-->
ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച് മാർക്ക് നൽകിയ സിനിമയാണ് ദൃശ്യം. ആദ്യ ഭാഗം കൊണ്ടു തന്നെ ജീത്തു ജോസഫ് എന്ന സംവിധായകനെയും വിസ്മയിക്കുന്ന പ്രകടനത്തിലൂടെ മോഹൻലാലിനെയും പ്രേക്ഷകർ ഹൃദയത്തോടു ചേർത്തു നിർത്തിയ സിനിമ. ഈ സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തതാണ്. അന്നുമുതൽ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒരുപക്ഷേ മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ മറുഭാഷാ പ്രേക്ഷകരും ഉറ്റുനോക്കുന്ന ഒരു ചിത്രം ഏതെന്ന് ചോദിച്ചാല്‍ ദൃശ്യം 3 എന്നായിരിക്കും ഉത്തരം.
മലയാളത്തില്‍ നിന്ന് ഇത്രയധികം മറുഭാഷാ റീമേക്കുകള്‍ പോയ മറ്റൊരു ചിത്രവുമില്ലെന്നു തന്നെ പറയാം. ഏപ്രില്‍ 2 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായവര്‍ അതിപ്പോള്‍ അഭിനയിച്ചവരായാലും സാങ്കേതിക പ്രവര്‍ത്തകരായാലും ദൃശ്യത്തെക്കുറിച്ച് ചോദിക്കാതെ സിനിമാപ്രേമികള്‍ വിടാറില്ല.
ഇപ്പോഴിതാ ദൃശ്യം 3 നെക്കുറിച്ച് അഭിനേതാവും സംവിധായകനുമായ ശ്രീകാന്ത് മുരളി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ദൃശ്യം 3 നെപ്പറ്റി എന്താണ് പറയുക എന്ന യൂട്യൂബ് മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ടാം ഭാഗത്തെപ്പോലെയേ അല്ല മൂന്നാം ഭാഗമെന്നാണ് ശ്രീകാന്ത് മുരളി മറുപടി പറയുന്നത്.
‘‘ദൃശ്യം ആദ്യ ഭാഗം പോലെ ആയിരുന്നില്ലല്ലോ രണ്ടാം ഭാഗം. രണ്ടാം ഭാഗത്തെപ്പോലെയേ അല്ല ദൃശ്യം 3. അത് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കി കാണൂ. ആ സസ്പെന്‍സ് നില്‍ക്കട്ടെ...’’താരം പറയുന്നു. ദൃശ്യം 3 ന്റെ കാര്യത്തില്‍ പ്രതീക്ഷ വയ്ക്കാതെ പ്രേക്ഷകര്‍ക്ക് വരാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ശ്രീകാന്ത് മുരളി മറുപടി പറയുന്നുണ്ട്. ‘‘ദൃശ്യം 2 ഇറങ്ങുന്നതിന് മുന്‍പും ജീത്തു അങ്ങനെ പറഞ്ഞിരുന്നില്ലേ. അത് നല്ലതല്ലേ? വന്‍ പ്രതീക്ഷയായിട്ട് അല്ലല്ലോ വരണ്ടത്. ഒരു വെള്ളിയാഴ്ചയാണ് സിനിമയെ നിശ്ചയിക്കുന്നത്. ഏറ്റവും നന്നാവണം എന്ന് ആഗ്രഹിച്ചാണ് നമ്മള്‍ എല്ലാവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.
ഞാന്‍ ഇതില്‍ ചെറിയ ഒരു റോളേ ചെയ്തിട്ടുള്ളൂ. ആശിര്‍വാദിന്റെ വലിയൊരു പടമാണ്. ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമയാണ്. 47 വര്‍ഷമായിട്ട് മലയാളിക്ക് വേണ്ടി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. വീണ്ടും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്. എനിക്ക് തോന്നുന്നത് ദൃശ്യം 3 ന് മാത്രമല്ല, എല്ലാ സിനിമയ്ക്കും സസ്പെന്‍സ് ഉണ്ട്. അത് ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് നന്നായി എന്ന് പറയുക. ആദ്യ ദിനം തന്നെ തീരുമാനിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ദൃശ്യത്തെ സംബന്ധിച്ച് ആദ്യ രണ്ട് ഭാഗങ്ങള്‍ ഉണ്ടാക്കിയ പ്രതീക്ഷയാണ് മൂന്നിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ഫാനിനെപ്പോലെ അല്ലെങ്കില്‍ ആവേശഭരിതനായ ഒരു പ്രേക്ഷകനെപ്പോലെ ഞാനും കാത്തിരിക്കുന്നു...’’ ശ്രീകാന്ത് മുരളി പറയുന്നു. ചെറിയ റോളാണെങ്കില്‍ കൂടി എക്സൈറ്റിംഗ് ആയിരുന്നു തന്റെ കഥാപാത്രമെന്നും ശ്രീകാന്ത് മുരളി പറയുന്നുണ്ട്. കൂടുതല്‍ പറയാനാവില്ല, ബാക്കി തിയേറ്ററില്‍ പോയി കാണണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമാണ് ‘ദൃശ്യം 3’.
മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ന്റെ പുതിയ പോസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കുവച്ചിരുന്നു. പുഴയോരത്ത് മുണ്ടും ഷര്‍ട്ടും ധരിച്ച് കറുത്ത കാറിനോട് ചേര്‍ന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ജോര്‍ജുകുട്ടിയെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ഉത്കണ്ഠയും സമ്മര്‍ദ്ദവുമൊക്കെ ജോര്‍ജുകുട്ടിയുടെ മുഖഭാവത്തില്‍ നിന്ന് കൃത്യമായി അറിയാം.
ആദ്യ ഭാഗത്തിലൂടെ തന്നെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയും രണ്ട് പെണ്‍മക്കളും മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബം പോലെയായി മാറിയിരുന്നു. സ്വന്തം കുടുംബത്തിന്റെ രക്ഷക്കായി ഏതറ്റം വരെയും പോകാനിറങ്ങുന്ന ജോർജുകുട്ടിക്ക് വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നിരുന്നത്. ജോർജുകുട്ടിയേയും കുടുംബത്തേയും പ്രേക്ഷകർ ഏറ്റെടുത്തത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യത കൊണ്ട് തന്നെയാണ്. ഏപ്രിൽ രണ്ടിന് ദൃശ്യം 3 എത്തുന്നതുവരെ പ്രേക്ഷകന്റെ നെഞ്ചിടിപ്പും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.