Friday, March 13, 2026 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 PM

കെ.എസ്‌.യു. പ്രതിഷേധത്തിനിടെ സംഘര്‍ഷം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ഐ.സി.യുവില്‍ , അഭിനയമെന്നു പരിഹസിച്ച്‌ കെ.എസ്‌.യു.

uploads/news/2026/02/827302/k1.jpg

കണ്ണൂര്‍: ആരോഗ്യമേഖലയിലെ തുടര്‍ച്ചയായ അനാസ്‌ഥകള്‍ക്കെതിരേ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംഘര്‍ഷം. മന്ത്രി വീണാ ജോര്‍ജിന്‌ പരുക്കേറ്റു. കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്‌യ്‌ക്കായി മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.
മന്ത്രിയുടെ പരുക്ക്‌ അഭിനയമാണെന്നു കെ.എസ്‌.യു. പരിഹസിച്ചപ്പോള്‍, മന്ത്രിക്കുനേരേ ആക്രമണമുണ്ടായിട്ടില്ലെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ പ്രതികരിച്ചു. വനിതാമന്ത്രിക്കു നേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആഹ്വാനം ചെയ്‌തു. മന്ത്രിയുടെ ഔദ്യോഗികവസതിയില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ റീത്ത്‌ വച്ചതിന്റെ തുടര്‍ച്ചയാണ്‌ കെ.എസ്‌.യു. അക്രമമെന്നും മന്ത്രിയെ കൊല്ലാനാണ്‌ ശ്രമിച്ചതെന്നും ഗോവിന്ദന്‍ ആരോപിച്ചു. ആക്രമണത്തെ നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ അപലപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിക്കൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം മടങ്ങാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ മന്ത്രി വീണയ്‌ക്കെതിരേ യുവമോര്‍ച്ച, കെ.എസ്‌.യു. പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്‌. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്‌റ്റേഷനു പുറത്ത്‌ പ്രതിഷേധിച്ചപ്പോള്‍, കെ.എസ്‌.യു. പ്രവര്‍ത്തകര്‍ പോലീസ്‌ സുരക്ഷ മറികടന്ന്‌ സ്‌റ്റേഷനുള്ളില്‍ കടന്നു. പ്രതിഷേധക്കാരോട്‌ കയര്‍ത്ത മന്ത്രിയെ പോലീസ്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണ്‌ ആരോപണം. കഴുത്തിനു വേദനയുണ്ടെന്നും കൈക്കു പരുക്കേറ്റെന്നും പറഞ്ഞ മന്ത്രിയെ പോലീസ്‌ ആശുപത്രിയിലേക്കു മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി വീണയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ചരിത്രത്തിലാദ്യമായാണ്‌ സംസ്‌ഥാനത്ത്‌ ഒരു വനിതാമന്ത്രി ആക്രമിക്കപ്പെടുന്നതെന്നും കെ.എസ്‌.യു. നടത്തിയതു പ്രതിഷേധമല്ല, തെമ്മാടിത്തരമാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്‌ പ്രതികരിച്ചു.

Ads by Google
Wednesday 25 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW