-->
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍. വിചാരണ നീതിപൂര്‍വം നടന്നില്ലെന്നും തെളിവുകള്‍ പരിശോധിച്ചതു പക്ഷപാതമായിട്ടാണെന്നും അപ്പീലില്‍ പറയുന്നു. പള്‍സര്‍ സുനി-ദിലീപ് ബന്ധത്തിനു നിരവധി തെളിവുണ്ട്. അപ്പീല്‍ നല്‍കാനുള്ള സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണു സര്‍ക്കാരിന്റെ അപ്പീല്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണു പ്രോസിക്യൂഷന്റെ ഏറ്റവും വലിയ പരാതിയായി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസില്‍ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്കു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചനമാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അല്ലാതെ, കൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണു കോടതി നിരീക്ഷണം.
ഇതു തെറ്റായ കണ്ടെത്തലാണ് എന്നാണു പ്രോസിക്യൂഷന്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണു പ്രധാനമായും അപ്പീലില്‍ ചോദ്യംചെയ്‌തിരിക്കുന്നത്. ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരില്‍ അവഗണിച്ചുവെന്നും പറയുന്നു.
400 പേജുള്ള വിശദമായ അപ്പീലാണു സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
1000 പേജിലധികമുള്ള വിധിന്യായത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അപ്പീലാണു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കു നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ചെയ്‌ത കുറ്റത്തിനു കിട്ടാവുന്നതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അവര്‍ക്കു കോടതി നല്‍കിയതെന്നും അപ്പീലില്‍ ആക്ഷേപമുണ്ട്.
കുറ്റം ചെയ്‌തതായി തെളിഞ്ഞ സ്‌ഥിതിക്ക് അവര്‍ക്കു പരമാധവി ശിക്ഷ നല്‍കണമായിരുന്നുവെന്നും അപ്പീലില്‍ പറയുന്നു. ദിലീപിനെക്കൂടാതെ, കേസില്‍ വിട്ടയച്ച ചാര്‍ളി, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരേയും കേസില്‍ ശിക്ഷിക്കണം എന്ന ആവശ്യമാണ് അപ്പീലില്‍ പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.