-->
സംസ്‌ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ജോലിയോടുള്ള താല്‍പ്പര്യത്തിന് ഇപ്പോഴും കുറവുണ്ടായിട്ടില്ല. യുവതയുടെ ഈയൊരു മനസറിഞ്ഞുതന്നെയാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സര്‍ക്കാര്‍ ജോലികള്‍ക്ക് പി.എസ്.സി. വഴി അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം ഉണ്ടായത്. മൂന്നാമൂഴം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണു സമീപകാലത്ത് സര്‍ക്കാര്‍ ഏറെയും നടത്തിയിട്ടുള്ളത്. ഈയൊരു നീക്കത്തിനു പിന്നിലും ലക്ഷ്യം മറ്റൊന്നല്ലെന്ന ആരോപണം ഉയരുമ്പോഴും സ്വപ്‌നജോലി കിട്ടാതെ നിരാശപ്പെട്ടിരുന്ന പലര്‍ക്കും ജീവിതപ്രതീക്ഷയേകാന്‍ സര്‍ക്കാരിനു സാധിച്ചിരിക്കുന്നു. എന്നാല്‍, അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് മോഹിപ്പിച്ചതുകൊണ്ടു കാര്യമില്ലെന്നും കൃത്യമായി നിയമനങ്ങളാണു വേണ്ടതെന്നുമുള്ള അഭിപ്രായം ശക്‌തം. തൊഴിലില്ലായ്‌മ രൂക്ഷമായ സംസ്‌ഥാനത്ത്, തൊഴിലിനുവേണ്ടി കുത്തിയിരുന്നു പഠിച്ചു തളര്‍ന്ന മിടുക്കന്മാരെ അവഗണിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ പതിവാക്കിയതിനു കോടതിയുടെയടക്കം വിമര്‍ശനം കേട്ടിട്ടുള്ള സര്‍ക്കാരാണിത്.
പി.എസ്.സി. നിയമനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിലെ വീഴ്‌ച പ്രതിപക്ഷം തെരഞ്ഞെടുപ്പ് വിഷയമാക്കാനിരിക്കേയാണ് സര്‍ക്കാര്‍ ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞത്. എത്രയോ റാങ്ക് ലിസ്‌റ്റുകള്‍ യാതൊരു നിയമനവും നടക്കാതെ കാലഹരണപ്പെട്ടു. അതിനിടയിലും അംഗീകൃത തസ്‌തികകളിലല്ലാത്ത ഇടങ്ങളില്‍പ്പോലും പാര്‍ട്ടി അനുഭാവികളേയും ബന്ധുക്കളേയും കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കുകയും പിന്നീട് സ്‌ഥിരപ്പെടുത്തുകയും ചെയ്‌ത സംഭവങ്ങളും വാര്‍ത്തയായി. എകദേശം 1.8 ലക്ഷം പേര്‍ക്കു പിണറായി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു.
പരിമിതമായ ഒഴിവുകളും ലക്ഷക്കണക്കിനായ ഉദ്യോഗാര്‍ഥികളുമാണു സംസ്‌ഥാനത്തുള്ളത്. സര്‍ക്കാര്‍ ജോലിക്കു കാത്തിരിക്കാതെ സ്‌റ്റാര്‍ട്ടപ്പുകളിലേക്കും സംരംഭകത്വത്തിലേക്കും പുതിയ തലമുറയിലെ നിരവധി യുവതീയുവാക്കള്‍ തിരിയുന്നുണ്ടെങ്കിലും പി.എസ്.സി. പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും മത്സരങ്ങളുടെ കടുപ്പത്തിലും യാതൊരു കുറവും ഉണ്ടായിട്ടില്ല. പതിനഞ്ചിനും ഇരുപത്തിയൊമ്പതിനും പ്രായമുള്ളവര്‍ക്കിടയില്‍ 29.9 ശതമാനമാണ് സംസ്‌ഥാനത്തെ തൊഴിലില്ലായ്‌മാ നിരക്ക്. തൊഴില്‍ദാതാവ് എന്ന നിലയില്‍ സര്‍ക്കാരുകള്‍ക്ക് മേനിനടിക്കാന്‍ യാതൊന്നുമില്ലെന്നു ചുരുക്കം.
സര്‍ക്കാര്‍ജോലിക്കായി ലക്ഷങ്ങള്‍ എന്തുകൊണ്ടു കാത്തിരിക്കുന്നു എന്നാണെങ്കില്‍ അതിലൂടെ ലഭിക്കുന്ന തൊഴില്‍സുരക്ഷിതത്വത്തിന് ഇപ്പോഴും വലിയ വിലയാണുള്ളത്. കൃത്യമായ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജോലിയോടുള്ള മോഹം ആളുകളില്‍ നിലനിര്‍ത്തുന്നു. ജീവിതസുരക്ഷയ്‌ക്കുപുറമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സാമൂഹിക അന്തസും പ്രധാന ഘടകമാണ്.
പി.എസ്.സി. പരീക്ഷകള്‍ ഏകീകരിച്ചതിനു പിന്നാലെ പ്രായപരിധി വര്‍ധിപ്പിക്കുകയും ചെയ്‌തതോടെ സര്‍ക്കാര്‍ ജോലിക്കുവേണ്ടിയുള്ള മത്സരം കൂടുതല്‍ കനത്തതായി മാറാം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, പ്രായപരിധി കടന്ന പലര്‍ക്കും ഇതൊരു അവസരമാകുമെങ്കിലും തൊഴിലന്വേഷിച്ചു തുടങ്ങുന്ന യുവജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു സ്വീകാര്യത ലഭിച്ചെന്നുവരില്ല. അവരുടെ അവസരങ്ങളിലേക്കാണു കൂടുതല്‍പേര്‍ കടന്നുവരുന്നത്. പരീക്ഷാ പരിചയമുള്ള മുതിര്‍ന്നവരോടു മത്സരിച്ചു ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ക്ക് അവസരമുണ്ടാകൂ. കൂടുതല്‍ അപേക്ഷകര്‍ വരുന്നതോടെ പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും വൈകാനും സാധ്യതയേറി. കേരളത്തിലെ തൊഴില്‍, പഠന സാഹചര്യങ്ങളില്‍ പ്രതീക്ഷയറ്റ് യുവതീയുവാക്കളുടെ വിദേശ കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യവുമുണ്ട്. ഇതിനു തടയിടാന്‍ കഴിയുന്ന നീക്കമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അപേക്ഷിക്കാനുള്ള പ്രായം കൂട്ടി കുറച്ചുപേര്‍ക്കു കുറച്ചുകാലംകൂടി ആശിക്കാനുള്ള വകയായി പ്രഖ്യാപനം മാറുന്നതിനേക്കാള്‍ സര്‍ക്കാര്‍നീക്കം ഗുണപ്രദമാകണമെങ്കില്‍ നിയമനകാര്യത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കണം.