Thursday, March 12, 2026 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
രാജു പോള്‍
Saturday 28 Feb 2026 11.34 PM

കുവൈത്ത്‌ വായ്‌പാ തട്ടിപ്പ്‌: അല്‍ അലി ബാങ്കിന്റെ കേസുകള്‍ ക്രൈംബ്രാഞ്ചിന്‌; അറസ്‌റ്റിന്‌ വഴിതുറന്ന്‌ ഹൈക്കോടതി

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌, വെള്ളൂര്‍, വൈക്കം, തലയോലപ്പറമ്പ്‌, എറണാകുളം ജില്ലയിലെ പോത്താനിക്കാട്‌, കോതമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലെ പ്രതികളില്‍ വലിയൊരു വിഭാഗം സ്‌ത്രീകളാണ്‌.
uploads/news/2026/02/827834/k3.jpg

കൊച്ചി: വമ്പന്‍ വായ്‌പകള്‍ തിരിച്ചടയ്‌ക്കാതെ കുവൈത്ത്‌ വിട്ട മലയാളികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കേരള ക്രൈം ബ്രാഞ്ചിലേക്ക്‌ മാറ്റാന്‍ ഹൈക്കോടതി. കുവൈത്തിലെ അല്‍ അലി ബാങ്ക്‌ കോടിക്കണക്കിന്‌ ദിനാര്‍ തിരിച്ചുപിടിക്കാന്‍ മാസങ്ങളായി കേരളത്തില്‍ നടത്തുന്ന നിയമനടപടികള്‍ക്കു ഹൈക്കോടതി ഉത്തരവ്‌ ഊര്‍ജം പകരും.അല്‍-അലി ബാങ്കിന്റെ ചീഫ്‌ കണ്‍സ്യൂമര്‍ ഓഫീസര്‍ മുഹമ്മദ്‌ അല്‍ ഖത്താന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌, വായ്‌പയെടുത്ത്‌ തട്ടിപ്പ്‌ നടത്തിയ വ്യക്‌തികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവായത്‌.

വിദേശത്തുനിന്നു വായ്‌പയെടുത്ത പണം ഇന്ത്യയിലേക്ക്‌ അനധികൃതമായെത്തിക്കുകയും വഴിമാറ്റി ചെലവഴിക്കുകയും ചെയ്യുകയായിരുന്നു.
ഇതുസംബന്ധിച്ച്‌ കുടിശികക്കാര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ പരാതി നല്‍കാനുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി ബാങ്ക്‌ പ്രതിനിധികള്‍ പറഞ്ഞു.

ഒരു വായ്‌പാ തട്ടിപ്പിനെത്തുടര്‍ന്ന്‌ യു.എ.ഇയിലെ ഇന്‍വെസ്‌റ്റ്‌ ബാങ്ക്‌ പി.എസ്‌.സി. നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ കാസര്‍ഗോഡുള്ള ദമ്പതികളുടെയും മകന്റെയും ഉടമസ്‌ഥതയിലുള്ള 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൊച്ചി ഇ.ഡി. സോണല്‍ ഓഫീസ്‌ ഈയിടെ കണ്ടുകെട്ടിയിരുന്നു.

പ്രതികള്‍ മനഃപൂര്‍വം, സത്യസന്ധതയില്ലാതെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ്‌ പ്രോസിക്യൂഷന്‍ കേസിലെ പ്രധാന ആരോപണം. വായ്‌പയെടുത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഫണ്ട്‌ മാറ്റിയശേഷം കുവൈത്ത്‌ വിട്ട്‌ മറ്റു രാജ്യങ്ങളില്‍ ജോലി നേടിയവര്‍ക്കെതിരേ അല്‍ അലി ബാങ്ക്‌ പരാതി നല്‍കിയതോടെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 പ്രകാരം ഏഴു വര്‍ഷം വരെ തടവുംപിഴയും ലഭിക്കാവുന്ന കുറ്റമാണ്‌.

