Wednesday, March 11, 2026 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 PM

തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാന്‍: സതീശന്‍

uploads/news/2026/02/827268/lk1.jpg

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കഴിഞ്ഞ പത്ത്‌ വര്‍ഷം ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌ ജനങ്ങളെ കബളിപ്പിക്കാനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
മൂന്നു വര്‍ഷം ജെ.ബി. കോശി റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവച്ചവരാണ്‌ ഇപ്പോള്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌. പുതിയ സര്‍ക്കാരിന്റെ കാലത്ത്‌ മാത്രമേ ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്ന്‌ ഉറച്ച ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്‌. പ്രതിപക്ഷ നേതാവ്‌ 'മംഗള'ത്തോട്‌ മനസു തുറക്കുന്നു.

? പുതുയുഗയാത്രയുടെ പ്രധാന ലക്ഷ്യമെന്താണ്‌

= പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത്‌ വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിനു വേണ്ടിയാണ്‌ ഐക്യജനാധിപത്യ മുന്നണി കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ പുതുയുഗ യാത്ര നടത്തിവരുന്നത്‌. മോദി ഭരണകൂടത്തെ പോലെ ധാര്‍ഷ്‌ട്യവും ഫാസിസവുമാണ്‌ ഇടതുപക്ഷമെന്ന്‌ അവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെയും മുഖമുദ്ര. സര്‍ക്കാരില്ലായ്‌മയാണ്‌ കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന്‌ ജനം ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല. പത്ത്‌ വര്‍ഷം കൊണ്ട്‌ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത്‌ തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണമില്ലാത്ത അവസ്‌ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ണവും സി.പി.എം. കൊള്ളസംഘം തട്ടിയെടുത്തു. ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ്‌. അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന്‌ ജനങ്ങളോട്‌ പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്‌. കടക്കെണിയില്‍നിന്നും കേരളത്തെ രക്ഷിക്കുന്നത്‌ ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യു.ഡി.എഫിന്‌ കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്‌. പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ അതത്‌ പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്യും.

? ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വൈകിയെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ടോ.

= ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ 2023-ല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടും മൂന്നു വര്‍ഷം ഈ സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നു? മൂന്നു വര്‍ഷവും റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി വച്ചവരാണ്‌ ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നത്‌. റിപ്പോര്‍ട്ട്‌ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടു പോലുമില്ല. അതിനെതിരേ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ്‌ ഇപ്പോള്‍ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നടപ്പാക്കേണ്ടി വരില്ലെന്ന്‌ ഇവര്‍ക്ക്‌ നന്നായി അറിയാം. പോകുന്ന പോക്കില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്‌. എല്‍.ഡി.എഫിന്റെ പ്രഖ്യാപനങ്ങള്‍ക്ക്‌ ഒരു വിശ്വാസ്യതയുമില്ല.

? ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായി മാറുമോ.

= തീര്‍ച്ചയായും. ശബരിമല സ്വര്‍ണക്കൊള്ള ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്‌. ശബരിമല ധര്‍മശാസ്‌താവിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലകശില്‍പങ്ങളും മോഷ്‌ടിച്ച കേസില്‍ മൂന്ന്‌ സി.പി.എം. നേതാക്കളാണ്‌ ജയിലില്‍ പോയത്‌. സ്വര്‍ണം കട്ടത്‌ സി.പി.എം. നേതാക്കളാണ്‌. മോഷണക്കേസില്‍ പ്രതികളായ നേതാക്കളെ സംരക്ഷിക്കുന്നത്‌ മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എം. നേതൃത്വവുമാണ്‌. പ്രതികളായ നേതാക്കള്‍ക്കെതിരേ നടപടി എടുക്കാന്‍ പോലും സി.പി.എം. തയാറായിട്ടില്ല. ഉന്നതരായ കൂടുതല്‍ സി.പി.എം. നേതാക്കള്‍ക്കെതിരേ മൊഴി നല്‍കുമോയെന്ന ഭയമാണ്‌ ഇതിനു കാരണം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിയോഗിച്ച എസ്‌.ഐ.ടിയുടെ പ്രവര്‍ത്തനത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ്‌ മരവിപ്പിച്ചു. പ്രാഥമിക കുറ്റംപത്രം പോലും നല്‍കാതെ പ്രതികള്‍ക്ക്‌ സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്‌. ഒന്നാം പ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയും പുറത്തിറങ്ങി. പ്രതികള്‍ പുറത്തിറങ്ങി തെളിവുകളെല്ലാം നശിപ്പിച്ച്‌ മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിച്ച്‌ സ്വര്‍ണക്കൊള്ളയിലെ അന്വേഷണം എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാരും സി.പി.എമ്മും നടത്തുന്നത്‌. പരിപാവനമായ അയ്യപ്പനെ പോലും കൊള്ളയടിക്കുന്ന മാഫിയാ സംഘമായി സര്‍ക്കാര്‍ മാറിയത്‌ അമ്പരപ്പോടെയാണ്‌ കേരളം നോക്കിക്കാണുന്നത്‌. കൊള്ളസംഘത്തിന്‌ തിരിച്ചടി നല്‍കാനുള്ള അവസരത്തിന്‌ കേരള ജനത കാത്തിരിക്കുകയാണ്‌.

? ശബരിമലക്കൊള്ള കേസില്‍ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ശരിയായില്ല എന്ന അഭിപ്രായം ഉണ്ടോ.

= തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതിന്റെ പിറ്റേദിവസം തന്നെ, എന്ത്‌ പങ്കാളിത്തമാണ്‌ സ്വര്‍ണ മോഷണ കേസില്‍ തന്ത്രിക്ക്‌ ഉള്ളതെന്ന്‌ പൊതുസമൂഹത്തോട്‌ പറയാനുള്ള ബാധ്യത എസ്‌.ഐ.ടിക്ക്‌ ഉണ്ടെന്ന്‌ പ്രതിപക്ഷം പറഞ്ഞതാണ്‌. തന്ത്രി മാത്രമല്ല, മുന്‍ മന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌താലും അത്‌ എന്തിനാണെന്ന്‌ പറയണം. പക്ഷേ പറഞ്ഞില്ല. റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ പോലും അവ്യക്‌തമായിരുന്നു. തെളിവിന്റെ കണിക പോലും ഇല്ലാതെയാണ്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതെന്നാണ്‌ കോടതി പറഞ്ഞത്‌. അപ്പോള്‍ അന്വേഷണത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന്‌ വേണ്ടിയാണ്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ എസ്‌.ഐ.ടിക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു എന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ ഈ സംഭവം. തന്ത്രിക്ക്‌ എന്തിനാണ്‌ പ്രത്യേക പരിരക്ഷയെന്നാണ്‌ മന്ത്രിമാര്‍ ചോദിച്ചത്‌. ഒരു പരിരക്ഷയും വേണ്ട. സാധാരണ പൗരന്‌ കിട്ടുന്ന പരിരക്ഷ മാത്രം മതി. എന്ത്‌ തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ ഇപ്പോഴും പറയുന്നില്ല. പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ക്ക്‌ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കുകയാണ്‌. പ്രതികള്‍ പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിച്ചാല്‍ ശബരിമല കേസിലെ പ്രതികള്‍ രക്ഷപ്പെടുമെന്ന ഉത്‌കണ്‌ഠ പ്രതിപക്ഷത്തിനുണ്ട്‌. തന്ത്രിക്ക്‌ ജാമ്യം നല്‍കിയ കോടതി വിധിയെയാണ്‌ നിയമമന്ത്രി വെല്ലുവിളിച്ചത്‌.

? സംസ്‌ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ തുടരാമെന്ന സുപ്രീം കോടതി വിധി പ്രതിപക്ഷ നിലപാടിനുള്ള തിരിച്ചടിയല്ലേ.

= സര്‍ക്കാര്‍ നവകേരള സര്‍വേ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ ആദ്യം സര്‍ക്കുലര്‍ ഇറക്കിയത്‌ സി.പി.എം സംസ്‌ഥാന കമ്മിറ്റിയാണ്‌. ഡി.വൈ.എഫ്‌.ഐക്കാരെയും സി.പി.എമ്മുകാരെയും ഉപയോഗിച്ച്‌ സര്‍വേ നടത്തി ഖജനാവില്‍ നിന്നും പൊതുപണം നല്‍കിയുള്ള കാമ്പയിന്‍ നടത്തേണ്ടെന്നാണ്‌ ഞങ്ങള്‍ പറഞ്ഞത്‌. ആദ്യ ഘട്ടത്തില്‍ സ്‌റ്റേ നല്‍കിയെന്നേയുള്ളൂ. ഡേറ്റ മോഷണത്തിന്‌ സുപ്രീം കോടതിയില്‍ നിന്നും ശക്‌തമായ താക്കീതാണ്‌ സംസ്‌ഥാന സര്‍ക്കാരിന്‌ ലഭിച്ചത്‌. ഡേറ്റ തട്ടിയെടുത്തത്‌ മോഷണക്കേസാണ്‌. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്‌ പ്രതികള്‍. സാധാരണക്കാരുടെ ഡേറ്റ അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്‌തു. ഇതിനെതിരേ കോടതി വിധികളുണ്ട്‌. ഒരു മെസേജ്‌ പോലും അയയ്‌ക്കരുതെന്നാണ്‌ കോടതി ഇന്നലെ പറഞ്ഞത്‌. ആര്‌ ഡേറ്റ മോഷണം നടത്തിയാലും തെറ്റാണ്‌. പ്രധാനമന്ത്രി ഡേറ്റ മോഷ്‌ടിച്ചതു കൊണ്ട്‌ മുഖ്യമന്ത്രിയും മോഷ്‌ടിക്കുമോ? ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഡേറ്റ മോഷ്‌ടിച്ചത്‌. നവകേരള സര്‍വേയില്‍ തുടര്‍ ഭരണം ഉറപ്പ്‌ വരുത്തണമെന്ന്‌ മുഖ്യമന്ത്രിയുടെ സന്ദേശം വന്നു. നാട്ടുകാരുടെ പണം ഉപയോഗിച്ചല്ല, പാര്‍ട്ടിയുടെ പണം എടുത്താണ്‌ തുടര്‍ഭരണം ഉറപ്പ്‌ വരുത്തേണ്ടത്‌.

? കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടില്ലെന്നാണ്‌ ധനമന്ത്രി പറയുന്നത്‌.

= ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഇത്‌ പറഞ്ഞതിനെ ധനമന്ത്രി പരിഹസിച്ചു. പൂച്ച പെറ്റു കിടക്കുകയല്ലെങ്കില്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ അഞ്ചു ലക്ഷത്തില്‍ താഴെയുള്ള ഒരു ബില്ലും പാസാക്കാത്തത്‌ എന്തുകൊണ്ടാണ്‌? അഞ്ചു ലക്ഷത്തിന്‌ താഴെയുള്ള ചെക്കുകള്‍ വാങ്ങി വയ്‌ക്കുന്നതല്ലാതെ പണം നല്‍കുന്നില്ല. എത്രയോ സ്‌ഥലങ്ങളിലാണ്‌ പണം നല്‍കാനുള്ളത്‌. 12 മാസമായി വിലക്കയറ്റത്തില്‍ ഒന്നാം സ്‌ഥാനത്ത്‌ കേരളം തുടരുമ്പോഴും വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈകോയ്‌ക്ക്‌ നല്‍കാനുള്ളത്‌ 1200 കോടി രൂപയാണ്‌. സാമ്പത്തിക നില ഭദ്രമാണെന്നും ഇന്‍വെസേ്‌റ്റഴ്‌സിന്റെ പറുദീസയാണെന്നുമൊക്കെ പറയാന്‍ കൊള്ളാം. വിതരണക്കാര്‍ക്ക്‌ പണം നല്‍കാത്തതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നോ ശസ്‌ത്രക്രിയ ഉപകരണങ്ങളോ ഇല്ലാത്ത അവസ്‌ഥയാണ്‌. കെ.എസ്‌.ഇ.ബിക്ക്‌ കോടികളുടെ ബാധ്യതയാണ്‌. കെ.എസ്‌.ആര്‍.ടി.സിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ 47000 ജീവനക്കാരുണ്ടായിരുന്ന സ്‌ഥാനത്ത്‌ ഇപ്പോഴുള്ളത്‌ 27000 പേര്‍ മാത്രം. എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളും തകര്‍ന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക്‌ സംസ്‌ഥാന വിഹിതം പോലും നല്‍കാനാകുന്നില്ല. ഇത്രയും തകര്‍ന്ന്‌ തരിപ്പണമായ ഒരു സമ്പദ്‌ വ്യവസ്‌ഥയും വച്ചു കൊണ്ട്‌ ആരാണ്‌ നുണ പറയുന്നതെന്ന്‌ മുഖ്യമന്ത്രി പറയണം. 18000 കോടി രൂപയുടെ ഇടുക്കി പാക്കേജാണ്‌ മുഖ്യമന്ത്രി കട്ടപ്പന ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രഖ്യാപിച്ചത്‌. അതില്‍ 20 കോടി രൂപ പോലും നല്‍കിയില്ല. ആരാണ്‌ നുണ പറയുന്നത്‌? പ്രതിപക്ഷം പച്ചക്കള്ളം പറയുന്നു എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ആരാണ്‌ ജനങ്ങളെ കബളിപ്പിച്ചത്‌? 12000 കോടിയുടെ പാക്കേജ്‌ തീരദേശത്ത്‌ പ്രഖ്യാപിച്ചിട്ട്‌ ഒരു പൈസയും ചെലവാക്കിയില്ല. ജനങ്ങളെ കബളിപ്പിക്കുകയും വിഡ്‌ഢികളാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ്‌. അവരാണ്‌ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്‌.

? യു.ഡി.എഫ്‌്. അധികാരത്തിലെത്താതിരിക്കാന്‍ കേരളത്തിലെ ബി.ജെ.പി. ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന്‌ ആശങ്കയുണ്ടോ.

= യു.ഡി.എഫിനെ മാറ്റി നിര്‍ത്താന്‍ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ട്‌ എത്ര ശ്രമിച്ചാലും അത്‌ കേരളത്തില്‍ വിലപ്പോകില്ല. കേന്ദ്രത്തില്‍ ചേട്ടന്‍ ബാവയും കേരളത്തില്‍ അനിയന്‍ ബാവയുമായിട്ടാണ്‌ നരേന്ദ്രമോദിയും പിണറായി വിജയനും ഭരിക്കുന്നത്‌.
നൂറ്റി അന്‍പതോളം സ്‌ഥലത്ത്‌ ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാരിന്‌ ഒരു പരാതിയും ഇല്ല. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണ്‌. മോദിയുടെയും അമിത്‌ ഷായുടെയും മുന്നില്‍ കുനിഞ്ഞു നില്‍ക്കുന്നയാളാണ്‌ പിണറായി വിജയന്‍. മോദിയും അമിത്‌ ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ്‌ പി.എം. ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്‌. ദേശീയപാത തകര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത്‌ മന്ത്രിയും ചേര്‍ന്ന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌ക്കരിക്ക്‌ സമ്മാനപ്പൊതി നല്‍കുന്ന ചിത്രം ഇന്നും കേരള ജനതയുടെ മനസിലുണ്ട്‌. ഇതൊക്കെ സി.പി.എം- ബി.ജെ.പി. അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ്‌.
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ തൃശൂര്‍ പാര്‍ലമെന്റ്‌ സീറ്റാണ്‌ സി.പി.എം. ബി.ജെ.പിക്ക്‌ തീറെഴുതിക്കൊടുത്തത്‌. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സി.പി.എം. നേതാക്കള്‍ക്കും എതിരായ എത്രയെത്ര അഴിമതി കേസുകളിലാണ്‌ ബി.ജെ.പി - സി.പി.എം. കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്‌. മൈക്കിന്‌ മുന്നില്‍ വര്‍ഗീയതയ്‌ക്ക്‌ എതിരായ പോരാട്ടവും സ്‌റ്റേജിന്‌ പിന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌.

? യു.ഡി.എഫ്‌. മന്ത്രിസഭ വന്നാല്‍ ആദ്യ ലക്ഷ്യം എന്തായിരിക്കും?

= സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ്‌ യു.ഡി.എഫിന്റെ പ്രധാന ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച്‌ മതനിരപേക്ഷതയ്‌ക്ക്‌ അല്‍പം പോലും പോറല്‍ ഏല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ്‌. നിറവേറ്റും. തകര്‍ന്നുപോയ കാര്‍ഷിക രംഗത്തെ തിരിച്ചു പിടിക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്നതിനും അവയുടെ മാര്‍ക്കറ്റിങ്ങിനും സര്‍ക്കാര്‍ സൗകര്യമൊരുക്കും.
കെ റെയില്‍ സംബന്ധമായ നോട്ടിഫിക്കേഷനുകളും മുഴുവന്‍ കേസുകളും പിന്‍വലിക്കും. സംസ്‌ഥാനത്ത്‌ വിവരാധിഷ്‌ഠിത ഭരണനിര്‍വഹണ സംവിധാനം കൊണ്ടുവരും. ആശാപ്രവര്‍ത്തകര്‍, പാചകത്തൊഴിലാളികള്‍, അങ്കണവാടി, ൈപ്രമറി സ്‌കൂള്‍ അധ്യാപകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക്‌ യു.ഡി.എഫ്‌. പരിഹാരം കണ്ടെത്തും. കേരളത്തിന്റെ മതേതര അടിത്തറയ്‌ക്ക്‌ തീ കൊളുത്തുന്ന പരിപാടി വരാനിരിക്കുന്ന തലമുറയോടുള്ള കടുത്ത അനീതിയാണ്‌. കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആര്‌ വന്നാലും ചെറുത്ത്‌ തോല്‍പ്പിക്കുക തന്നെ ചെയ്യും. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ന്യൂനപക്ഷ വര്‍ഗീയത ഉപേക്ഷിച്ച സി.പി.എം ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വര്‍ഗീയ രാഷ്‌ട്രീയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.

ഷാലു മാത്യു

Ads by Google
Wednesday 25 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW