-->
ക്രിക്കറ്റ്പ്രേമികള്‍ ആവേശത്തോടെയാണ് 2026 ലെ ട്വന്റി ട്വന്റി ലോകകപ്പ് ഏറ്റെടുക്കുന്നത്. ഓരോ മത്സരവും ക്രിക്കറ്റ് പ്രേമികള്‍ ആഘോഷമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ദയനീയ പരാജയം നേടിയത്. ഈ നിർണായക പോരാട്ടത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. മത്സരത്തിന് മുൻപേ ദക്ഷിണാഫ്രിക്കൻ ടീമിനെ അപമാനിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാർമാരായ സ്റ്റാർ സ്പോർട്സ് ഈ വീഡിയോ പുറത്തിറക്കിയത്.
എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കൻ നടിയും ഇൻഫ്ലുവൻസറുമായ തഞ്ച വൂർ പങ്കുവെച്ച പരിഹാസ വീഡിയോ വൈറലാകുകയാണ്. ഇന്ത്യയുടെ തോൽവിയുടെ സ്‌കോർകാർഡ് സ്‌ക്രീനിൽ കാണിക്കുമ്പോൾ തഞ്ച വൂർ ഒരു കപ്പ് കേക്ക് കഴിക്കുന്നതാണ് വിഡിയോയിലുള്ളത്. കേപ്പ് ടൗൺ ക്രിക്കറ്റ് ക്വീൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘ദക്ഷിണാഫ്രിക്കൻ ആരാധകർ ഇന്ത്യയെ പരിഹസിക്കാൻ തുടങ്ങി. അവർ കപ്പ് കേക്കുകൾ കഴിക്കുകയാണ്, ഒടുവിൽ ടീം ഇന്ത്യ ശ്വാസം മുട്ടിപ്പോയി. സ്റ്റാർ സ്പോർട്സ് നിങ്ങൾ ഇത് അർഹിക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എക്സില്‍ ഈ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ‘സോ സ്വീറ്റ്’ എന്ന പരിഹാസത്തോടെയുള്ള ഈ വീഡിയോ ഇന്ത്യൻ ആരാധകരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഈ പരസ്യത്തിന്റെ പേരിലും വലിയ ചര്‍ച്ചകളും വിമര്‍ശനങ്ങളും നിറയുന്നുണ്ട്.
South African fans started mocking India. They are eating cup-cakes and eventually Team India chocked. Star Sports you deserve this. #INDvsSA pic.twitter.com/3RHgVfzDOj— Richard Kettleborough (@RichKettle07) February 23, 2026
മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ പരസ്യത്തിൽ ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ ആരാധകനെ പരിഹസിക്കുന്നതായിരുന്നു പ്രമേയം. ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ ആരാധകനെ ‘കപ്പ് കേക്ക്’ കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രോളുന്നതാണ് പരസ്യത്തിലുള്ളത്. ഒരു കഫേയിലിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ആരാധകൻ അവിടുത്തെ അവസാനത്തെ ‘കപ്പ് കേക്ക്’ കൈക്കലാക്കുന്നത് പരസ്യത്തില്‍ കാണാം. ഇത് കണ്ട ഇന്ത്യൻ ആരാധകൻ, ഇതുകണ്ട ഇന്ത്യൻ ആരാധകൻ ‘കപ്പ് കേക്ക് താങ്കൾ തന്നെ കഴിച്ചോളൂ, 2024 കപ്പ് ഞങ്ങൾ (ഇന്ത്യൻ ടീം) നേടിയതാണല്ലോ, ഇത്തവണത്തെ സൂപ്പർ 8 മത്സരവും ഞങ്ങൾ ജയിക്കും, നിങ്ങൾ കപ്പ് കേക്ക് കഴിച്ചു ഇവിടെ തന്നെ ഇരിക്കൂ’ എന്നായിരുന്നു പരസ്യത്തിൽ പറയുന്നത്.
ദക്ഷിണാഫ്രിക്കൻ ടീമിനെ അപമാനിക്കുന്ന രീതിയിലുള്ള ഈ പരസ്യത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിന്റെ അന്തിമ ഫലം മറ്റൊന്നായിരുന്നു. കളിക്കളത്തിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ദയനീയമായി പരാജയപ്പെടുത്തി. അതോടെ സ്റ്റാർ സ്പോർട്സ് വെട്ടിലായി. വലിയ തോതിൽ ട്രോളുകൾ ഉയർന്നതോടെ ചാനൽ ഔദ്യോഗിക പേജുകളിൽ നിന്ന് ഈ വീഡിയോ പിൻവലിക്കേണ്ടി വന്നിരുന്നു.