-->
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരുക്കേറ്റതു കെ.എസ്.യു. പ്രവര്‍ത്തകരുടെ ഗുണ്ടായിസത്തിന്റെ ഫലമാണെന്നായിരുന്നു സി.പി.എം. പ്രതികരണം. മറിച്ച്, ആരോഗ്യമന്ത്രിയുടേതു നാടകംകളിയാണെന്നു പ്രതിപക്ഷം പരിഹസിച്ചു. കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധവും മന്ത്രി പരിയാരം മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ കിടക്കുന്നതും വിവിധ മാധ്യമങ്ങളിലൂടെ സംസ്‌ഥാനത്തെ ജനങ്ങളാകെ കണ്ട കാര്യമാണ്. സംഭവത്തില്‍ അഞ്ചു കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. മെഡിക്കല്‍ കോളജില്‍നിന്നു ഡിസ്‌ചാര്‍ജ് ചെയ്‌തു മന്ത്രിയെ തിരുവനന്തപുരത്തേക്കു മാറ്റിയതു തീര്‍ച്ചയായും ആരോഗ്യനില മെച്ചപ്പെട്ടശേഷമായിരിക്കും. മന്ത്രി കണ്ണൂരില്‍നിന്നു മടങ്ങിയശേഷവും കൈയേറ്റത്തിനു തെളിവു കണ്ടെത്താന്‍ കേരളാ പോലീസിനു കഴിഞ്ഞിട്ടില്ല.
മന്ത്രിയുടേത് അഭിനയമാണെന്നു വിശ്വസിക്കുന്നവരുടെ വാദങ്ങള്‍ ബലപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനും ആജ്‌ഞയ്‌ക്കും വഴങ്ങിയാണ് സംഭവമുണ്ടായ ഉടന്‍ അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പോലീസ് കടന്നതെന്നു ആക്ഷേപിക്കപ്പെടുന്നു. ആരോഗ്യമന്ത്രിയോടുമാത്രമല്ല, അതിരുവിട്ട പ്രതിഷേധങ്ങള്‍ ആര്‍ക്കെതിരേ നടത്തിയാലും അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായ തെളിവുകള്‍ നിരത്തി കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. അതിനു പകരം 'മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചേ' എന്ന തരത്തിലുള്ള പാര്‍ട്ടി സെക്രട്ടറിയുടെ വാക്കും കേട്ട് സമരക്കാരെ അറസ്‌റ്റ് ചെയ്യാന്‍ ഇറങ്ങുന്നത് അടിച്ചമര്‍ത്തലാണ്. പോലീസിനെ ഉപയോഗിച്ചു രാഷ്‌ട്രീയ പ്രതിയോഗികളെ കേസില്‍പ്പെടുത്തി ഒതുക്കാനുള്ള ശ്രമം ജനാധിപത്യ മര്യാദയല്ല. കിടപ്പാടം നഷ്‌ടപ്പെടുമെന്ന ഭീതിയോടെ, അതിവേഗ റെയില്‍വേയ്‌ക്കെതിരേ രംഗത്തിറങ്ങിയ വീട്ടമ്മമാരെപ്പോലും കേസില്‍പ്പെടുത്തി ഭയപ്പെടുത്താന്‍ ശ്രമിച്ച ചരിത്രം എല്‍.ഡി.എഫ്. സര്‍ക്കാരിനുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്‌പ്രസില്‍ കയറാന്‍ എത്തിയപ്പോഴാണു മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതും തടയാന്‍ ശ്രമിച്ചതും. ഈ തള്ളിക്കയറ്റത്തിനിടെയാണു മന്ത്രിയുടെ കഴുത്തിനും കൈയ്‌ക്കും പരുക്കേറ്റത്. വധശ്രമത്തിനു കേസെടുക്കുകയും ചെയ്‌തു. കഴുത്തിലെ കശേരുക്കള്‍ക്കിടയിലെ ഡിസ്‌കിനു സമ്മര്‍ദ്ദമുണ്ടായതിനെത്തുടര്‍ന്നു മന്ത്രിയുടെ വലതു കൈയ്‌ക്കും തലയ്‌ക്കു പിന്നിലും കഠിനമായ വേദന ഉണ്ടായതായാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പിലുള്ളത്. ഐ.പി.സി. 307 (വധശ്രമം), ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍ എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തുകയുണ്ടായി. 'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പോലീസ് ഭാഷ്യം തെളിവുകളിലൂടെ സ്‌ഥാപിക്കാനായില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണു പോലീസ് പ്രവര്‍ത്തിക്കുന്നതെന്നു ജനങ്ങള്‍ വിധിയെഴുതും.
തനിക്കെതിരേ ഉണ്ടായ കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തി പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ തീര്‍ച്ചയായും മന്ത്രിക്കു കഴിയും. അതുപോലെതന്നെ, സംഭവത്തിനു പിന്നാലെ സി.പി.എം. നടത്തിയ അക്രമങ്ങളിലും കേസും പ്രതികളും ശിക്ഷയും ഉണ്ടാകണം. മന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട കെ.എസ്.യു. നേതാവ് ബിഥുല്‍ ബാലന്റെ വീടിനുനേരേ ബോംബേറുണ്ടായി. അതിരുവിട്ട പ്രതിഷേധങ്ങള്‍പോലെതന്നെ സര്‍ക്കാര്‍ 'സ്‌പോണ്‍സേര്‍ഡ് ' അക്രമങ്ങളും നാടിന്റെ ക്രമസമാധാനത്തെയാകും ബാധിക്കുക.