-->
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ വരാനിരിക്കുന്ന വിസ്‌മയങ്ങളും സസ്‌പെന്‍സുകളുമാണ് പാലക്കാടിനെ രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മുമ്പൊരു ഉപതെരഞ്ഞെടുപ്പ് കാലത്താണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്കും ഡോ. പി. സരിന്‍ ഇടതുപക്ഷത്തേക്കും ചേക്കേറി പാലക്കാടിനെ ചര്‍ച്ചകളില്‍ നിറച്ചത്. ഇത്തവണയും സമാനമായൊരു സാഹചര്യം സൃഷ്‌ടിക്കാനായിരുന്നു ആദ്യശ്രമം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്‌റ്റാഫായിരുന്ന എ. സുരേഷിനെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രാ വേദിയിലെത്തിച്ചു. പക്ഷേ, 13 വര്‍ഷം മുമ്പ് പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ അത് വേണ്ടത്ര ഏശിയില്ല.
പാര്‍ട്ടി ബ്രാഞ്ചില്‍ ഒതുക്കപ്പെട്ട പി.കെ. ശശി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെ.ടി.ഡി.സി ചെയര്‍മാന്‍ സ്‌ഥാനം രാജിവെച്ചു. ആര്‍ക്കും പിടികൊടുക്കാതെ പാര്‍ട്ടി അംഗമായി തുടരുകയാണ് ശശി. മാര്‍ച്ചില്‍ ജില്ലയില്‍ നടക്കുന്ന സി.പി.എം വിമത കണ്‍വന്‍ഷനില്‍ ശശിയുടെ സാന്നിധ്യമുണ്ടായാല്‍ അത് തീര്‍ക്കുന്ന വിസ്‌മയം ചെറുതാവില്ല. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ ശശി ഇഫക്‌ട് എഴുതിതള്ളാനാവില്ല.
പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 സീറ്റില്‍ പത്തും എല്‍.ഡി.എഫിനൊപ്പമാണ്. ശേഷിക്കുന്ന രണ്ടില്‍ പാലക്കാട് കോണ്‍ഗ്രസും മണ്ണാര്‍ക്കാട് മുസ്ലീംലീഗുമാണ്. കൈവിട്ടുകളഞ്ഞ തൃത്താല, പട്ടാമ്പി, ചിറ്റൂര്‍ സീറ്റുകള്‍ തിരിച്ചെടുക്കാനും ഒറ്റപ്പാലത്തേക്ക് കൂടി കടന്നുകയറാനുമാണ് യു.ഡി.എഫിന്റെ ശ്രമം. കോട്ട കാക്കുന്നതില്‍ എല്‍.ഡി.എഫും ശ്രദ്ധിക്കുന്നു. പാലക്കാടും മലമ്പുഴയിലും തുടരുന്ന രണ്ടാംസ്‌ഥാനം എങ്ങനെ ഒന്നാമതാക്കാം എന്നതാണ് ബി.ജെ.പിയുടെ ചിന്ത. ഒപ്പം, ഷൊര്‍ണൂരിലെ കരുത്ത് നിര്‍ണായകമാക്കാനും.
രാഹുല്‍ മാങ്കൂട്ടത്തില്‍ സൃഷ്‌ടിച്ച വിവാദം പാലക്കാടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. ആരോപണം വന്നപ്പോഴേ പുറത്താക്കി എന്ന പ്രതിരോധം കൊണ്ട്‌് മാത്രം പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് തടയിടാനാവില്ല. പ്രത്യേകിച്ചും ശോഭാസുരേന്ദ്രന്‍ എതിരാളിയായെത്തുമ്പോള്‍. അതുകൊണ്ടുതന്നെ രാഹുലിന് പകരം ആര് എന്നതിന് യു.ഡി.എഫ് ക്യാമ്പില്‍ ഉത്തരമായിട്ടില്ല. മുന്‍ ഐ.എ.എസ് ഉദ്യോഗസ്‌ഥന്‍ കണ്ണന്‍ ഗോപിനാഥന്‍, വട്ടിയൂര്‍കാവ് ഇല്ലെങ്കില്‍ കെ. മുരളീധരനെയുമാണ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ പേരുമുയരുന്നു. മണ്ഡലം കൈവിടാതിരിക്കാന്‍ സസ്‌പെന്‍സായി ഷാഫി പറമ്പിലിനെ ഇറക്കാനുള്ള സാധ്യതയും തള്ളാനാവില്ല.
പാലക്കാട്ട് സ്വാധീനമുള്ള ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പരിഗണിക്കണമെന്നൊരു അഭിപ്രായം ബി.ജെ.പിയിലുണ്ട്. പാലക്കാട് അല്ലെങ്കില്‍ നെന്മാറയിലേക്കാവും പ്രശാന്തിനെ പരിഗണിക്കുക. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെയാവും സി.പി.എം പരീക്ഷിക്കുക. ഉപതെരഞ്ഞെടുപ്പില്‍ നിര്‍ത്തിയ ഡോ.പി. സരിന് ഒറ്റപ്പാലം നല്‍കാനായില്ലെങ്കില്‍ പാലക്കാട്ടുതന്നെ പരിഗണിക്കപ്പെടാം.
നിലവിലെ മന്ത്രി മണ്ഡലങ്ങളാണ് ചിറ്റൂരും തൃത്താലയും. തൃത്താലയില്‍ എം.ബി. രാജേഷ് തന്നെ വീണ്ടും ഇറങ്ങും. എതിരാളി വി.ടി. ബല്‍റാം തന്നെയാവും. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നിസാരവോട്ടുകള്‍ക്ക് നേടിയ ഭൂരിപക്ഷമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനം കൊണ്ട് അതിനെ മറികടക്കാനാവുമെന്നാണ് എല്‍.ഡി.എഫിന്റെ വിശ്വാസം. ബി.ജെ.പി വോട്ടുകളുടെ ഏറ്റകുറച്ചില്‍ ഇവിടെ നിര്‍ണായകമാണ്.
ചിറ്റൂരില്‍ കെ. കൃഷ്‌ണന്‍കുട്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം മകന്‍ നാരായണന്‍കുട്ടിയെയോ ജനതാദള്‍(എസ്) നേതാവ് കെ. മുരുകദാസിനെയോ പരിഗണിക്കാനാണ് നീക്കം. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും ചേരി തിരിഞ്ഞ് മത്സരിച്ചതും കൊഴിഞ്ഞാമ്പാറ മേഖലയിലെ വിമതശല്യവുമൊക്കെ മറികടക്കാനുള്ള തന്ത്രം പ്രധാനമാണ്.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിന്റെ പേര് പറഞ്ഞുകേട്ടെങ്കിലും, മലമ്പുഴയില്‍ എ. പ്രഭാകരന്‍ തുടരാനാണ് സാധ്യത. ബി.ജെ.പിക്ക് മലമ്പുഴയിലേക്ക് ഒരൊറ്റ പേരാണ്- സി. കൃഷ്‌ണകുമാര്‍. പാര്‍ട്ടി സംസ്‌ഥാന വൈസ് പ്രസിഡന്റായ കൃഷ്‌ണകുമാര്‍, മണ്ഡലത്തില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. മൂന്നാംസ്‌ഥാനത്തുള്ള കോണ്‍ഗ്രസിന് എ. സുരേഷിനെ ഇറക്കി വി.എസ്. ഫാക്‌ടര്‍ അനുകൂലമാക്കാമെന്ന കണക്കുകൂട്ടല്‍ തുടക്കത്തിലേ പാളി. കൈപ്പത്തി ചിഹ്‌നമില്ലാതെ മലമ്പുഴയില്‍ ഇറങ്ങുന്നതില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അതൃപ്‌തി അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച ഐ.എന്‍.ടി.യു.സി നേതാവ് എസ്.കെ. അനന്തകൃഷ്‌ണനെയോ വനിതാ യൂത്ത് നേതാവായ അഡ്വ. ഗൗജയെയോ പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.
കോങ്ങാട് രണ്ടാം അങ്കത്തിന് കെ. ശാന്തകുമാരി തന്നെയാവും. മുസ്ലീംലീഗ് കോങ്ങാട് ഒഴിവാക്കി പട്ടാമ്പിയിലേക്ക് മാറിയതിനാല്‍ കെ.എ. തുളസിയെയാവും കോണ്‍ഗ്രസ് പരിഗണിക്കുക. മുന്‍ എം.പി രമ്യഹരിദാസിനും സാധ്യതയുണ്ട്. പട്ടാമ്പിയില്‍ സി.പി.ഐയ്‌ക്ക് മുഹമ്മദ് മുഹ്‌സിന്‍ അല്ലാതെ മറ്റൊരു പേരില്ല. ഇവിടെ ലീഗ് ഇറങ്ങുമ്പോള്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദിനെയാണ് പരിഗണിക്കുക. പട്ടാമ്പി മേഖലയില്‍ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ ആവേശം കൂടി ചേര്‍ത്താണ് ഇത്തവണ മുസ്ലീംലീഗ് കളം നിറയുക. ചുവപ്പിന്റെ ഉരുക്കുകോട്ടകളായ തരൂരിലും ആലത്തൂരും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സി.പി.എം. പി.പി. സുമോദ് തന്നെയാവും തരൂരില്‍. ആലത്തൂരില്‍ രണ്ടുതവണ പൂര്‍ത്തിയാക്കിയ കെ.ഡി. പ്രസേനന്‍ മാറിയാല്‍ യുവജനസംഘടനാ നേതാവിനാകും മുന്‍തൂക്കം. തരൂരിലേക്ക് രമ്യ ഹരിദാസിന്റെ പേരും ആലത്തൂരിലേക്ക് പാളയം പ്രദീപിന്റെ പേരുമാണ് വലതുപക്ഷത്ത് കേള്‍ക്കുന്നത്.
മണ്ണാര്‍ക്കാട് ലീഗ് കോട്ട കാക്കാന്‍ എന്‍. ഷംസുദ്ദീന്‍ നാലാം അങ്കത്തിനിറങ്ങുമെന്നാണ് വിവരം. മണ്ഡലത്തിലെ മറ്റ് നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും വിലപ്പോയില്ല. മണ്ണാര്‍ക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ എഫ്. ബഷീറിന്റെ പേരാണ് ഉയര്‍ന്നത്. എന്നാല്‍ മണ്ഡലം ലീഗ് കമ്മിറ്റിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും ഷംസുദ്ദീന്‍ തുടരണം എന്ന ആവശ്യമാണ് സംസ്‌ഥാന നേതൃത്വത്തിന് മുന്നില്‍വെച്ചിട്ടുള്ളത്. ഇവിടെ എതിരാളിയായി സി.പി.ഐ ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസിനെ പരിഗണിച്ചേക്കും. മുന്‍ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജും പട്ടികയിലുണ്ട്.
യു.ഡി.എഫ് തരംഗം ഉണ്ടായാല്‍ മറിയുമെന്ന് കരുതുന്ന ഒറ്റപ്പാലത്ത് ഇത്തവണ കെ. പ്രേംകുമാറിനെ സി.പി.എം പരിഗണിക്കാനിടയില്ല. പകരം ഡോ.പി. സരിനോ, പി.എം. ആര്‍ഷോയോ വന്നേക്കും. അധ്യാപക സംഘടനാ രംഗത്തെ പി. ഹരിഗോവിന്ദനെയാണ് കോണ്‍ഗ്രസ് പരിഗണിക്കാറുള്ളത്. ഇത്തവണ പി.കെ. ശശി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത നോക്കി തല്‍ക്കാലം ഒഴിച്ചിടും. ബി.ജെ.പിക്ക് ശക്‌തമായ വേരോട്ടമുള്ള ഷൊര്‍ണൂരില്‍ കടുത്ത ത്രികോണ മത്സരമാവും. പി. മമ്മിക്കുട്ടിക്ക് പകരം യുവജനനേതാവിനെ പരിഗണിക്കാനാണ് സാധ്യത. യൂത്ത് കോണ്‍ഗ്രസും ഷൊര്‍ണൂരിനായി നോട്ടമിട്ടിട്ടുണ്ട്.
നെന്മാറയില്‍ രണ്ടുതവണ നിന്ന കെ. ബാബു മാറിയേക്കും. പകരം സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ പേരാണ് പറയുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെ ഇറക്കുന്നുണ്ടെങ്കില്‍ നെന്മാറയിലേക്കാവും പരിഗണിക്കുക. ഇവരല്ലെങ്കില്‍ മുന്‍ നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമനും നറുക്കുവീഴാം. യു.ഡി.എഫിനു വേണ്ടി സി.എം.പി മത്സരിക്കുന്ന നെന്മാറ ഇത്തവണ കോണ്‍ഗ്രസ് എടുക്കണമെന്നൊരു ആവശ്യമുണ്ട്. അങ്ങനെ വന്നാല്‍ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, കെ.സി. പ്രീത്, ലക്ഷ്‌മി ചന്ദ്രന്‍ പിള്ള, കെ.ജി. എല്‍ദോ എന്നിവരുടെ പേരുകളാണ് കേള്‍്‌ക്കുന്നത്. ഇവിടെ ബി.ഡി.ജെ.എസാണ് എന്‍.ഡി.എക്കു വേണ്ടി മത്സരിക്കുക.
എന്‍. രമേഷ്