Thursday, March 12, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.07 AM

മൈക്രോ മൈനോരിറ്റി ചര്‍ച്ചയാകുമ്പോള്‍

അതിന്യൂനപക്ഷം അഥവാ സൂക്ഷ്‌മന്യൂനപക്ഷം എന്നതാണ്‌ മൈക്രോ മൈനോരിറ്റി എന്ന പദംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. പദത്തേക്കാളപരി അതുയര്‍ത്തുന്ന ചര്‍ച്ചകളും സംവാദങ്ങളും പൊതുസമൂഹവും ഭരണസംവിധാനങ്ങളും ഇന്നു വളരെ ഗൗരവത്തോടെ കാണുന്നത്‌ പ്രതീക്ഷയേകുന്നു. ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത്‌ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിവേചനത്തിന്റെ നിഴല്‍ പടരുകയും ന്യൂനപക്ഷത്തിലെ ന്യൂനപക്ഷങ്ങളില്‍ ഭാവിയെക്കുറിച്ച്‌ ആശങ്കകളുയരുകയും ചെയ്യുമ്പോള്‍ നീതിക്കും നിലനില്‍പിനുംവേണ്ടിയുയരുന്ന പോരാട്ടവും ശബ്‌ദവുമായി മൈക്രോ മൈനോരിറ്റിയുടെ പേരിലുള്ള സംവാദത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
ജനനനിരക്കിലെ ഇടിവും, പഠനത്തിനും തൊഴിലിനുമായി നാടുവിട്ടോടി മടങ്ങിവരാത്ത രാജ്യാന്തര കുടിയേറ്റവും, പിറന്നുവീണ മണ്ണിലെ ജീവിത തകര്‍ച്ചകളും പരാധീനതകളും മാത്രമല്ല ഒരു സമൂഹത്തിന്റെ സ്വത്വം പോലും നഷ്‌ടപ്പെടുന്ന അവസ്‌ഥയില്‍ ഭരണസംവിധാനങ്ങള്‍ക്കുമുമ്പില്‍ മൈക്രോ മൈനോരിറ്റി വിഷയം ഉയര്‍ത്തുന്നത്‌ ആരെയും തോല്‍പിക്കാനല്ല, മറിച്ച്‌, പിറന്നുവീണ മണ്ണില്‍ ജീവിക്കാനുള്ള മതന്യൂനപക്ഷത്തിലെ പൗരന്റെ മോഹം ഒന്നുകൊണ്ടുമാത്രമാണ്‌. അതിനാല്‍ത്തന്നെ മൈക്രോ മൈനോരിറ്റി സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌ കാലഘട്ടത്തിന്റെ അനിവാര്യതയും സാമൂഹിക, സാമുദായിക സന്തുലിതാവസ്‌ഥയ്‌ക്ക്‌ അടിയന്തരവുമാണ്‌.
ജനസംഖ്യ മതാടിസ്‌ഥാനത്തില്‍

സ്വതന്ത്ര ഭാരതത്തിലെ ആദ്യ ജനസംഖ്യ കണക്കെടുപ്പ്‌ നടത്തിയത്‌ 1951-ലാണ്‌. ഇക്കാലത്തെ മതംതിരിച്ചുള്ള സര്‍ക്കാര്‍ ഔദ്യോഗിക ശതമാനക്കണക്കുപ്രകാരം ഹിന്ദു 84.1%, ഇസ്ലാം 9.8%, ൈക്രസ്‌തവര്‍ 2.3%, സിക്ക്‌ 1.79%, ബുദ്ധര്‍ 0.74%, ജൈനര്‍ 0.46%, പാഴ്‌സി 0.13%, മറ്റുള്ളവര്‍ 0.43%. തുടര്‍ന്നുള്ള 60 വര്‍ഷങ്ങളിലെ ആറ്‌ ജനസംഖ്യാ കണക്കെടുപ്പിന്റെ അവസാനത്തേതായ 2011-ലെ ശതമാനം ഇപ്രകാരം: ഹിന്ദു 79.8%, ഇസ്ലാം 14.23%, ൈക്രസ്‌തവര്‍ 2.3%, സിക്ക്‌ 1.72%, ബുദ്ധര്‍ 0.70%, ജൈനര്‍ 0.37%. പാഴ്‌സികള്‍ എണ്ണത്തില്‍ വളരെ കുറവായതുകൊണ്ട്‌ ലിസ്‌റ്റിലില്ല. മറ്റുള്ളവര്‍ 0.9%. ചുരുക്കിപ്പറഞ്ഞാല്‍ ഏഴു സെന്‍സസുകള്‍ കഴിഞ്ഞപ്പോള്‍ ജനസംഖ്യാവളര്‍ച്ചയുള്ളത്‌ ഇസ്ലാം മതത്തിനു മാത്രം. 9.8 ശതമാനത്തില്‍ നിന്നും 14.23 ശതമാനത്തിലേക്ക്‌ ഉയര്‍ന്നു. 2021ല്‍ സെന്‍സസ്‌ നടന്നിട്ടില്ല. ഇപ്പോള്‍ സെന്‍സസ്‌ നടത്താനുള്ള നീക്കങ്ങളുണ്ട്‌.
ജനസംഖ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമായെടുത്താല്‍, ഇന്ത്യയിലെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ ആകെ ജനസംഖ്യാ ശതമാനം 19.32. ഇതില്‍ മുസ്ലീം ഒഴിച്ചുള്ള ബാക്കി അഞ്ചു വിഭാഗങ്ങളുടെ ആകെ ജനസംഖ്യ എടുത്താല്‍ കേവലം 5.09 ശതമാനം മാത്രം. അതായത്‌ ഈ അഞ്ചു മതവിഭാഗങ്ങളുടെ വളര്‍ച്ച മുരടിച്ച്‌ പിന്നോട്ടടിച്ചു. 1971ലെ സെന്‍സസില്‍ ഇന്ത്യയിലെ ൈക്രസ്‌തവ ജനസംഖ്യ 2.6 ശതമാനമായി ഉയര്‍ന്നിരുന്നതാണ്‌ 2011-ല്‍ 2.3 ലേക്ക്‌ വീണ്ടും കുറഞ്ഞു.

ഭരണഘടന-സംരക്ഷണ കവചം

ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ്‌ പ്രസക്‌തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ്‌ ഇന്ത്യന്‍ ഭരണഘടന വളരെ ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്‌. ഇവിടെയാണ്‌ ഭരണഘടനാശില്‍പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്‌. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്‌. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്‌ടിക്കപ്പെടുമ്പോഴാണ്‌ വിവിധ കോണുകളില്‍ നിന്ന്‌ എതിര്‍പ്പുകളുടെ സ്വരമുയരുന്നത്‌. ന്യൂനപക്ഷങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതബോധവും വളര്‍ത്തിയെടുക്കുന്നതിനാണ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന പ്രത്യേക സംരക്ഷണമേര്‍പ്പെടുത്തിയിരി ക്കുന്നതെന്ന്‌ സുപ്രീം കോടതിയുടെ ടി.എം.എ.പൈ. ഫൗണ്ടേഷന്‍ വിധിന്യായത്തില്‍ പറയുന്നുണ്ട്‌.
ന്യൂനപക്ഷ സംരക്ഷണം മൗലിക അവകാശമാണെന്നിരിക്കെ സാധാരണ നിയമങ്ങളെ സമീപിക്കുന്ന രീതിയിലും കാഴ്‌ചപ്പാടിലും ന്യൂനപക്ഷ സംരക്ഷണത്തെ സമീപിച്ച്‌ ദുര്‍ബലപ്പെടുത്തുന്നതും വ്രണപ്പെടുത്തുന്നതും ശരിയല്ല. ന്യൂനപക്ഷപദവി മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഔദാര്യവും ദയയുമാണെന്ന്‌ പലരും കരുതുന്നു. ഇത്‌ തെറ്റായ കാഴ്‌ചപ്പാടും ചിന്തയുമാണ്‌. ന്യൂനപക്ഷപദവിയും അവകാശവും മാനദണ്ഡങ്ങളും വലിയ സങ്കീര്‍ണതയിലേയ്‌ക്ക്‌ നീങ്ങുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. എത്രശതമാനംവരെ ജനസംഖ്യയുണ്ടെങ്കില്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്‌. ഇന്ത്യയിലെ ആറു സംസ്‌ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.

നിലനില്‍പ്‌ ചോദ്യമാകുന്നു.

1951ല്‍ ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 0.13 ശതമാനം പാഴ്‌സികളുണ്ടായിരുന്നു. 2011-ലെത്തിയപ്പോള്‍ ദേശീയ ശതമാനക്കണക്കില്‍ ഇവര്‍ ഇടംപോലും തേടിയിട്ടില്ല. പാഴ്‌സി ജനസംഖ്യ 1951-ലെ 1.5 ലക്ഷത്തില്‍ നിന്ന്‌ 2011-ല്‍ ഏതാണ്ട്‌ 30,000-ത്തിലെത്തിയെന്നാണ്‌ അനൗദ്യോഗിക വിവരം. 1971 മുതല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാഴ്‌സി സമൂഹത്തിന്റെ കുടിയേറ്റവും ജനനനിരക്ക്‌ താഴ്‌ന്നതും വളര്‍ച്ചയെ തളര്‍ത്തി. 2013-14 ല്‍ പാഴ്‌സികള്‍ക്ക്‌ സംരക്ഷണമേകാന്‍ ജിയോ പാഴ്‌സി എന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. 2014 മുതല്‍ 2022 വരെ ജനിച്ച കുട്ടികള്‍ 450 മാത്രം. വളരെ വൈകിയുള്ള സര്‍ക്കാര്‍ പദ്ധതി പാഴ്വേലയായി പരാജയപ്പെട്ടു. അങ്ങനെ പാഴ്‌സി സമൂഹം ഇന്ത്യയില്‍ ചരിത്രമാകാനുള്ള സാധ്യതകളേറെ. ഈ അനുഭവങ്ങള്‍ ഒരു മുന്നറിയിപ്പായി കണ്ട്‌ പാഴ്‌സികളെ പോലെ വളര്‍ച്ചാനിരക്ക്‌ പുറകോട്ടടിക്കുന്ന അഥവാ വളര്‍ച്ച മുരടിക്കുന്ന ഇന്ത്യയിലെ ക്രിസ്‌ത്യന്‍, സിഖ്‌, ബുദ്ധര്‍, ജൈന വിഭാഗങ്ങളുടെയും നിലനില്‍പിന്‌ പ്രത്യേക സംരക്ഷണപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച്‌ നടപ്പിലാക്കണം.

സംരക്ഷണം വേണ്ടതാര്‍ക്ക്‌?

ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്റെ അളവുകോല്‍ ജനസംഖ്യയും, അംഗസംഖ്യയുടെ കുറവ്‌ ദുര്‍ബലാവസ്‌ഥയുടെ പ്രധാന കാരണവുമായിരിക്കുമ്പോള്‍ സംരക്ഷണം വേണ്ടതാര്‍ക്ക്‌ എന്ന ചോദ്യം ഏറെ പ്രസക്‌തമാണ്‌.കൂടുതല്‍ സംരക്ഷണം വേണ്ടത്‌ ജനസംഖ്യ കുറയുന്നവര്‍ക്കോ, ജനസംഖ്യ കുതിച്ചുയരുന്നവര്‍ക്കോ? ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഭൂരിപക്ഷ മതവിഭാഗമൊഴിച്ച്‌ മറ്റ്‌ അഞ്ചു വിഭാഗങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഈ ചോദ്യത്തിന്‌, രാഷ്ര്‌ടീയ നേതൃത്വങ്ങളില്‍ നിന്ന്‌ വ്യക്‌തമായ മറുപടി കിട്ടിയിട്ടില്ല.
ജനസംഖ്യ കുറയുന്ന മറ്റ്‌ ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ച്‌ സര്‍ക്കാര്‍ ക്ഷേമപദ്ധതികളൊന്നടങ്കം സാമൂഹ്യ സാമ്പത്തിക രാഷ്‌ട്രീയ രംഗങ്ങളില്‍ മാത്രമല്ല ജനസംഖ്യയിലും വളര്‍ച്ച നേടുന്നവര്‍ക്ക്‌ വീതംവച്ചുനല്‍കുന്നത്‌ ന്യായീകരിക്കാനാവില്ല. ഇത്‌ ന്യുനപക്ഷ സംരക്ഷണതത്വങ്ങള്‍ക്ക്‌ നേര്‍ വിപരീതമാണ്‌.

നിര്‍വചനം-നിയമഭേദഗതി

സാമൂഹിക പിന്നാക്കാവസ്‌ഥ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അടിസ്‌ഥാന മാനദണ്ഡമാക്കുന്നത്‌ ദുരുദ്ദേശപരവും രാഷ്‌ട്രീയലക്ഷ്യം മുന്നില്‍കണ്ടും മാത്രമാണ്‌. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്ക്‌ ജനസംഖ്യയിലെ ന്യൂനപക്ഷം എന്നതാകണം മാനദണ്ഡം. അനുദിനം എണ്ണത്തില്‍ കുറയുന്നവര്‍ക്കാകണം കൂടുതല്‍ ആനുകൂല്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എണ്ണത്തില്‍ കുറവ്‌ എന്നതുമാത്രമല്ല എണ്ണം കുറഞ്ഞ്‌ നിലനില്‍പിന്‌ വെല്ലുവിളിയുയരുന്നവര്‍ക്കാകണം സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത്‌.
ജനസംഖ്യ നിലവില്‍ വളരെ കുറഞ്ഞിരിക്കുന്നതും കുറഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ മതവിഭാഗങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ സംരക്ഷണവും ക്ഷേമപദ്ധതികളും നല്‍കേണ്ടത്‌. ഇപ്രകാരമുള്ള നടപടിയിലൂടെ മാത്രമേ രാജ്യത്ത്‌ ശരിയായ ന്യൂനപക്ഷ സംരക്ഷണതത്വം യാഥാര്‍ത്ഥ്യമാകുകയുള്ളൂ. രാജ്യത്തെ ജാതിസംവരണ വ്യവസ്‌ഥയില്‍ സാമൂഹിക പിന്നോക്കാവസ്‌ഥയുടെ ആഴമനുസരിച്ച്‌ പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന്‌ രണ്ടായി തിരിച്ചിരിക്കുന്നതുപോലെ മതന്യൂനപക്ഷങ്ങളില്‍ കുറഞ്ഞ തോതിലുള്ള പ്രജനന നിരക്ക്‌, ജനസംഖ്യാവളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്‌ഥാനത്തില്‍ നമ്മുടെ രാജ്യത്ത്‌ അംഗബലം കുറയുന്ന ക്രിസ്‌ത്യന്‍, സിഖ്‌, ബുദ്ധര്‍, ജൈനര്‍, പാഴ്‌സി എന്നീ അഞ്ചു ന്യൂനപക്ഷ മതവിഭാഗങ്ങളെ ദേശീയതലത്തില്‍ മൈക്രോ മൈനോരിറ്റിയായി വിജ്‌ഞാപനം ചെയ്‌ത്‌ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനുതകുന്ന ഭരണഘടനാ, നിയമ ഭേദഗതികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം.

അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍
(കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ ലെയ്‌റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്‌ ലേഖകന്‍)

Ads by Google
Saturday 28 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW