Saturday, March 14, 2026 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 12.37 PM

മദ്ധ്യേഷ്യയില്‍ വീണ്ടും യുദ്ധഭീതി ; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം ; മൂന്നിടത്ത് സ്‌ഫോടനം

uploads/news/2026/02/827751/war.jpg

ടെഹ്‌റാന്‍: മദ്ധ്യേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്ക് നയിച്ച് ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. ശനിയാഴ്ച രാവിലെ ടെഹ്റാനില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. ടഹ്റാനില്‍ കുറഞ്ഞത് മൂന്നോ നാലോ സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായിട്ടാണ് അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെഹ്റാനില്‍, ജോംഹൗരി സ്‌ക്വയറിലും ഹസ്സന്‍ അബാദ് സ്‌ക്വയറിലും പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്ക കൂടി പങ്കാളിയായ ഓപ്പറേഷനാണെന്നാണ് വിവരം.

ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയതായും സംരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധം മുന്‍നിര്‍ത്തിയുള്ള മുന്നറിയിപ്പാണ് ഇതെന്നും സുരക്ഷിതമായ ഇടങ്ങള്‍ക്ക് സമീപം തന്നെ തുടരാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആയത്തുള്ള ഖുമേനിയുടെ ഓഫീസിന് സമീപത്തും വരെ ആക്രമണം നടന്നതായിട്ടാണ് വിവരം. അദ്ദേഹം ടെഹ്റാനില്‍ ഇല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

30 ഇടങ്ങളില്‍ സ്ഫോടനം നടന്നതായിട്ടാണ് വിവരം. ഇസ്രായേല്‍ ആക്രമണം മദ്ധ്യേഷ്യയെ പുതിയ സൈനിക ഏറ്റുമുട്ടലിലേക്ക് തള്ളിവിടുകയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളമായുള്ള ദീര്‍ഘകാല ആണവ തര്‍ക്കത്തിന് മേലുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞദിവസം അമേരിക്ക തങ്ങളുടെ പൗരന്മാരോട് നാടുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ ചൈനയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയൂം ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇറാന്‍ വ്യോമപാത അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ടെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ സംഘർഷം ഉയർന്ന സാഹചര്യത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഇറാൻ തങ്ങളുടെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി മുന്നോട്ട് പോയാൽ വീണ്ടും ആക്രമണം നടത്തുമെന്ന് യുഎസും ഇസ്രായേലും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഇറാൻ പറഞ്ഞിരുന്നു. ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW