-->
നടി കനി കുസൃതി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ' അസ്സി'. അനുഭവ് സിന്‍ഹയൊരുക്കിയ ചിത്രത്തില്‍ താപ്‌സി പന്നുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
തന്നെ തേടി ബോളിവുഡില്‍ നിന്നും സിനിമകളെത്തുമ്പോഴും അവരോട് തന്നെ കാസ്റ്റ് ചെയ്യരുതെന്നാണ് പറയാറുളളതെന്ന് കനി കുസൃതി. ഇതിന് കാരണമായി കനി പറയുന്നത് ഭാഷയാണ്.
''കാരണം ഞാന്‍ ഹിന്ദി സംസാരിക്കില്ല. അതുകാരണം എന്നെ തേടി വരുന്ന സിനിമകളെല്ലാം ചെയ്യാനാകില്ല. അതിനാല്‍ ഞാന്‍ അവരോട് പറയാറുണ്ട്, ദയവ് ചെയ്ത് എന്നെ കാസ്റ്റ് ചെയ്യരുത് എന്ന്. അസ്സി പോലുള്ളതാണൈങ്കില്‍ ആകാം. കാരണം അനുഭവ് വളരെ നന്നായി എന്റെ കഥാപാത്രത്തെ കേരളത്തില്‍ നിന്നുള്ള ആളാക്കി മാറ്റി. അദ്ദേഹം ആദ്യം ആലോചിച്ചിരുന്നത് ഉത്തരേന്ത്യയില്‍ നിന്നുള്ള, മിക്കവാറും ഡല്‍ഹിയില്‍ നിന്നുള്ള കഥാപാത്രമായിട്ടാണ്. എനിക്ക് ഡയലോഗ് പോലും പഠിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അത് മനസിലാക്കാന്‍ തന്നെ ധാരാളം സമയം വേണ്ടിവരും. അത്ര വേഗത്തില്‍ എനിക്ക് ഹിന്ദി പഠിക്കാനാകില്ല. പിന്നെ സംസ്‌കാരം അടക്കമുള്ള പല കാരണങ്ങളുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു മലയാളിയാണ്. ഞാന്‍ ഇപ്പോഴും മലയാളത്തിലാണ് ചിന്തിക്കുന്നത്. സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യും'' എന്നാണ് കനി പറയുന്നത്.
അസ്സിയില്‍ മലയാളി നഴ്‌സായിട്ടാണ് കനി എത്തുന്നത്. താപ്‌സി പന്നുവിന് പുറമെ മുഹമ്മദ് സീഷാന്‍, അയൂബ്, മനോജ് പാഹ്വ, കുമുദ് മിശ്ര, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ഹിന്ദിയില്‍ നേരത്തെ ഗേള്‍സ് വില്‍ ബി ഗേര്‍സ് അടക്കമുളള സിനിമകളും ഒകെ കംപ്യൂട്ടര്‍, മഹാറാണി പോലുളള സീരീസുകളും ചെയ്തിട്ടുണ്ട് കനി. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.