Thursday, March 12, 2026 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM

പറവൂരില്‍ വി.ഡി. സതീശന്‌ ബി.ജെ.പി.വക 'വിസ്‌മയം'; എതിരാളിയാകാന്‍ മുന്‍ നഗരസഭാ ചെയര്‍പഴ്‌സണും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ വനിതാ നേതാവ്‌

പറവൂര്‍ നഗരസഭയില്‍ രണ്ടു ടേം കോണ്‍ഗ്രസിന്റെ ചെയര്‍പഴ്‌സണും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും മഹിള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറിയും എ.ഐ.സി.സി. അംഗവുമായിരുന്നു.
uploads/news/2026/02/827095/Valsala-Prasanna-Kumar.jpg

കൊച്ചി/പറവൂര്‍: സംസ്‌ഥാനത്തെ സ്‌റ്റാര്‍ മണ്ഡലമായ പറവൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്‌ ബി.ജെ.പിയുടെ വക 'വിസ്‌മയം'. പറവൂരില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനെ എതിരിടാന്‍ എന്‍.ഡി.എ. മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ വനിതാ നേതാവ്‌ കൂടിയായ വത്സല പ്രസന്നകുമാറിനെ. വത്സല ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നു.

പറവൂര്‍ നഗരസഭയില്‍ രണ്ടു ടേം കോണ്‍ഗ്രസിന്റെ ചെയര്‍പഴ്‌സണും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും മഹിള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറിയും എ.ഐ.സി.സി. അംഗവുമായിരുന്നു. 2015 ല്‍ മത്സരത്തിനില്ലെന്ന്‌ പറഞ്ഞെങ്കിലും പാര്‍ട്ടി സമ്മര്‍ദത്തെത്തുടര്‍ന്നു മത്സരിച്ചു വിജയിച്ചു. മൂന്നാം തവണയും നഗരസഭ ചെയര്‍പഴ്‌സനാക്കാം എന്ന ധാരണയിലായിരുന്നു മത്സരിപ്പിച്ചതെങ്കിലും ഒടുവില്‍ നേതൃത്വം തഴഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവര്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌.

വത്സല 2000 ല്‍ ആണ്‌ ആദ്യമായി നഗരസഭ ചെയര്‍പഴ്‌സനായത്‌. 2003 ല്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്ന്‌ അവരെ പുറത്താക്കി. 2010 ല്‍ വീണ്ടും നഗരസഭ ചെയര്‍പഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ 2015 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കൗണ്‍സിലറായി.

പറവൂര്‍ സീറ്റില്‍ എന്‍.ഡി.എ. മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്‌. ആണ്‌ മത്സരിച്ചിരുന്നത്‌. ഇക്കുറി ആ സീറ്റിലേക്ക്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ നിര്‍ത്തും. 2016 ല്‍ ബി.ഡി.ജെ.എസിന്‌ 23000 ല്‍പരം വോട്ടുകള്‍ ലഭിച്ച്‌ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, 2021 ലേക്ക്‌ എത്തിയപ്പോള്‍ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ 13000ന് അടുത്തേക്ക്‌ ചുരുങ്ങി. അതേസമയം വി.ഡി. സതീശന്‌ ഭൂരിപക്ഷം കൂടുകയും ചെയ്‌തു. പറവൂരില്‍ ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫിലേക്ക്‌ പോകുകയായിരുന്നു. സതീശന്റെ ഭൂരിപക്ഷവും വര്‍ധിച്ചു.

വത്സലയുടെ പേര്‌ ബി.ജെ.പി. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബി.ജെ.പി. ബി.ഡി.ജെ.എസ്‌. വോട്ടുകള്‍ യു.ഡി.എഫിലേക്ക്‌ ഒഴുകുന്നത്‌ ഇക്കുറി തടയാനും കോണ്‍ഗ്രസിലെ സതീശന്‍ വിരുദ്ധരുടെ വോട്ടു കൂടി നേടുകയുമാണ്‌ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്‌.
വി.ഡി. സതീശന്‍ പറവൂരില്‍ മത്സരിക്കാനെത്തുന്നതിന്‌ മുന്‍പ്‌ തന്നെ രാഷ്‌ട്രീയ രംഗത്ത്‌ സജീവമായിരുന്നു വത്സല.
പറവൂരിലെ പ്രമുഖനായ ജനറല്‍ ഫിസിഷ്യനും കാര്‍ഡിയോളജിസ്‌റ്റുമായ ഡോ. പ്രസന്നകുമാറിന്റെ സഹധര്‍മ്മിണിയാണ്‌. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വത്സലയുടെ സ്‌ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായെങ്കിലും വി.ഡി. സതീശനു തന്നെയാണ്‌ മത്സരത്തിന്‌ നറുക്ക്‌ വീണത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ മാറി നിന്ന്‌ വത്സല പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന്‌ ഇവര്‍ക്കെതിരേ സംഘടന നടപടി ആലോചിച്ചെങ്കിലും എ ഗ്രൂപ്പിന്റെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഉപേക്ഷിച്ചു. വത്സലക്കൊപ്പം കൗണ്‍സിലറായിരുന്ന എസ്‌.സി. വിഭാഗത്തില്‍ നിന്നുള്ള സോമന്‍ മാധവനും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
സീറ്റ്‌ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച്‌ ആദ്യം എന്‍.ഡി.എയുടെ സ്‌ഥാനാര്‍ഥികളാരെന്ന്‌ പുറത്തുവരും. ഇടതു മുന്നണിയില്‍ സി.പി.ഐയ്‌ക്കാണ്‌ സീറ്റ്‌. എന്നാല്‍, എന്നാല്‍, സ്‌ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. കടുത്ത മത്സരമൊരുക്കിക്കൊണ്ട്‌ സതീശന്‌ വെല്ലുവിളി ഉയര്‍ത്തി അദ്ദേഹത്തെ മണ്ഡലത്തില്‍ തളച്ചിടാനാകും സി.പി.ഐയും ശ്രമിക്കുക.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM
Ads by Google
LATEST NEWS
TRENDING NOW