-->
തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പായി രാഷ്‌ട്രീയകക്ഷികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലെ തിരിച്ചടികള്‍ സുപ്രീം കോടതി തുറന്നുകാട്ടിയിരിക്കുന്നു. തമിഴ്‌നാട്ടിലെ സൗജന്യ വൈദ്യുതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കെയാണു പ്രീണന രാഷ്‌ട്രീയത്തിനെതിരേ കോടതിയുടെ ശക്‌തമായ വിമര്‍ശനമുണ്ടായത്. സാമ്പത്തിക സ്‌ഥിതി നോക്കാതെ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി നല്‍കാനുള്ള ഡി.എം.കെ. സര്‍ക്കാരിന്റെ നീക്കമാണു കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്.
വരുമാനക്കമ്മിയുള്ള സംസ്‌ഥാനങ്ങള്‍പോലും വികസനപദ്ധതികള്‍ക്കു പണം ചെലവഴിക്കുന്നതിനുപകരം വാരിക്കോരി 'സൗജന്യങ്ങള്‍' നല്‍കുന്നതു സാമ്പത്തിക വികസനത്തെ ബാധിക്കുമെന്ന ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം രാജ്യശ്രദ്ധ നേടുന്നതായി. അര്‍ഹരായ പാവപ്പെട്ടവര്‍ക്കു സഹായം നല്‍കുന്നതു മനസിലാക്കാമെന്നും എന്നാല്‍, സാമ്പത്തിക ശേഷിയുള്ളവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
തമിഴ്‌നാട് പവര്‍ ഡിസ്‌ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങള്‍. തമിഴ്‌നാട്ടില്‍മാത്രമല്ല, ജനങ്ങളെ മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും രാജ്യവ്യാപകമായി വോട്ട് ലക്ഷ്യമിട്ടു രാഷ്‌ട്രീയകക്ഷികള്‍ നടത്തുന്ന സൗജന്യ പ്രഖ്യാപനങ്ങള്‍ക്കെതിരായ താക്കീതായി കോടതി ഇടപെടലിനെ കാണാനാകും. ഇത്തരം സൗജന്യ പദ്ധതികള്‍ നടപ്പിലാക്കാനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്നു വ്യക്‌തമാക്കാന്‍ തമിഴ്‌നാടിനോടു കോടതി ആവശ്യപ്പെടുകയുണ്ടായി. സംസ്‌ഥാനത്ത് വൈദ്യുതി മേഖലയില്‍ ഏകദേശം 50,000 കോടിയുടെ വിടവുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അര്‍ഹതപ്പെട്ടവര്‍ക്കുമാത്രം സൗജന്യം എന്ന നയമാണു വേണ്ടത്. നാടിന്റെ വികസനത്തെ തടസപ്പെടുത്തുന്ന തരത്തിലാകരുതു സൗജന്യങ്ങള്‍ പ്രഖ്യാപിക്കേണ്ടതെന്നും കോടതി പറഞ്ഞു.
നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെയുള്ള പ്രഖ്യാപനങ്ങള്‍ കേരളം അടക്കമുള്ള സംസ്‌ഥാനങ്ങള്‍ നിരന്തരം ചര്‍ച്ചചെയ്യുന്ന വിഷയമാണ്. ബജറ്റ് കമ്മി, വികസനത്തിനു നയാ പൈസയും ഇല്ലാത്ത സ്‌ഥിതി എന്നിവ നിലനില്‍ക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ക്കു യാതൊരു കുറവും ഉണ്ടാകാറില്ല. സൗജന്യങ്ങള്‍ക്കായി വലിയ തുക വേണ്ടിവരുമ്പോള്‍ സംസ്‌ഥാനങ്ങളുടെ കടബാധ്യതയേറും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ നാടിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തെയടക്കം പ്രതികൂലമായി ബാധിക്കും. വികസന പദ്ധതികളൊന്നും നടപ്പിലാക്കാന്‍ കഴിയാതെയും വരും. സര്‍ക്കാരുകളുടെ അവസാനകാലത്തു നടത്തുന്ന ശമ്പളവര്‍ധന അടക്കമുള്ള കാര്യങ്ങളുടെ ഭാരം വഹിക്കേണ്ടിവരുക അടുത്ത സര്‍ക്കാരും നാട് ഒന്നാകെയുമാണ്.
ഇത്തരത്തില്‍ നാടിന്റെ നടുവൊടിച്ചു വോട്ട് ലക്ഷ്യമിട്ടുള്ള പ്രീണനത്തിനെതിരേ ചര്‍ച്ചയും കാഴ്‌ചപ്പാടും രാജ്യത്തു സൃഷ്‌ടിക്കാന്‍ കോടതി നിരീക്ഷണം കാരണമാകട്ടെ. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറച്ചുവച്ചു രാഷ്‌ട്രീയകക്ഷികളും സര്‍ക്കാരും നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്കു പിന്നിലെ അപകടങ്ങള്‍ മനസിലാക്കാന്‍ ജനങ്ങള്‍ക്കു കഴിയണം.
സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍ തുടങ്ങിയവയുടെ വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് വളര്‍ത്തിയെടുക്കുന്നതെന്ന ചീഫ് ജസ്‌റ്റിസിന്റെ ചോദ്യം ഏറെ പ്രസക്‌തമാണ്. ഈയൊരു സംസ്‌കാരം നിലനിര്‍ത്താനും വളര്‍ത്തിയെടുക്കാനും രാഷ്‌ട്രീയകക്ഷികള്‍ ഇനിയും മുന്നിലുണ്ടാകുമെങ്കിലും ജനങ്ങളുടെ പ്രതികരണത്തെ അടിസ്‌ഥാനമാക്കിയാകും ഭാവി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നതു വെറും പ്രീണന രാഷ്‌ട്രീയമാണെന്നു മനസിലാക്കി അതില്‍ വീഴില്ലെന്നു ബോധ്യപ്പെടുത്തേണ്ടതും ജനങ്ങളാണ്. രാഷ്‌ട്രീയകക്ഷികള്‍ നീട്ടുന്ന സൗജന്യങ്ങളില്‍ വീഴുന്നവരായി ജനങ്ങള്‍ മാറുന്ന സാഹചര്യമുണ്ടായാല്‍ ആത്യന്തികമായി നാടിനും ജനങ്ങള്‍ക്കും വലിയ നഷ്‌ടമാകും ഉണ്ടാകുക. അതിനെതിരേയുള്ള ശക്‌തമായ മുന്നറിയിപ്പാണു കോടതി നല്‍കിയത്.