-->
പശ്‌ചിമേഷ്യയില്‍ യു.എസ്.- ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയിരിക്കുന്നു. ലോക സാഹചര്യങ്ങളിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു രീതിയിലാണു സംഭവവികാസങ്ങള്‍.
യു.എസ്.- ഇസ്രയേല്‍ സഖ്യം ഇറാനിലെ പ്രധാന നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ശക്‌തമായ വ്യോമാക്രമണം നടത്തുകയും ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘാതമാണിത്. തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിലേക്കും പശ്‌ചിമേഷ്യയിലെ യു.എസ്. സൈനിക താവളങ്ങളിലേക്കും മിസൈല്‍ , ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. പശ്‌ചിമേഷ്യയിലെ ആകാശപാതകള്‍ അടച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചേക്കാമെന്ന ഭീതിശക്‌തം. ഇത് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് കുതിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തലാണുള്ളത്.
ഏറ്റുമുട്ടല്‍ നീണ്ടുനിന്നാല്‍ ഉത്‌പാദന വിതരണ ശൃംഖലകള്‍ തകരുകയും ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. ചൈനയും റഷ്യയും യു.എസ്. നടപടിയെ ശക്‌തമായി അപലപിച്ച് രംഗത്തുവരുകയുണ്ടായി. ഇതു ലോകശക്‌തികള്‍ക്കിടയിലുള്ള ധ്രുവീകരണം വര്‍ധിക്കാന്‍ കാരണമായേക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ തൊണ്ണൂറു ശതമാനവും ഈ മേഖലയില്‍നിന്നാണ്. എണ്ണവില ഉയരുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നു.
പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും നാട്ടിലുള്ള ബന്ധുക്കളുടെ ആശങ്കയും കണക്കിലെടുത്തുള്ളെ നടപടികള്‍ രാജ്യത്തുണ്ടാകണം. ഇപ്പോഴത്തെ പ്രതിസന്ധി ചരക്കുനീക്കം തടസപ്പെടുന്നതിനും കാരണമാകും. ഇന്ത്യയുടെ അരി, തേയില തുടങ്ങിയ കയറ്റുമതികളെയാകും ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.
1948 ല്‍ ഇസ്രയേല്‍ രൂപീകൃതമായപ്പോള്‍ ഇറാന്‍ അവരെ അംഗീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സുരക്ഷാബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്‌തിരുന്നു. 1979 ലെ വിപ്ലവത്തോടെയാണു ബന്ധത്തില്‍ ഉലച്ചില്‍ പൂര്‍ണമായത്. ഇസ്രയേലിനെ ഇറാന്‍ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇസ്രയേലുമായും പശ്‌ചിമേഷ്യന്‍ രാജ്യങ്ങളുമായും ഒരേപോലെ ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഈയൊരു യുദ്ധം ഇന്ത്യയ്‌ക്കു നയതന്ത്ര വെല്ലുവിളിയുടേതുമാണ്. ഇന്ത്യ മിഡില്‍ ഈസ്‌റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കം വന്‍കിട പദ്ധതികള്‍ അനിശ്‌ചിതത്വത്തിലാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയുടെ ഇന്ധന സുരക്ഷയെയും പ്രവാസികളെയും നേരിട്ട് ബാധിക്കുമെന്നതു കൊണ്ടുതന്നെ യുദ്ധം ഇന്ത്യയില്‍ സുഷ്‌ടിക്കുന്ന നടുക്കം ഏറെ വലുതാണ്.