-->
കോഴിക്കോട്: ഒമാനില്‍ വാഹനാപകടത്തില്‍ ബേപ്പൂര്‍ സ്വദേശികളായ ബന്ധുക്കള്‍ മരണമടഞ്ഞു. ബേപ്പൂര്‍ സ്വദേശികളായ സജിത് കുമാര്‍ (55), സഹോദര പുത്രന്‍ ആകാശ്‌ജിത്ത് (25) എന്നിവരാണ് മരണപ്പെട്ടത്.
ഒമാനിലെ മാഹൂത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ അല്‍ ഖലൂഫില്‍ രാത്രി സമയത്ത് നടക്കാനിറങ്ങിയ ഇരുവരെയും നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ബേപ്പൂര്‍ കറുവാഞ്ചേരി സവന്ന നിവാസില്‍ വേലായുധന്റെയും ശ്രീമതിയുടെയും മകനാണ് സജിത് കുമാര്‍. ബേപ്പൂര്‍ ബി.സി. റോഡില്‍ സവന്ന നിവാസില്‍ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് ആകാശ്‌ജിത്. സിനാവ് സമദ്‌ഷനിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.