-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ക്ലിഫ്ഹൗസിന് മുന്നില്‍ അയ്യപ്പജ്യോതി പരിപാടി സംഘടിപ്പിച്ച് ബിജെപി. ശബരിമല കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും ജനങ്ങളെ വിഡ്ഢികളാക്കാന്‍ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട് ആറുമാസം ആയിട്ടും പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ആയിട്ടില്ലെന്നും രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു. നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയുടെ പേരില്‍ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോണ്‍ഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊള്ളയിലെ അന്വേഷണം സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നും സിബിഐ അന്വേഷിച്ചാല്‍ മാത്രമേ കുറ്റക്കാര്‍ പിടിയിലാവൂ എന്നും മറ്റൊരു ബിജെപി നേതാവ് വി.മുരളീധരന്‍ വ്യക്തമാക്കി. കടകംപള്ളി സുരേന്ദ്രനും വി.എന്‍. വാസവനും അടക്കമുള്ളവരുടെ പങ്ക് പുറത്തു വരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും.
കടകംപള്ളി സുരേന്ദ്രനേയും അടൂര്‍ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്ഐടി, വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരന്‍ പറഞ്ഞു. എസ്‌ഐടിയെ നിയന്ത്രിക്കുന്നത് ആരാണ്. ജാമ്യം ലഭിച്ച ശേഷവും സിപിഎം നേതാക്കള്‍ തന്ത്രിയെ ലക്ഷ്യം വെയ്ക്കുന്നു. തന്ത്രി പെരുംകള്ളന്‍ ആണെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കടകംപള്ളിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ഹിന്ദു പുരോഹിതന്‍ ആയത് കൊണ്ടല്ലേ നിയമസഭയില്‍ അടക്കം തന്ത്രിയെ അപമാനിക്കുന്നതെന്നും ചോദിച്ചു.