-->
അപകടാവസ്‌ഥയിലാണെന്ന് അറിഞ്ഞിട്ടും കെട്ടിടം പൊളിച്ചുനീക്കുന്നതില്‍ വരുത്തിയ അനാസ്‌ഥയാണ് കോഴിക്കോട് വലിയങ്ങാടിയില്‍ നാലു പേരുടെ ജീവനെടുത്തത്. കെട്ടിടത്തിന്റെ ശോച്യാവസ്‌ഥ രണ്ടു വര്‍ഷം മുമ്പേ കണ്ടെത്തിയിരുന്നു. എന്നിട്ടും പൊളിച്ചുനീക്കുന്നതില്‍ കോര്‍പ്പറേഷന്‍ വരുത്തിയ വീഴ്‌ച ദുരന്തത്തിനു കാരണമായി. സംസ്‌ഥാനത്ത് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേ ശക്‌തമായ നിയമ നടപടികള്‍ ഉണ്ടാകാത്തത് അനാസ്‌ഥ തുടരാന്‍ കാരണമാകുന്നതായി വിലയിരുത്തേണ്ടിവരും.
പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന, കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്‌ഥതയിലുള്ള, എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, കെട്ടിടത്തിന്റെ സണ്‍ഷെയ്‌ഡ് സ്ലാബാണ് തകര്‍ന്നത്. ജോലിക്കുശേഷം കെട്ടിടത്തിനു താഴെ വിശ്രമിക്കുകയായിരുന്ന ചുമട്ടു തൊഴിലാളികളുടെ മേലേക്കാണ് സ്ലാബ് വീണത്. സംഭവത്തില്‍ നാട്ടുകാരുടെയും തൊഴിലാളികളുടെയും പ്രതിഷേധത്തെ ശാന്തമാക്കുന്ന ഇടപെടലുകള്‍ക്ക് അധികാരികള്‍ക്കു കഴിഞ്ഞാല്‍തന്നെയും നഷ്‌ടപ്പെട്ട ജീവനുകള്‍ക്കും പ്രിയപ്പെട്ടവരുടെ കണ്ണീരിനും എന്തു സമാധാനമാണുള്ളത്?
കേരളത്തിന്റെ വാണിജ്യ ചരിത്രത്തില്‍ ഇടമുള്ള വലിയങ്ങാടിയില്‍ പഴക്കമുള്ള ഒട്ടേറെ കെട്ടിടങ്ങളുണ്ട്. പരിശോധനയും ഫിറ്റ്‌നസ് ഉറപ്പാക്കലും ഇനിയെങ്കിലും ഉണ്ടാകട്ടെ. അതിന്റെ പേരില്‍ വ്യാപാരികളെയും തൊഴിലാളികളെയും അനാവശ്യമായി കഷ്‌ടപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ഫലം വിപരീതമാകുകയും ചെയ്യും.
ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അധികാരികളുടെ ഭാഗത്തുണ്ടാകുന്ന ശ്രദ്ധക്കുറവ് എത്രയോ അപകടങ്ങള്‍ സൃഷ്‌ടിച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെമാത്രം രണ്ട് വലിയ അപകടങ്ങള്‍ സംസ്‌ഥാനത്തുണ്ടായിട്ടും അതൊന്നും പാഠമായില്ല. മനുഷ്യജീവനു വിലകല്‍പ്പിക്കുന്ന സമൂഹം സുരക്ഷയ്‌ക്കാകും മുന്‍തൂക്കം നല്‍കുക. ഇക്കാര്യത്തില്‍ സംസ്‌ഥാനത്തുണ്ടാകുന്ന തുടര്‍വീഴ്‌ചകള്‍ വലിയൊരു പോരായ്‌മയാണ്. കഴിഞ്ഞ ജൂണില്‍ തൃശൂര്‍ കൊടകരയില്‍ പഞ്ചായത്ത് ഓഫീസിനു സമീപം പഴയ കെട്ടിടം തകര്‍ന്നു മൂന്ന് അതിഥിത്തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. വെട്ടുകല്ലുകൊണ്ടു നിര്‍മിച്ച, ദശാബ്‌ദങ്ങള്‍ പഴക്കമുള്ള, കെട്ടിടം കനത്ത മഴയില്‍ നിലംപൊത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നവിധം കോട്ടയം മെഡിക്കല്‍ കോളജില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീട്ടമ്മ മരണമടഞ്ഞത്.
കോട്ടയത്തും തൃശൂരും ഇപ്പോള്‍ കോഴിക്കോട്ടും ഉണ്ടായ അപകടങ്ങള്‍ക്ക് പൊതുവായി രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. ഒന്നാമതായി കെട്ടിടങ്ങളുടെ കാലപ്പഴക്കം തന്നെ. രണ്ടാമതായി കെട്ടിടങ്ങള്‍ക്കു കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ വരുത്തുന്ന അനാസ്‌ഥ. പൊതുമുതല്‍ എന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എവിടെയെങ്കിലും വൃത്തിയോടെയും സുരക്ഷിതമായും പരിപാലിക്കുന്നുണ്ടെങ്കില്‍ അതൊരു അത്‌ഭുതക്കാഴ്‌ചയാകും.
സുരക്ഷിതമല്ലെന്നു കണ്ടെത്തുന്ന കെട്ടിടങ്ങള്‍ കൃത്യസമയത്ത് പൊളിച്ചുനീക്കാത്തതാണ് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പഴയ കെട്ടിടങ്ങളുടെയും 'ഫിറ്റ്‌നസ്' പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ബാധ്യസ്‌ഥരാണ്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കെട്ടിട നിര്‍മാണച്ചട്ടവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരാണ്. ഉയരമുള്ള കെട്ടിടങ്ങള്‍ ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ അഗ്നിരക്ഷാ സേനയുടെ പരിശോധനയും അംഗീകാരവും ഉറപ്പായും ഉണ്ടാകണം. കെട്ടിടങ്ങളുടെ വൈദ്യുതി സുരക്ഷാ പരിശോധന നടത്തുന്നത് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റാണ്. കൂടാതെ വ്യവസായശാലകളും ഫാക്‌ടറികളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെയും യന്ത്രസംവിധാനങ്ങളുടെയും സുരക്ഷ പരിശോധിക്കാന്‍ ഫാക്‌ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്‌ഥരും രംഗത്തുണ്ട്. വ്യവസായ സ്‌ഥാപനങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പരിശോധനകള്‍ ഏകീകരിക്കുന്നതിനായി കേരള സെന്‍ട്രലൈസ്‌ഡ് ഇന്‍സ്‌പെക്ഷന്‍ സിസ്‌റ്റം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും നിലവിലുണ്ട്. ഇത്രയേറെ സുരക്ഷാ സംവിധാനമുള്ള സംസ്‌ഥാനത്താണ്, വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ കെട്ടിടം തകര്‍ന്നു മരണപ്പെട്ടത്. സംവിധാനങ്ങളും ഉദ്യോഗസ്‌ഥരും ഉണ്ടായിട്ടു കാര്യമില്ലെന്നും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ ആളുകളുടെ ജീവനാകും അപകടത്തിലാകുകയെന്നും ഇനിയെങ്കിലും ഉള്‍ക്കൊള്ളുക.