-->
തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കുടുംബാഗംങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുളള വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ ഏകദേശം 100 പേര്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരുന്നത്.
വൈകുന്നേരം കൊഡവ സമുദായ ആചാരങ്ങള്‍ക്കനുസരിച്ചുളള ചടങ്ങുകളും നടത്തും. വിജയ് തെലുങ്ക് സമുദായത്തില്‍ നിന്നുളളയാളും രശ്മിക കൊഡവ സമുദായത്തില്‍ നിന്നുളളയാളുമാണ്. മാര്‍ച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖര്‍ക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയില്‍ വച്ച് വിവാഹസല്‍ക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2018ല്‍ പുറത്തിറങ്ങിയ ' ഗീതാഗോവിന്ദം' എന്ന സിനിമയിലാണ് വിജയും രശ്മികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. പിന്നീട് 2019ല്‍ പുറത്തിറങ്ങിയ ' ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.