-->
മട്ടാഞ്ചേരി: ഗള്‍ഫിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുകയറി. ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞുമുണ്ടായ വന്‍ കുതിപ്പോടെ സ്വര്‍ണം പവന് 1,23,720 രൂപയായി. ഗ്രാമിന് 15,465 രൂപ.
രാജ്യാന്തര വില ഔണ്‍സിന് (31.1 ഗ്രാം) 5,278 ഡോളറായയതോടെയാണ് സ്വര്‍ണത്തിന്റെ ആഭ്യന്തര വില കുതിച്ചുയര്‍ന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്ന പവന്‍വില അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം കടന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പവന് 24,680 രൂപ കൂടി. ജനുവരി 29 നാണ് 1,31,160 രൂപയില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. പിന്നീട് കുറഞ്ഞും കുടിയും ഇന്നലെ വരെ വ്യാപാരം തുടരുകയായിരുന്നു.
അമേരിക്ക ഇറാനില്‍ ആക്രമണം ശക്‌തമാക്കിയതും യു.എസും യു.കെയും പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ടതുമാണ് ആഗോള തലത്തില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയെന്നാണു വിലയിരുത്തല്‍. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. സ്വര്‍ണം 24 കാരറ്റ് പവന് 5,710 രൂപ കൂടി 1,34,970 രൂപ. 18 കാരറ്റ് പവന് 4,280 രൂപ കൂടി 1,01 220 രൂപ. വെള്ളി ഗ്രാമിന് 25 രൂപ കൂടി 320 രൂപ. വിനിമയ നിരക്കില്‍ രൂപ 91.08 ആയി ഇടിഞ്ഞു.