-->
കണ്ണൂര്‍: മന്ത്രി വീണാജോര്‍ജ്ജിനെ കയ്യേറ്റ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കിട്ടാതെ പോലീസ്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍പിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അതിലില്ല. കേരളാ സര്‍ക്കാരിന്റെ റെയില്‍വേ പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.
മന്ത്രിയുടെ മൊഴിയെടുക്കാന്‍ റെയില്‍വേ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.