എ.ഡി.ജി.പി. ക്രൈംബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ നിഷ്‌പക്ഷവും ഫലപ്രദവുമായ അന്വേഷണം നടത്താന്‍ ഒരു ഉദ്യോഗസ്‌ഥനെ ഉടന്‍ നിയോഗിക്കണമെന്ന്‌ ഹൈക്കോടതിയോട്‌ അല്‍ അലി ബാങ്ക്‌ ഓഫ്‌ കുവൈത്ത്‌ അപേക്ഷിച്ചിരുന്നു. ബാങ്ക്‌ പ്രതിനിധികള്‍ ലോക്കല്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളുടെ അടിസ്‌ഥാനത്തില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ സംസ്‌ഥാന ക്രൈം ബ്രാഞ്ചിലേക്ക്‌ മാറ്റണമെന്നും എസ്‌.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കണമെന്നും ജസ്‌റ്റിസ്‌ കെ. ബാബു നിര്‍ദേശിച്ചു.

ഹൈക്കോടതിയുടെ ഉത്തരവു വന്നതിന്റെ തൊട്ടു പിന്നാലെ ഈ കേസുകളിലൊന്നിലെ പ്രതി തന്റെ പേരിലുണ്ടായിരുന്ന 77,34,860 രൂപ (25,783 കുവൈറ്റി ദിനാര്‍) കുടിശിക തുക പൂര്‍ണമായി തിരിച്ചടച്ചു.
അങ്കമാലി പോലീസ്‌ സേ്‌റ്റഷനില്‍ ഇതു സംബന്ധിച്ചു രജിസ്‌റ്റര്‍ ചെയ്‌തിരുന്ന കേസ്‌ ഇതോടെ പിന്‍വലിച്ചതായി ബാങ്ക്‌ വക്‌താവ്‌ പറഞ്ഞു.
അതിനിടെ, കേസ്‌ നടപടി ഒഴിവാക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ഒട്ടേറെപ്പേര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്‌തമാക്കി.
പ്രതികളില്‍നിന്നു തിരിച്ചുപിടിക്കേണ്ട ആകെ തുക ഏകദേശം 10 കോടി രൂപയാണ്‌.

മലയാളികള്‍ കബളിപ്പിച്ച കേസുകളില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ച്‌ ക്രമസമാധാന വകുപ്പ്‌ എ.ഡി.ജി.പി. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പ്രതികളില്‍ ചിലര്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താലാണ്‌ അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറുന്നതെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി.

ബാങ്കുകളുടെ കണക്കനുസരിച്ച്‌, വായ്‌പയെടുത്ത്‌ മുങ്ങിയവരില്‍ ഭൂരിഭാഗവും കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
ഇവരില്‍ പലരും അയര്‍ലന്‍ഡ്‌, യു.കെ, യു.എസ്‌, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയതായി പിന്നീട്‌ ബാങ്കുകള്‍ കണ്ടെത്തി. അപേക്ഷകരുടെ ജോലിയും ശമ്പളവും അടിസ്‌ഥാനമാക്കിയാണു വായ്‌പകള്‍ നല്‍കിയിരുന്നത്‌.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌, വെള്ളൂര്‍, വൈക്കം, തലയോലപ്പറമ്പ്‌, എറണാകുളം ജില്ലയിലെ പോത്താനിക്കാട്‌, കോതമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലെ പ്രതികളില്‍ വലിയൊരു വിഭാഗം സ്‌ത്രീകളാണ്‌. ഇന്ത്യയില്‍ അവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ താമസിക്കുന്ന രാജ്യവുമായും പങ്കിടേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ക്രിമിനല്‍ നിയമ നടപടിക്കു വിധേയരാകുന്ന വ്യക്‌തികള്‍ക്ക്‌ ഇന്ത്യയിലേക്കും പുറത്തേക്കും യാത്രാ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്നു നിയമ വിദഗ്‌ധര്‍ പറഞ്ഞു.

രാജുപോള്‍

Ads by Google
രാജു പോള്‍
രാജു പോള്‍
Saturday 28 Feb 2026 11.34 PM
Ads by Google
LATEST NEWS
TRENDING NOW