചെയ്‌തിരിക്കുന്നു'- 2018ലെ സിറിയയിലെ വ്യോമാക്രമണങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു.
കൂടാതെ, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങള്‍ പലപ്പോഴും 2002ലെ ഇറാഖിനെതിരായ സൈനിക ശക്‌തി ഉപയോഗിക്കാനുള്ള അംഗീകാരം ഉപയോഗിച്ചിട്ടുണ്ട്. അല്‍ഖ്വയ്‌ദയ്‌ക്കും അനുബന്ധ ഗ്രൂപ്പുകള്‍ക്കുമെതിരേ നടപടിയെടുക്കാന്‍ അംഗീകാരം നല്‍കിയ വകുപ്പ് അമേരിക്കന്‍ ഭീകരാക്രമണത്തിനു ശേഷമുള്ള കാലഘട്ടത്തിന് അപ്പുറം ഉപയോഗിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിലപാട്
ഇറാനെതിരേ നടത്തിയ ആക്രമണങ്ങളെ പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ അംഗീകരിക്കുന്നില്ല. 'അനാവശ്യമായ' യുദ്ധമെന്നാണ് അവരുടെ വിലയിരുത്തല്‍. യു.എസ്. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് പ്രസിഡന്റിനെ തടയാന്‍ ആവശ്യമായ നിയമനിര്‍മാണം ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ അവര്‍ സെനറ്റിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
സെനറ്റ് സായുധ സേനാ സമിതിയുടെയും വിദേശ ബന്ധ സമിതിയുടെയും അംഗമായ സെനറ്റര്‍ ടിം കെയ്‌ന്‍, ഇറാനെ ആക്രമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടത് വലിയ തെറ്റാണെന്നു പറഞ്ഞു. സെനറ്റ് ഉടന്‍ തന്നെ സമ്മേളിച്ച് ഇറാനെതിരായ ശത്രുതയില്‍ യു.എസ്. സേനയുടെ ഉപയോഗം തടയുന്നതിനുള്ള പ്രമേയത്തില്‍ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിന്റെ എക്‌സിക്യൂട്ടീവ് അധികാരത്തിന്മേലുള്ള നിയമനിര്‍മാണ പരിശോധനയ്‌ക്കുള്ള നീക്കത്തിന് സെനറ്റില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുണ്ട്.
സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ മാര്‍ക്ക് വാര്‍ണര്‍ യുദ്ധത്തെ അപലപിച്ചു.
ഇറാഖ് യുദ്ധം പോലുള്ള 'കഴിഞ്ഞ കാലത്തെ തെറ്റുകള്‍' ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എക്‌സിക്യൂട്ടീവ് സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം പ്രധാനമായും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ളതാണ്, എന്നാല്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആ നീക്കത്തെ പിന്തുണയ്‌ക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി, ആക്രമണങ്ങളെ 'കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാത്ത യുദ്ധ നടപടികള്‍' എന്ന് വിശേഷിപ്പിച്ചു. 'ഞാന്‍ ഈ യുദ്ധത്തെ എതിര്‍ക്കുന്നു. ഇത് അമേരിക്ക ഫസ്‌റ്റ് അല്ല,' അദ്ദേഹം എക്‌സില്‍ എഴുതി.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍, തന്റെ യുദ്ധത്തോടുള്ള എതിര്‍പ്പ് ഭരണഘടനാപരമായ തത്വങ്ങളെ അടിസ്‌ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞു. 'എന്റെ സത്യപ്രതിജ്‌ഞ ഭരണഘടനയോടാണ്, അതിനാല്‍ ശ്രദ്ധാപൂര്‍വമായ പരിഗണനയോടെ, മറ്റൊരു പ്രസിഡന്‍ഷ്യല്‍ യുദ്ധത്തെ ഞാന്‍ എതിര്‍ക്കണം' അദ്ദേഹം എക്‌സില്‍ കുറിച്ചു.