Wednesday, March 11, 2026 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.33 PM

ആലപ്പുഴ കടക്കാന്‍ അരയുംതലയും മുറുക്കി

പതിനാറാം കേരള നിയമസഭയില്‍ ആര്‌ ഭരണചക്രം തിരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ആലപ്പുഴയുടെ മനസിലെന്തെന്ന ചോദ്യത്തിന്‌ പ്രസക്‌തിയേറെ. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതിന്റെ ഉരുക്കുകോട്ടയായി മാറാറുള്ള ഈ ജില്ലയിലെ ചെറിയ ചാഞ്ചാട്ടങ്ങള്‍ പോലും സംസ്‌ഥാന രാഷ്‌ട്രീയത്തിലെ പൊതുട്രെന്‍ഡിന്റെ പ്രതിഫലനമാകാറുണ്ട്‌.
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്‌, അമ്പലപ്പുഴ, ഹരിപ്പാട്‌, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിങ്ങനെ ജില്ലയിലെ ഒമ്പത്‌ മണ്ഡലങ്ങളിലും ഇത്തവണ ശക്‌തമായ മത്സരത്തിനുള്ള സാധ്യതകളാണ്‌ കാണാനാകുന്നത്‌. 2016ലും 2021ലും എട്ട്‌ സീറ്റുകളും എല്‍.ഡി.എഫിനായിരുന്നു. രമേശ്‌ ചെന്നിത്തല വിജയിച്ച ഹരിപ്പാട്‌ മാത്രമാണ്‌ യു.ഡി.എഫ്‌. .പക്ഷത്തുള്ളത്‌.
2011ല്‍ ഏഴ്‌ സീറ്റില്‍ ഇടതുപക്ഷം വിജയിച്ചപ്പോള്‍ യു.ഡി.എഫിന്‌ ആശ്വാസവിജയം സമ്മാനിച്ചത്‌ ചെങ്ങന്നൂരും ഹരിപ്പാടുമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ്‌ 11 സീറ്റുകളുണ്ടായിരുന്ന 2006ല്‍ ആറ്‌ സീറ്റുകള്‍ ഇടതിനും അഞ്ച്‌ സീറ്റുകള്‍ യു.ഡി.എഫിനും ലഭിച്ച ചരിത്രമുണ്ട്‌. ഒടുവില്‍ നടന്ന ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ജില്ലയില്‍ യു.ഡി.എഫ്‌.നില മെച്ചപ്പെടുത്തുന്നതായി കാണാം. ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്‌, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്‌ വലിയ മുന്നേറ്റം സാധ്യമായി. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌. മേല്‍ക്കൈ നിലനിര്‍ത്തിയെങ്കിലും ആധിപത്യം കുറഞ്ഞു. കായംകുളത്ത്‌ ഇരുമുന്നണികളും തുല്യനിലയിലായിരുന്നു. ഹരിപ്പാട്ട്‌ യു.ഡി.എഫ്‌. മേധാവിത്വമായിരുന്നു. തദ്ദേശ ഫലം കണക്കാക്കുമ്പോള്‍ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത്‌ യു.ഡി.എഫിന്‌ ആധിപത്യമുണ്ടാക്കാനായി.
അരൂര്‍ മണ്ഡലത്തിലെ ആകെ 10 പഞ്ചായത്തുകളില്‍ ഏഴിടത്ത്‌ എല്‍.ഡി.എഫാണു ജയിച്ചത്‌. ചേര്‍ത്തല മണ്ഡലത്തിനു കീഴിലെ എട്ട്‌ തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭ ഉള്‍പ്പടെ അഞ്ചിടത്ത്‌ ജയിക്കാനും ഇടതിന്‌ കഴിഞ്ഞു.ആലപ്പുഴ മണ്ഡലത്തില്‍ നഗരസഭയിലെ 28 വാര്‍ഡുകളും നാലു ഗ്രാമപഞ്ചായത്തുകളുമാണുള്ളത്‌. ഇതില്‍ നഗരസഭയിലെ 12 വാര്‍ഡില്‍ എല്‍.ഡി.എഫ്‌. ജയിച്ചു. നാലു ഗ്രാമപഞ്ചായത്തുകളും നിലനിര്‍ത്തി. നഗരത്തിലെ 11 വാര്‍ഡുകളിലാണ്‌ യു.ഡി.എഫിന്‌ മുന്‍തൂക്കം. അഞ്ചിടത്ത്‌ എന്‍.ഡി.എയാണ്‌ മുന്നില്‍. അമ്പലപ്പുഴ മണ്ഡലം ഉള്‍പ്പെടുന്ന 25 നഗരവാര്‍ഡുകളില്‍ 13 ഉം യു.ഡി.എഫ്‌. നേടി. രണ്ടു ഗ്രാമപഞ്ചായത്തുകളിലും ജയിക്കാനായി.
കുട്ടനാട്‌ മണ്ഡലത്തിലെ 13 പഞ്ചായത്തുകളില്‍ എട്ടിലും യു.ഡി.എഫ്‌. വിജയിച്ചു. ഒരിടത്ത്‌ തുല്യ നിലയിലാണ്‌. ഹരിപ്പാട്‌ മണ്ഡലത്തില്‍ നഗരസഭ ഉള്‍പ്പെടുന്ന അഞ്ച്‌ തദ്ദേശ സ്‌ഥാപനങ്ങളില്‍ യു.ഡി.എഫ്‌. മേല്‍ക്കൈ നേടി. രണ്ടിടത്തു തുല്യതയിലെത്താനും കഴിഞ്ഞു. മൂന്നു ഗ്രാമപഞ്ചായത്തുകളിലാണ്‌ എല്‍.ഡി.എഫിനു മുന്‍തൂക്കം ലഭിച്ചത്‌.
കായംകുളം മണ്ഡലത്തിലെ ഏഴു തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭയിലും ഒരു പഞ്ചായത്തിലും യു.ഡി.എഫ്‌. ഭരണം പിടിച്ചു. ബാക്കി അഞ്ചിടത്തും എല്‍.ഡി.എഫാണ്‌. ഇവിടെ ഇരുമുന്നണികളും തുല്യനിലയിലാണ്‌. മാവേലിക്കര മണ്ഡലത്തില്‍ നഗരസഭാ ഭരണത്തിനു പുറമേ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ തുല്യതയിലെത്താനും യു.ഡി.എഫിനായി. നാലു ഗ്രാമപഞ്ചായത്ത്‌ വിജയമാണ്‌ എല്‍.ഡി.എഫിന്‌ ആശ്വാസം പകര്‍ന്നത്‌.
മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ആകെയുള്ള 11 തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭയും മൂന്നു ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫ്‌. നേടി. ഒരു പഞ്ചായത്തില്‍ തുല്യതയിലെത്താനുമായി. ഇവിടെ എല്‍.ഡി.എഫും എന്‍.ഡി.എയും മൂന്നു ഗ്രാമപഞ്ചായത്തുകള്‍ വീതം നേടി.
ജില്ലയില്‍ ആറ്‌ നഗരസഭകളില്‍ അഞ്ചിലും യു.ഡി.എഫ്‌. മുന്നിലെത്തിയത്‌ സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെയാകെ തകര്‍ത്തുകൊണ്ടായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ 54 ഗ്രാമപഞ്ചായത്തുകളിലായിരുന്നു എല്‍.ഡി.എഫ്‌. ഭരണം. ഇത്തവണയത്‌ 36ലേക്ക്‌ താഴ്‌ന്നു. അപ്പോഴും പഞ്ചായത്തുകളിലെ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ്‌ എല്‍.ഡി.എഫ്‌. നേതൃത്വം ആശ്വാസം കൊള്ളുന്നത്‌. കഴിഞ്ഞ തവണ 11 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌. ഭരിച്ച ചമ്പക്കുളം ബ്ലോക്കില്‍ കക്ഷിനിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. നറുക്കെടുപ്പിലൂടെയാണു യു.ഡി.എഫ്‌. അധികാരത്തിലെത്തിയത്‌. എന്നാല്‍, ഇത്തവണ നാല്‌ ബ്ലോക്ക്‌ പഞ്ചാത്തുകളില്‍ യു.ഡി.എഫ്‌. ഭൂരിപക്ഷം നേടി. വെളിയനാട്‌ ബ്ലോക്കില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരമ്പരാഗത ശക്‌തികേന്ദ്രങ്ങളിലടക്കം ബി.ജെ.പി കടന്നുകയറിയതായി സി.പി.എം. നേതൃത്വത്തിന്റെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി.

സിറ്റിങ്‌ എം.എല്‍.എമാരില്‍
ആറ്‌ പേര്‍ മത്സരത്തിന്‌

എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച്‌ സിറ്റിങ്‌ എം.എല്‍.എമാരില്‍ ആറ്‌ പേര്‍ മത്സര രംഗത്തുണ്ടാകുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. സി.പി.എമ്മില്‍ മന്ത്രി സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), പി.പി. ചിത്തരഞ്‌ജന്‍ (ആലപ്പുഴ), എച്ച്‌. സലാം (അമ്പലപ്പുഴ), എം.എസ്‌. അരുണ്‍കുമാര്‍ (മാവേലിക്കര), സി.പി.ഐയ്‌ക്കായി മന്ത്രി പി. പ്രസാദ്‌ (ചേര്‍ത്തല), എന്‍.സി.പിയുടെ തോമസ്‌ കെ. തോമസ്‌ (കുട്ടനാട്‌) എന്നിവരാണ്‌ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്‌. യു. പ്രതിഭയ്‌ക്ക്‌ പകരം കായംകുളത്തും ദലീമയ്‌ക്ക്‌ പകരം അരൂരിലും പുതിയ സ്‌ഥാനാര്‍ഥി വരും. ഹരിപ്പാട്ട്‌ യുവനേതാവ്‌ ടി.ടി. ജിസ്‌മോനെയാകും സി.പി.ഐ. ഇറക്കുക. യു.ഡി.എഫിലും എന്‍.ഡി.എയിലും സാധ്യതാ പട്ടികയില്‍ നിരവധി പേരുകളുണ്ട്‌. അടുത്തയാഴ്‌ചയോടെ ചിത്രം വ്യക്‌തമാകാനാണ്‌ സാധ്യത. കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല വീണ്ടും ഹരിപ്പാട്ട്‌ നിന്ന്‌ ജനവിധി തേടും. കേന്ദ്രകമ്മിറ്റിയംഗം സി.എസ്‌. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ എം. ശിവപ്രസാദ്‌ തുടങ്ങിയവര്‍ സി.പി.എം. പരിഗണനയിലുണ്ട്‌. ശോഭ സുരേന്ദ്രന്‍ പാലക്കാട്ട്‌ മത്സരിക്കുമെന്ന്‌ ഉറപ്പാകുകയും മുതിര്‍ന്ന നേതാവ്‌ പി.എസ്‌. ശ്രീധരന്‍പിള്ള ഇനിയൊരു മത്സരത്തിനില്ലെന്ന്‌ പരസ്യമായി നിലപാട്‌ വ്യക്‌തമാക്കുകയും ചെയ്‌തതോടെ ബി.ജെ.പിക്കായി പുറത്തു നിന്ന്‌ പ്രമുഖരാരും ജില്ലയിലേക്ക്‌ വരാനുള്ള സാധ്യത കുറഞ്ഞു. ബി.ഡി.ജെ.എസില്‍ സംസ്‌ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര്‌ കുട്ടനാട്ടില്‍ ചര്‍ച്ചകളിലുണ്ടെങ്കിലും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടില്ല.

ആത്മവിശ്വാസത്തില്‍ മുന്നണികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടായയെങ്കിലും ജില്ലയില്‍ എല്‍.ഡി.എഫ്‌. അടിത്തറ ഭദ്രമാണെന്നാണ്‌ സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉള്‍പ്പടെയുള്ളവരുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റും കുറയില്ലെന്ന്‌ അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാല്‍, സിറ്റിങ്‌ എം.എല്‍.എമാരില്‍ പലരോടും ജനങ്ങള്‍ക്കുള്ള അവമതിപ്പും ജി. സുധാകരനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളോട്‌ കാട്ടുന്ന അവഗണന ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടാനായാല്‍ ആലപ്പുഴയില്‍ നേട്ടം കൊയ്യാനാകുമെന്ന്‌ യു.ഡി.എഫ്‌. കണക്കുകൂട്ടുന്നു. ജില്ലയില്‍നിന്ന്‌ അഞ്ചിലേറെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായി യു.ഡി.എഫ്‌. ജില്ലാ നേതൃത്വം അവകാശപ്പെടുന്നുമുണ്ട്‌. പിന്നാക്ക വോട്ടുബാങ്കുകളില്‍ കടന്നുകയറാനായ ബി.ജെ.പി. ഇത്തവണ ആലപ്പുഴ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.

ജി. ഹരികൃഷ്‌ണന്‍

Ads by Google
Thursday 26 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW